നവംബര്‍ ഏഴ് മുതല്‍ 17 വരെ നടക്കുന്ന കല്‍പ്പാത്തി രഥോത്സവ ആഘോഷവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു

Share this News

നവംബര്‍ ഏഴ് മുതല്‍ 17 വരെ നടക്കുന്ന കല്‍പ്പാത്തി രഥോത്സവ ആഘോഷവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അവലോകന യോഗം ചേര്‍ന്നു. രഥോത്സവം നടക്കുന്ന കല്‍പ്പാത്തി മുതല്‍ ഒലവക്കോട് വരെയുള്ള റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കണമെന്ന് പൊതുമരാമത്ത് വകുപ്പിന് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. ഗവ. വിക്‌ടോറിയ കോളെജിന് സമീപത്തെ പൊളിഞ്ഞ റോഡ് രണ്ട് ദിവസത്തിനകം അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു. നഗരസഭയുടെ നേതൃത്വത്തില്‍ രഥോത്സവം നടക്കുന്ന പ്രദേശങ്ങളില്‍ വൃത്തി ഉറപ്പാക്കണം. കച്ചവടക്കാരുടെ ജീവിതോപാധിയെ ബാധിക്കാത്ത രീതിയില്‍ സജ്ജീകരണങ്ങള്‍ ഒരുക്കണം.

പ്ലാസ്റ്റിക് മാലിന്യം നിയന്ത്രിക്കുന്നതിന് വേണ്ട സംവിധാനങ്ങളും നഗരസഭയുടെ നേതൃത്വത്തില്‍ ഉറപ്പാക്കണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.പോലീസ് സുരക്ഷ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടിന്റെ ചേംബറില്‍ അടുത്ത ആഴ്ച സംഘാടകരുമായി യോഗം ചേരുമെന്ന് ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ് പറഞ്ഞു. സുരക്ഷയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് എ.എസ്.പി ഷാഹുല്‍ ഹമീദ് നേതൃത്വം നല്‍കും. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ രഥോത്സവത്തിന് എത്തുന്നവരുടെ എണ്ണം കൂടാനുള്ള സാധ്യത കണക്കിലെടുത്ത് തിരക്ക് നിയന്ത്രിക്കുന്നതിനും പാര്‍ക്കിങ് പ്രശ്‌നം പരിഹരിക്കുന്നതിനും സംഘാടകരുടെ നേതൃത്വത്തിലുള്ള വളണ്ടിയര്‍മാരുടെ സേവനം ആവശ്യമാണെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. പിടിച്ചുപറിക്കല്‍, മോഷണം തുടങ്ങിയവ ഒഴിവാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കും.

കണ്‍ട്രോള്‍ റൂം തുറക്കും. ടോള്‍ഫ്രീ നമ്പര്‍ സേവനം ഉറപ്പാക്കും.
വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ കുടിവെള്ള ലഭ്യത ഉറപ്പാക്കണം. റോഡിന് കുറുകെ അപകടകരമായ കമ്പികള്‍, വയറുകള്‍ ഉണ്ടെങ്കില്‍ സംഗീതോത്സവത്തിന് മുമ്പ് വൈദ്യുതി തടസ്സമില്ലാത്ത രീതിയില്‍ നീക്കണമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ മെഡിക്കല്‍ സേവനം ഉറപ്പാക്കണം. പോലീസ്, അഗ്നിരക്ഷാ സേന സേവനം സജ്ജമാക്കണം.

രഥോത്സവത്തിന് മുമ്പും ശേഷവും നഗരസഭ, ശുചിത്വമിഷന്‍, ഹരിതകര്‍മ്മ സേന, ക്ലീന്‍ കേരള എന്നിവരുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കണം. രഥോത്സവം നടക്കുന്ന പ്രദേശങ്ങളിലെ റോഡരികുകളിലെ അപകടകരമായ മരങ്ങളുടെ ചില്ലകള്‍ അടിയന്തരമായി മുറിച്ചു മാറ്റാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. താത്ക്കാലിക വൈദ്യുത അലങ്കാരങ്ങള്‍ ഷോക്ക് ഇല്ലാത്ത രീതിയില്‍ ഉറപ്പാക്കുന്നതിന് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിനും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.യോഗത്തില്‍ എ.ഡി.എം കെ. മണികണ്ഠന്‍, ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ്, എ.എസ്.പി ഷാഹുല്‍ ഹമീദ്, ആര്‍.ഡി.ഒ ഡി. അമൃതവല്ലി, അസിസ്റ്റന്റ് കലക്ടര്‍ ഡി. രഞ്ജിത്ത്, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍, സംഘാടകസമിതി അംഗങ്ങള്‍ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/DdxmAn4yc2i8RPH7WtEJFN


Share this News
error: Content is protected !!