കുതിരാൻ തുരങ്കപരിശോധന എന്നുതീരുമെന്ന്‌ അറിയിക്കണം -ഹൈക്കോടതി

Share this News

മണ്ണുത്തി – വടക്കൻഞ്ചേരി NH 544 ൽ കുതിരാനിൽ ഒരു തുരങ്കത്തിൽ നടക്കുന്ന വിദഗ്ധപരിശോധനയുടെ സ്വഭാവം, അത്‌ എന്നേക്ക്‌ പൂർത്തിയാകും എന്നീ കാര്യങ്ങൾ ദേശീയപാതാ അതോറിറ്റി അറിയിക്കണമെന്ന്‌ ഹൈക്കോടതി.

തൃശ്ശൂരിൽനിന്നുപോകുമ്പോൾ വലതുവശത്തുള്ള തുരങ്കത്തിലാണ്‌ വിദഗ്‌ധൻ സുരക്ഷാപരിശോധന നടത്തുന്നത്‌. പ്രസ്തുത തുരങ്കത്തിന്റെ നിർമാണം പൂർത്തിയാക്കുന്നതിൽ ഇതുവരെ എന്തൊക്കെ ജോലി നടന്നെന്നും വ്യക്തമാക്കി വിശദീകരണ പത്രിക നൽകാനാണ്‌ ജസ്റ്റിസ്‌ പി.വി. ആശ നിർദേശിച്ചിട്ടുള്ളത്‌.

ഹർജി മധ്യവേനലവധിക്കുശേഷം പരിഗണിക്കും. നിയമസഭയിലെ ഗവ. ചീഫ്‌ വിപ്പ്‌ കെ. രാജൻ, ഷാജി ജെ. കോടങ്കത്ത്‌ എന്നിവരുടെ ഹർജിയാണ്‌ കോടതി പരിഗണിക്കുന്നത്‌. തൃശ്ശൂർ എക്‌സ്‌പ്രസ്‌വേ കമ്പനിയാണ്‌ പദ്ധതിയുടെ നിർമാണക്കരാർ എടുത്തത്‌.

മാർച്ച്‌ 31-നകം തുരങ്കം പൂർത്തിയാക്കി ദേശീയപാത അതോറിറ്റിക്ക്‌ കൈമാറുമെന്ന്‌ കരാറുകാർ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാൽ, ജോലി ഇപ്പോഴും പൂർത്തിയായിട്ടില്ലെന്ന്‌ ഹർജിക്കാർ ആക്ഷേപമുന്നയിച്ച സാഹചര്യത്തിലാണ്‌ കോടതിയുടെ നിർദേശം. ദേശീയപാത അതോറിറ്റി നിയോഗിച്ച സ്വതന്ത്ര എൻജിനിയറാണ്‌ പരിശോധന നടത്തുന്നത്‌. പരിശോധനയിൽ പിഴവുകൾ കണ്ടെത്തിയാൽ അത്‌ പരിഹരിച്ചശേഷമേ തുരങ്കം ഗതാഗതത്തിന്‌ തുറന്നുകൊടുക്കാനാവൂ എന്ന്‌ ദേശീയപാത അതോറിറ്റി അറിയിച്ചു.


Share this News
error: Content is protected !!