

നെല്ലിയാമ്പതിയിൽ സൗകര്യമൊരുക്കാതെ അധികൃതര്‍
പാവങ്ങളുടെ ഊട്ടിയായ നെല്ലിയാമ്പതിയില്‍ സഞ്ചാരികള്‍ അസൗകര്യങ്ങളില്‍ വലയുന്നു. പോത്തുണ്ടി വനം വകുപ്പ് ചെക്ക് പോസ്റ്റില്‍ നിന്ന് പ്രതിദിനം 2000 ത്തിലധികം സഞ്ചാരികളാണ് 500 ലധികം വാഹനങ്ങളിലായി എത്തുന്നത്. നവംബര്‍ മുതല്‍ ഫെബ്രുവരിവരെയുള്ള വിനോദ സഞ്ചാര സീസണില്‍ ഇതിലും കൂടുതല്‍ പേര്‍ എത്തുന്നുണ്ട്. ഇവര്‍ക്കാവശ്യമായ പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ഇനിയും അധികൃതര്‍ക്കായിട്ടില്ല.നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തിന്റെ പദ്ധതിയിലുള്‍പ്പെടുത്തി പുലയമ്പാറ, കാരപ്പാറ, ബാങ്ക് പാടി, നൂറടി, കേശവന്‍പാറ തുടങ്ങിയ ഭാഗങ്ങളില്‍ പൊതുശൗചാലയം നിര്‍മ്മിച്ചുവെങ്കിലും പുലയമ്പാറയിലേയും, കാരപ്പാറയിലേയും രണ്ടെണ്ണം മാത്രാമാണ് പ്രവര്‍ത്തിക്കുന്നത്. ബാക്കിയുള്ളവ വെള്ളം ഇല്ലാത്തതിനാല്‍ പ്രവര്‍ത്തിക്കാതെ കാടുപിടിച്ചു കിടക്കുന്ന സ്ഥിതിയാണ്.
2018 ല്‍ ഉരുള്‍പൊട്ടലില്‍ തകര്‍ന്ന പോത്തുണ്ടി-കൈകാട്ടി പാത നാലു വര്‍ഷമായിട്ടും അപകടകരമായ തകര്‍ച്ചകള്‍ ഇനിയും നന്നാക്കിയിട്ടില്ല. 72 ഇടങ്ങളിലാണ് മണ്ണിടിഞ്ഞും, ഉരുള്‍പൊട്ടിയും തകര്‍ന്നുപോയത്. പിന്നീട് സംസ്ഥാന സര്‍ക്കാര്‍ റീ ബില്‍ഡ് കേരള പദ്ദതിയിലുള്‍പ്പെടുത്തി 99 കോടി രൂപ ചെലവില്‍ നവീകരിക്കാന്‍ പദ്ധതി തയ്യാറാക്കിയെങ്കിലും ഇനിയും നടപ്പിലായിട്ടില്ല. തകര്‍ന്ന ഭാഗങ്ങളില്‍ പൊതുമരാമത്ത് വകുപ്പ് ചാക്കില്‍ മണ്ണ് നിറച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.നെല്ലിയാമ്പതിയിലെത്തുന്ന സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിച്ചിരുന്ന മാന്‍പാറ, ഹില്‍ടോപ്പ്, കുരിശുപള്ളി തുടങ്ങിയ ഭാഗങ്ങളില്‍ വനം വകുപ്പ് ഇപ്പോള്‍ സന്ദര്‍ശകരെ അനുവദിക്കുന്നില്ല.

ഈ ഭാഗങ്ങളില്‍ വര്‍ഷങ്ങളായി അടച്ചുകിടക്കാന്‍ തുടങ്ങിയതോടെ ഈ പ്രദേശങ്ങള്‍ കാടായി മാറി.നെല്ലിയാമ്പതിയിലെത്തുന്ന സഞ്ചാരികളെ കൂടുതല്‍ ഭാഗങ്ങളിലേക്ക് കൊണ്ടുപോയി കാണിക്കുന്നതിനായി നൂറടി, പുലയമ്പാറ തുടങ്ങിയിടങ്ങളില്‍ 90 ലധികം ജീപ്പുകാരാണുള്ളത്. മിക്ക ഭാഗങ്ങളിലും അടച്ചിട്ടതോടെ ഇവരുടെ വരുമാനവും വഴിമുട്ടിയ സ്ഥിതിയാണ്.
സഞ്ചാരികള്‍ക്ക് നെല്ലിയാമ്പതിയെ കുറിച്ച് വിവരങ്ങള്‍ നല്‍കുന്നതിനായി കൈകാട്ടിയില്‍ ആരംഭിച്ച ഇന്‍ഫര്‍മേഷന്‍ സെന്റര്‍ 10 വര്‍ഷമായി അടഞ്ഞുകിടക്കുകയാണ്. ഇതുമൂലം സഞ്ചാരികള്‍ സ്വന്തം വഴി തേടേണ്ട സ്ഥിതിയായി.വനം വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നാംപാറയിലും, കേശവന്‍പാറയിലും ഇക്കോടൂറിസം പദ്ധതി നടപ്പിലാക്കി സഞ്ചാരികളില്‍ നിന്ന് പ്രവേശന ഫീസ് വാങ്ങി കടത്തിവിടുന്നുണ്ടെങ്കിലും ഇപ്പോഴും ഈ ഭാഗങ്ങളില്‍ സഞ്ചാരികള്‍ക്ക് വിശ്രമിക്കാനോ, പ്രാഥമിക കാര്യങ്ങള്‍ നടത്തുന്നതിനോ ഇനിയും സൗകര്യമൊരുക്കിയിട്ടില്ല.നെല്ലിയാമ്പതിയിലെ ടൂറിസം വികസനത്തിനായി പ്രഖ്യാപിച്ച 50 കോടി രൂപയുടെ സമഗ്ര ടൂറിസം പദ്ധതി ഉദ്ഘാടനം കഴിഞ്ഞ് 2 വര്‍ഷമായെങ്കിലും വനം വകുപ്പിന്റെ അംഗീകാരം ലഭിക്കാതെ വന്നതോടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയാത്ത സ്ഥിതിയാണ്. നെല്ലിയാമ്പതിയിലുള്ള വലുതും ചെറുതുമായ 28 റിസോര്‍ട്ടുകളിലായി 800 ല്‍ ത്താഴെ ആളുകള്‍ക്ക് മാത്രമാണ് താമസിക്കാന്‍ കഴിയുകയുള്ളൂ. എന്നാല്‍ 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 100 പേര്‍ക്ക് താമസിക്കാന്‍ കഴിയുന്ന രീതിയില്‍ നെല്ലിയാമ്പതിയില്‍ ഡോര്‍മെട്രി നിര്‍മ്മിച്ചുവെങ്കിലും ഇപ്പോഴും അത് അടഞ്ഞുകിടക്കുകയാണ്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക
https://chat.whatsapp.com/FqGhRZHxv32A920Ib3gI04
