വടക്കഞ്ചേരി ടൗണിൽ ബസ് കാത്തുനില്‍ക്കാന്‍ ഇടമില്ലാതെ വലഞ്ഞ് യാത്രക്കാർ

Share this News

വടക്കഞ്ചേരി ടൗണിൽ ബസ് കാത്തുനില്‍ക്കാന്‍ ഇടമില്ലാതെ വലഞ്ഞ് യാത്രക്കാർ

വടക്കഞ്ചേരി ടൗണിലെ ബസ് സ്റ്റോപ്പുകൾ ഓട്ടോറിക്ഷകൾ കയ്യടക്കിയതോടെ ബസ് കാത്തുനില്‍ക്കാന്‍ പോലും ഇടമില്ലാതെ യാത്രക്കാർ. വടക്കഞ്ചേരി കെഎഎം ജ്വല്ലറിക്ക് മുന്‍പിലുള്ള ബസ് സ്റ്റോപ്പിലും, ചെറുപുഷ്പം സ്കൂളിന് മുന്‍പിലും നിന്ന് ഓട്ടോറിക്ഷകൾ മാറ്റിയിടണമെന്ന ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ നിർദേശം ആരും ചെവിക്കൊള്ളുന്നില്ല. ആദ്യകാലങ്ങളിൽ പൊലീസ് ഓട്ടോറിക്ഷകൾ മാറ്റി യാത്രക്കാർക്ക് നിൽക്കാൻ സ്ഥലമൊരുക്കിയിരുന്നു. മൂന്നോ, നാലോ ഓട്ടോറിക്ഷകൾ മാറ്റിയിട്ടാൽ തീരുന്ന പ്രശ്നം പരിഹരിക്കാൻ പോലും പഞ്ചായത്തോ പൊലീസോ ശ്രമിക്കുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി. ഇവിടെ ബസ് കാത്തിരിപ്പ് കേന്ദ്രം. നിർമിക്കണമെന്ന ആവശ്യവും പ‍ഞ്ചായത്ത് ചെവിക്കൊണ്ടിട്ടില്ല.

ആലത്തൂർ, പാലക്കാട്, മംഗലം–ഗോവിന്ദാപുരം, പുതുക്കോട് ഭാഗങ്ങളിലേക്ക് പോകുന്ന ബസുകൾ ഇവിടെ നിർത്തിയാണ് ആളെ കയറ്റുന്നത്. ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യുന്നതിനാൽ ബസുകൾ നടുറോഡിൽ നിർത്തിയാണ് ആളെ കയറ്റുന്നത്. ഇത് ഗതാഗത സ്തംഭനത്തിനും കാരണമാകുന്നു. വിദ്യാർഥികൾ അടക്കമുള്ള യാത്രക്കാർ വെയിലും മഴയും കൊണ്ടാണിവിടെ നിൽക്കുന്നത്. ചെറുപുഷ്പം ഗേൾസ് സ്കൂളിന് മുന്‍പിലും ഓട്ടോറിക്ഷകൾ കുട്ടികൾക്ക് വഴിമുടക്കി പാർക്ക് ചെയ്യാൻ തുടങ്ങിയിട്ട് നാളുകളേറെയായി.

സ്കൂൾ പിടിഎ കമ്മിറ്റിയും രക്ഷിതാക്കളും ആവശ്യപ്പെട്ടിട്ടും വാഹനങ്ങൾ മാറ്റാൻ തയാറാകുന്നില്ല. ഇതിന് യൂണിയൻകാരും ഒത്താശചെയ്യുന്നു. മന്ദം ജംക്‌ഷന് മുന്‍പിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നില്‍ ഉന്തുവണ്ടികളിട്ട് കച്ചവടവും ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ കച്ചവട‌ സാധനങ്ങളും നിറഞ്ഞിരിക്കുകയാണ്. യാത്രക്കാർക്ക് ഇവിടെ പ്രവേശനമില്ല. ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രമാണ് യാത്രക്കാർക്ക് ഉപകാരമില്ലാതെ കയ്യേറിയിരിക്കുന്നത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/F6BWj8HGzZL4wnx2Rd23Wt


Share this News
error: Content is protected !!