ഓണ ചമയത്തിന് ചെണ്ടുമല്ലി ചന്തമൊരുക്കി വാണിയംകുളം പഞ്ചായത്ത്. ചെണ്ടുമല്ലി വിളവെടുപ്പ് വാണിയംകുളം പഞ്ചായത്ത് പ്രസിഡന്റ് കെ. ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു. വാണിയംകുളം പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ ജനകീയ ആസൂത്രണ പദ്ധതി പ്രകാരം വനിതാ കര്‍ഷകരുടെ നേതൃത്വത്തില്‍ വിവിധയിടങ്ങളിലായുള്ള 50 സെന്റ് സ്ഥലത്താണ് പൂകൃഷി നടത്തിയത്. മേഴ്‌സി ജോര്‍ജ് എന്ന കര്‍ഷകയുടെ സ്ഥലത്താണ് ഉദ്ഘാടനം നടന്നത്.
ഓണവിപണി ലക്ഷ്യമിട്ട് രണ്ടു മാസം മുന്‍പേ 6300 ചെണ്ടുമല്ലി തൈകള്‍ വാണിയംകുളം പഞ്ചായത്ത് വിതരണം ചെയ്തിരുന്നു.18 കുടുംബശ്രീ വനിത ഗ്രൂപ്പുകള്‍ വ്യത്യസ്ത പ്രദേശങ്ങളിലാണ് ചെണ്ടുമല്ലി കൃഷി ചെയ്തത്. അവര്‍ക്കായി പൂകൃഷിയില്‍ പരിശീലനവും പഞ്ചായത്ത് സംഘടിപ്പിച്ചിരുന്നു. വാണിയംകുളത്തെ എക്കോ ഷോപ്പിലാണ് പൂക്കളുടെ വില്‍പ്പന നടത്തുന്നത്. കിലോയ്ക്ക് 70 രൂപയാണ് വിപണി വില. ഓണവിപണി ലക്ഷ്യം വെച്ച് ആദ്യമായാണ് പഞ്ചായത്തില്‍ ചെണ്ടുമല്ലി പൂകൃഷി ചെയ്യുന്നത്. വിളവെടുപ്പ് ഉദ്ഘാടന പരിപാടിയില്‍ വൈസ് പ്രസിഡന്റ് പി. ശ്രീലത അധ്യക്ഷയായി. കൃഷി ഓഫീസര്‍ പി.എച്ച്. ജാസ്മിന്‍, പഞ്ചായത്തംഗം വി.പി. ജയപ്രകാശന്‍, എ.സി. സുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.