കെ.എഫ്.ഡി.സിയുടെ തോട്ടങ്ങള്‍തിരിച്ചുപിടിക്കാന്‍ വനം വകുപ്പ് രണ്ടു കോടി രൂപ ചെലവില്‍ ഇക്കോ ടൂറിസം പദ്ധതിയ്ക്ക് നീക്കം

Share this News

കെ.എഫ്.ഡി.സിയുടെ തോട്ടങ്ങള്‍
തിരിച്ചുപിടിക്കാന്‍ വനം വകുപ്പ്
രണ്ടു കോടി രൂപ ചെലവില്‍ ഇക്കോ ടൂറിസം പദ്ധതിയ്ക്ക് നീക്കം


നെല്ലിയാമ്പതി: വനം വികസന കോര്‍പ്പറേഷന് കൈമാറിയ തോട്ടങ്ങള്‍ തിരിച്ചുപിടിക്കാന്‍ വനം വകുപ്പ് നീക്കം തുടങ്ങി. നെല്ലിയാമ്പതിയിലെ പാട്ടക്കരാര്‍ ലംഘിച്ചുവെന്ന്  ചൂണ്ടിക്കാണിച്ച് 2011 ലാണ് വനം വകുപ്പ് അഞ്ച് സ്വകാര്യ തോട്ടങ്ങള്‍ ഏറ്റെടുത്തത്. നെല്ലിയാമ്പതി റേഞ്ചില്‍ ഉള്‍പ്പെടെ പറമ്പിക്കുളം വനമേഖലയോട് ചേര്‍ന്നുള്ള പകുതിപ്പാലം, പോത്തുമല, ബിയാട്രീസ്, മീരാഫ്ളോര്‍, റോസറി എസ്‌റ്റേറ്റുകളാണ്  നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ വനം വകുപ്പ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത ശേഷം വിളവെടുക്കുന്നതിനായി കേരള വനം വികസന കോര്‍പ്പറേഷന് കൈമാറുകയായിരുന്നു. ഈ തോട്ടങ്ങളിലെ കാപ്പി, കുരുമുളക്, ഏലം, തേയില തുടങ്ങിയ വിളവെടുക്കുവാനുള്ള ചുമതല മാത്രമാണ് തുടക്കത്തില്‍ കെ.എഫ്.ഡി.സിയ്ക്ക് നല്‍കിയിരുന്നത്. തോട്ടങ്ങളില്‍ നിന്ന് വിളവെടുപ്പും നടത്തുകയും, എസ്‌റ്റേറ്റിലുള്ള പകുതിപ്പാലം ടൂറിസ്റ്റ് ബംഗ്ലാവില്‍ ഇക്കോ ടൂറിസം പദ്ധതി നടത്തിയുമാണ് തൊഴിലാളികള്‍ക്കുള്ള കൂലിയുള്‍പ്പെടെ കെ.എഫ്.ഡി.സി നല്‍കിവരുന്നത്. എസ്‌റ്റേറ്റ് പിടിച്ചെടുത്ത വനം വകുപ്പ് 12 വര്‍ഷമായിട്ടും ഉടമസ്ഥാവകാശം കൈമാറിയിട്ടില്ലെന്നാണ് കെ.എഫ്.ഡി.സി അധികൃതര്‍ പറയുന്നത്. ഇതിന്റെ പേരില്‍ വിളകള്‍ക്ക് വളമിടുന്നതിനോ, അടിക്കാടുകള്‍ വൃത്തിയാക്കുന്നതിനോ വനം വകുപ്പ് അനുമതിയും നല്‍കിയില്ല.
പറമ്പിക്കുളം കടുവ സംരക്ഷണകേന്ദ്രത്തിനോട് ചേര്‍ന്നുള്ള ഭാഗമായതിനാല്‍ തന്നെ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ എസ്‌റ്റേറ്റുകള്‍ തിരിച്ച് വനം വകുപ്പിന്റെ നിയന്ത്രണത്തിലാക്കാന്‍ ഇപ്പോള്‍ നടപടി തുടങ്ങിയത്. പറമ്പിക്കുളം കടുവ സംരക്ഷണ ഫണ്ടില്‍ ഉള്‍പ്പെടുത്തി രണ്ടു കോടി രൂപ ചെലവഴിച്ച് ഈ ഭാഗത്ത് ടൂറിസം നടപ്പിലാക്കുന്നതിനായി പദ്ധതി തയ്യാറാക്കി വനം വകുപ്പ് സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ട്. തോട്ടങ്ങള്‍ വനം വകുപ്പ് തിരിച്ചെടുക്കുന്നത് സംബന്ധിച്ച് തീരുമാനിക്കുന്നതിന് തിങ്കളാഴ്ച വനം വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ കെ.എഫ്.ഡി.സി. അധികൃതരുടെയും, വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗവും വിളിച്ചുചേര്‍ത്തിട്ടുണ്ട്.

പ്രാദേശിക വാർത്തകൾ വാട്സപ്പിൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/F6BWj8HGzZL4wnx2Rd23Wt


Share this News
error: Content is protected !!