
ലഹരി വിമുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി ജില്ലയില്‍ എക്‌സൈസ് വകുപ്പ് നടത്തുന്ന പരിശോധനയില്‍ ഈ മാസം ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 93 അബ്കാരി കേസുകള്‍. ഇതില്‍ 351.550 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം, 27.7 ലിറ്റര്‍ ചാരായം, അന്യസംസ്ഥാനങ്ങളില്‍ നിന്നും കടത്തിയ 73.36 ലിറ്റര്‍ വിദേശ മദ്യം, 3302 ലിറ്റര്‍ വാഷ്, 25 ലിറ്റര്‍ സ്‌പെന്റ് വാഷ്, 3544 ലിറ്റര്‍ സ്പിരിറ്റ് എന്നിവ പിടിച്ചെടുത്തു. 22 എന്‍.ഡി.പി.എസ് കേസുകളും രജിസ്റ്റര്‍ ചെയ്തു. 14.62 കിലോഗ്രാം കഞ്ചാവ്, 119.18 ഗ്രാം മെത്താംഫെറ്റാമെന്‍, 2.5 ഗ്രാം ഹാഷിഷ് ഓയില്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്‍പന നടത്തിയതിന് 270 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 91.855 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. കൂടാതെ പരിശോധനയില്‍ ആറ് വാഹനങ്ങളും പിടികൂടിയിട്ടുണ്ട്.
അതിര്‍ത്തികളില്‍ പരിശോധന സജീവം
ജില്ലയില്‍ വാളയാര്‍ മുതല്‍ ചെമ്മണാമ്പതി വരെ 45 കിലോമീറ്റര്‍ അതിര്‍ത്തി പരിധികളില്‍ ഊടുവഴികള്‍ കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ബോര്‍ഡര്‍ പട്രോളിങ് യൂണിറ്റ് സജീവമായ പരിശോധനകള്‍ നടത്തി വരുന്നുണ്ട്. കൂടാതെ ചെറുവാഹനങ്ങള്‍ പരിശോധിക്കുന്നതിന് വാളയാര്‍ മുതല്‍ വടക്കഞ്ചേരി വരെ ഹൈവേ പട്രോളിങ് യൂണിറ്റ്, എക്‌സെസ് ഡിവിഷന്‍ ഓഫീസ് കണ്‍ട്രോള്‍ റൂം, അഞ്ച് താലൂക്കുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌ട്രൈക്കിങ് ഫോഴ്‌സ് എന്നിവയും പ്രവര്‍ത്തിച്ചു വരുന്നു. ജില്ലയിലെ 13 റെയ്ഞ്ച്, അഞ്ച് സര്‍ക്കിള്‍, ഒമ്പത് ചെക്ക് പോസ്റ്റ്, ഒരു സ്‌ക്വാഡ്, ഒരു ജനമൈത്രി എന്നിവ കൂടാതെയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
വിമുക്തിയുടെ ഭാഗമായി സ്‌കൂള്‍, കോളെജുകള്‍, മെഡിക്കല്‍ കോളെജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ പരിപാടികളും എക്‌സൈസ് വകുപ്പിന്റെ അഭിമുഖത്തില്‍ നടത്തുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുള്ള കടകള്‍, പെട്ടിക്കടകള്‍ എന്നിവയില്‍ ലഹരിവസ്തുക്കള്‍ വില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് പ്രത്യേക പരിശോധനയും നടത്തി. വിമുക്തിയുടെ ഭാഗമായി വാര്‍ഡ്, നഗരസഭ, നിയോജകമണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് കമ്മ്യൂണിറ്റികള്‍, ജനജാഗ്രതാ സമിതികള്‍ എന്നിവയും രൂപീകരിച്ചു. നവംബര്‍ ഒന്ന് വരെ നീണ്ടുനില്‍ക്കുന്ന പ്രചാരണ പരിപാടികളുടെ ഭാഗമായി വിമുക്തി പ്രവര്‍ത്തനങ്ങളുടെ ചാര്‍ട്ട് പ്രകാരമുള്ള ദൈനംദിന പരിപാടികള്‍ ജില്ലയില്‍ നടന്നു വരികയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് സംവാദങ്ങള്‍, പ്രത്യേക പി.ടി.എ മീറ്റിങ് എന്നിവയും എക്‌സൈസ് വകുപ്പ് നടത്തി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/KaxkVnGzO807JiH65XjrDq
