ഗോത്ര ഭാഷാ അസംബ്ലി സംഘടിപ്പിച്ചു

Share this News

ഗോത്രസംസ്‌ക്കാരത്തെ അടുത്തറിയാന്‍ അട്ടപ്പാടിയിലെ മുക്കാലി എം.ആര്‍.എസില്‍ ആരംഭിച്ച ‘തവിലോസെ’ (അട്ടപ്പാടിയിലെ ഇരുള വിഭാഗത്തിന്റെ വാദ്യോപകരണത്തിന്റെ ശബ്ദം) പദ്ധതിയുടെ ഭാഗമായി എം.ആര്‍.എസില്‍ ഗോത്രഭാഷാ അസംബ്ലി സംഘടിപ്പിച്ചു. ഇരുള ഭാഷയില്‍ സംഘടിപ്പിച്ച അസംബ്ലിയില്‍ വിദ്യാര്‍ത്ഥികള്‍ പ്രാര്‍ത്ഥന, വാര്‍ത്താവതരണം, ചിന്താവിഷയം, ലഘു പ്രഭാഷണം, അധ്യാപക അറിയിപ്പ് എന്നിവ ഗോത്രഭാഷയില്‍ അവതരിപ്പിച്ചു. 475-ഓളം വിദ്യാര്‍ത്ഥികള്‍ അസംബ്ലിയില്‍ പങ്കെടുത്തു.
വിദ്യാര്‍ത്ഥികള്‍ ഗോത്ര സംസ്‌ക്കാരത്തെ കൂടുതല്‍ അടുത്ത് അറിയുന്നതോടൊപ്പം തനത് കലാരൂപം, കൃഷി, ഭക്ഷണരീതി, പാരമ്പര്യ ചികിത്സ തുടങ്ങിയവയില്‍ പഠനം നടത്തി ഗോത്ര സംസ്‌ക്കാരത്തെ മനസ്സിലാക്കുന്നതിനും പുറംലോകത്തെ അറിയിക്കുന്നതിനുമായാണ് തവിലോസെ പദ്ധതി നടപ്പാക്കുന്നത്. തദ്ദേശീയ ജനതയുടെ അന്തര്‍ദേശീയ ദിനാചരണത്തോടനുബന്ധിച്ച് ഓഗസ്റ്റ് ഒമ്പതിന് എം.ആര്‍.എസില്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷിയാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. പദ്ധതിയുടെ ഭാഗമായി 2022 സെപ്റ്റംബര്‍ മുതല്‍ 2023 ഫെബ്രുവരി വരെ കലണ്ടര്‍ തയ്യാറാക്കി ഓരോ മാസവും ഓരോ പ്രവര്‍ത്തനങ്ങളാണ് സ്‌കൂളില്‍ നടപ്പാക്കുന്നത്. പ്രധാന അധ്യാപകന്‍ സന്തോഷ്, അധ്യാപകരായ ജ്യോതി, അജേഷ്, സുബിന്‍, സുജാത, അനുപ്രിയ, പ്രിയ, സുധ എന്നിവര്‍ അസംബ്ലിക്ക് നേതൃത്വം നല്‍കി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/FS87xJx1QXmAzTHWM1ufMO


Share this News
error: Content is protected !!