പാലക്കാട് കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കോംപ്ലക്സ് ജില്ലയുടെ ആവശ്യം; മന്ത്രി ആന്റണി രാജു

Share this News

തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന പ്രധാന ജില്ല എന്ന നിലയിൽ പാലക്കാട് കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കോംപ്ലക്സ് ജില്ലയുടെ ആവശ്യമായിരുന്നുവെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു
പാലക്കാട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് ടെർമിനൽ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് പറഞ്ഞു.
പഴയ കെ.എസ്.ആർ.ടി.സിയല്ല ഇപ്പൊഴത്തെ കെ.എസ്.ആർ.ടി.സി.

തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന തിരുവനന്തപുരം പോലെ തന്നെ പ്രധാനപ്പെട്ട ഒരു ജില്ലയാണ് പാലക്കാട്. പ്രതിസന്ധികൾ തരണം ചെയ്ത് അനുമതി ലഭിച്ച് നിർമ്മാണം പൂർത്തിയാക്കാനായത് സംസ്ഥാനത്തിന്റെ തന്നെ തിലകക്കുറിയായി മാറി. സമയബന്ധിതമായി പ്രവർത്തികൾ പൂർത്തിയാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷം വൈകിയ പദ്ധതികൾ പലതും യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കാനായി.
കോട്ടയം, തൊടുപുഴ, പാല ബസ് ടെർമിനലുകൾ ഇത്തരത്തിൽ പൂർത്തിയാക്കിയവയാണ്. മലപ്പുറം, നിലമ്പൂർ ടെർമിനലുകളുടെ നിർമാണം ഉടൻ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
ഇത്തരം നിർമ്മാണ പ്രവർത്തികളിൽ ജനപ്രതിനിധികളും പ്രധാന പങ്കു വഹിക്കുന്നു. പ്രവർത്തികളുടെ കാലതാമസം ഒഴിവാക്കാൻ കെ.എസ്.ആർ.ടി.സി പ്രൊഫഷണൽ ബോർഡ് രൂപീകരിച്ച് നേതൃത്വം നൽകാൻ കഴിഞ്ഞു. അതുകൊണ്ട് സമയബന്ധിതമായി അനുമതികൾ നൽകാൻ കഴിയുന്നതായി മന്ത്രി പറഞ്ഞു. കെ.എസ്.ആർ.ടി.സി കേരളത്തിലെ ജനങ്ങളുടെ വികാരമാണ്. ജനങ്ങൾ തന്നെയാണ് കെ.എസ്.ആർ.ടി.സിയുടെ ഉടമസ്ഥർ. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മികച്ച പൊതു ഗതാഗത സംവിധാനം ഒരുക്കുന്നത് കേരളമാണെന്ന് കേന്ദ്ര സർക്കാർ നൽകിയ രണ്ട് അംഗീകാരങ്ങളിലൂടെ വ്യക്തമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആരംഭിച്ച
ഗ്രാമവണ്ടി പദ്ധതി രാജ്യത്തിനാകെ മാതൃകയാണ്. ജില്ലയിലും പ്രസ്തുത പദ്ധതി തുടങ്ങാനാകും.

തിരുവനന്തപുരത്ത് ആരംഭിച്ച സിറ്റി സർക്കുലർ പദ്ധതിക്ക് സമാനമായി കേരളത്തിലാരംഭിക്കുന്ന ടൗൺ സർക്കുലർ പദ്ധതി പാലക്കാട് നിന്നാരംഭിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. പാലക്കാട് ഡിപ്പോയുമായി ബന്ധപ്പെട്ട വർക്ക്ഷോപ്പ് ആധുനീകരിച്ച് നവീകരിക്കും. നിലച്ചുപോയ അന്തർ സംസ്ഥാന സർവ്വീസുകളും പുതിയ സർവീസുകളും മറ്റു സംസ്ഥാനങ്ങളുമായി ചർച്ച ചെയ്ത് ആരംഭിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

പാലക്കാട് കെ.എസ്.ആര്‍.ടി.സി
ഡിപ്പോയിൽ നടന്ന പരിപാടിയില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷനായി.
ഒരുപാട് തടസങ്ങളും പ്രയാസങ്ങളും കടന്നാണ് ബസ് ഡിപ്പോ നിർമ്മാണം പൂർത്തിയാക്കിയതെന്നും അടിസ്ഥാന സൗകര്യങ്ങളെല്ലാം ഒരുക്കി കൊണ്ടാണ് ഡിപ്പോ തുറന്നു കൊടുക്കുന്നതെന്നും എം.എൽ.എ പറഞ്ഞു.
ഷാഫി പറമ്പില്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള 8.095 കോടി രൂപ ചെലവിലാണ് ടെർമിനൽ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.

ഡിപ്പോയിലെ ഷീസ്പേസിൻ്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി സതീശനും സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ്, റിസര്‍വേഷന്‍ കൗണ്ടര്‍ എന്നിവയുടെ ഉദ്ഘാടനം വി.കെ ശ്രീകണ്ഠന്‍ എം.പിയും നിര്‍വഹിച്ചു. പരിപാടിയില്‍ എം.എല്‍.എമാരായ കെ.ഡി പ്രസേനന്‍, അഡ്വ. കെ. ശാന്തകുമാരി, അഡ്വ. കെ. പ്രേംകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ്, കെ.എസ്.ആര്‍.ടി.സി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ബിജു പ്രഭാകര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

11.4 ലക്ഷം രൂപ ചെലവിൽ ജീവനക്കാർക്ക് വിശ്രമകേന്ദ്രം

11.4 ലക്ഷം രൂപ ചെലവിൽ ജീവനക്കാർക്ക് വിശ്രമകേന്ദ്രം നിർമ്മിക്കുന്നതിന് അനുമതി നൽകിയതായി ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. പാലക്കാട്‌ കെ.എസ്. ആർ.ടി.സി. ബസ് സ്റ്റാൻഡ് ടെർമിനൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അനർട്ട് പദ്ധതിയിലുൾപ്പെടുത്തി പാലക്കാട് സൗരോർജ പദ്ധതി നടപ്പാക്കും.
കെ.എസ്.ആർ.ടി.സി ഡിപ്പോകളിലെ പമ്പുകൾ പൊതുജങ്ങൾക്ക് ഉൾപ്പടെ ഉപയോഗപ്പെടുത്താൻ സൗകര്യമൊരുക്കും. കൂടാതെ റോഡിനോട് ചേർന്ന് ആധുനിക സൗകര്യങ്ങളുള്ള വൈദ്യുത ചാർജിങ് സംവിധാനവുമൊരുക്കും. സംസ്ഥാനത്ത് ഇത്തരത്തിൽ 11 ഇടങ്ങളിൽ ഈ സംവിധാനമാരംഭിച്ചു. ജില്ലയിലും ഇത്തരത്തിൽ പെട്രോൾ, ഡീസൽ ഔട്ട്ലെറ്റിന്റെ നിർമാണ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.കെ.എസ്.ആർ.ടി.സി നിലനിർത്തി കൊണ്ടുപോവാൻ ജനങ്ങൾ പൊതു ഗതാഗത സംവിധാനം ഉപയോഗപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/LTkaLl218wA9S6STSFBv3g


Share this News
error: Content is protected !!