ജനകീയം 2022 സംസ്ഥാനതല ക്വിസ് മത്സരം ;പാലക്കാട് ജില്ലക്ക് ഒന്നാം സ്ഥാനം

Share this News

ജനകീയം 2022 സംസ്ഥാനതല ക്വിസ് മത്സരം; പാലക്കാട് ജില്ലക്ക് ഒന്നാം സ്ഥാനം

തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാന്‍ പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്ത് പ്രദേശത്തുള്ള ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ‘ജനകീയം 2022’ സംസ്ഥാനതല ക്വിസ് മത്സരത്തില്‍ പാലക്കാട് ജില്ലയ്ക്ക് ഒന്നാം സ്ഥാനം. 170 മാര്‍ക്ക് നേടി ഷൊര്‍ണൂര്‍ എസ്.എന്‍. ട്രസ്റ്റ് എച്ച്.എസ്.എസിലെ മിഥുന്‍ പ്രകാശ്, ഒ.എച്ച് സെഹ്വ എന്നിവരടങ്ങിയ ടീമാണ് ഒന്നാം സ്ഥാനം നേടിയത്. 145 മാര്‍ക്ക് നേടി കാസര്‍ഗോഡ് ജില്ലയിലെ നവ്ജീവന്‍ എച്ച്.എസ്.എസിലെ പി.വി. ആര്യ, കെ.കെ. ദേവിക മോഹന്‍ എന്നിവരടങ്ങിയ ടീം രണ്ടാം സ്ഥാനം നേടി. 140 പോയിന്റ് നേടി കൊല്ലം ജില്ലയിലെ അയ്യന്‍ കോയിക്കല്‍ ജി.വി.എച്ച്.എസ്.എസിലെ ആത്മജ പ്രകാശ്, സല്‍മ നൗഷാദ് എന്നിവര്‍ മൂന്നാം സ്ഥാനം നേടി. വിജയികള്‍ക്ക് യഥാക്രമം 15,000, 10,000, 5000 രൂപ വീതം ക്യാഷ് അവാര്‍ഡും ട്രോഫിയും സര്‍ട്ടിഫിക്കറ്റുമാണ് സമ്മാനം.


ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന മത്സരത്തില്‍ തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു. ജനകീയ ആസൂത്രണത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളില്‍ പ്രധാനപ്പെട്ടതാണ് സ്ത്രീശാക്തീകരണമെന്നും അതിന്റെ ഭാഗമായാണ് തദ്ദേശ സ്ഥാപനങ്ങളില്‍ 50 ശതമാനം സ്ത്രീസംവരണം നടപ്പാക്കിയത്. സ്ത്രീ ശാക്തീകരണത്തില്‍ കുടുംബശ്രീ നിര്‍ണായക പങ്കുവഹിച്ചതായും പെണ്‍കുട്ടികളുടെ ക്വിസിലുള്ള പങ്കാളിത്തം ആവേശകരമാണെന്നും മന്ത്രി പറഞ്ഞു.


ത്രിതല പഞ്ചായത്ത് സംവിധാനം, ഭരണഘടന, ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം, രാഷ്ട്രീയം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളെ അധികരിച്ചാണ് ക്വിസ് നടന്നത്. 14 ജില്ലകളില്‍ നിന്നായി രണ്ട് പേരടങ്ങുന്ന 14 ടീമാണ് ആദ്യഘട്ട മത്സരത്തില്‍ പങ്കെടുത്തത്. പ്രിലിമിനറി റൗണ്ടില്‍ നിന്നും തിരഞ്ഞെടുത്ത ആറ് ടീം ഫൈനല്‍ റൗണ്ടില്‍ മത്സരിച്ചു. മത്സരത്തില്‍ പങ്കെടുത്ത എല്ലാ ടീമിനും ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കി. കൂടാതെ ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി സംഘടിപ്പിച്ച ‘ജനകീയം’ ക്വിസ് മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും പരിപാടിയില്‍ നടന്നു.


24 ന്യൂസ് മുന്‍ അസോസിയേറ്റ് എക്‌സിക്യൂട്ടീവ് എഡിറ്ററും കേരള യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. അരുണ്‍ കുമാര്‍ ക്വിസ് മത്സരം നയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പിള്‍ ഡയറക്ടര്‍ എം.ജി. രാജമാണിക്യം, തദ്ദേശസ്വയംഭരണ വകുപ്പ് ഡയക്ടര്‍ എസ്. ദിനേശ്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എസ്. ജോത്സ്യന മോള്‍, തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ എം.പി അജിത്ത്കുമാര്‍, പഞ്ചായത്ത് വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ജി. ശ്രീകുമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക👇

https://chat.whatsapp.com/DdxmAn4yc2i8RPH7WtEJFN


Share this News
error: Content is protected !!