
ആവേശമായി പെയ്തിറങ്ങി
നെന്മാറ വല്ലങ്ങി വേല

കാത്തിരിപ്പിനും, പ്രതീക്ഷകള്‍ക്ക് പരിസമാപ്തി കുറിച്ച് ആവേശക്കാഴ്ച്ചകള്‍ സമ്മാനിച്ച് ഒരു നാടു മുഴുവന്‍ ഒഴുകിയെത്തിയ പുരുഷാരത്തിനെ സാക്ഷിയാക്കി ആകാശത്ത് പൂത്തുലഞ്ഞ വെടിക്കെട്ടിന്റെ മാസ്മരിക വിസ്മയം തീര്‍ത്ത് നെന്മാറ-വല്ലങ്ങി വേല പെയ്തിറങ്ങി.
ഉച്ചയോടെ തന്നെ ദേശവഴികളെല്ലാം ദേശമക്കളുടെ വരവില്‍ നിറഞ്ഞ കവിഞ്ഞു. നെല്ലിക്കുളങ്ങര ഭഗവതിയുടെയും, വല്ലങ്ങി കുറുംബ ഭഗവതിയുടെയും അനുഗ്രഹങ്ങള്‍ വാങ്ങുന്നതിനും പ്രണമിക്കുന്നതിനുമായി കാലത്ത് തന്നെ ഭക്തര്‍ ഇരുക്ഷേത്രങ്ങളിലുമെത്തി.
നെന്മാറ ദേശത്ത് വാള്‍ കടയലോടെയാണ് വേലച്ചടങ്ങുകള്‍ ആരംഭിച്ചത്. തുടര്‍ന്ന് വരിയോല വായനവും, പറ എഴുന്നള്ളത്തും നടന്നു. പിന്നീട് കോലം കയറ്റിയതോടെ ചോറ്റാനിക്കര വിജയന്‍മാരുടെ നേതൃത്വത്തില്‍ 100 ലധികം കലാകാരന്മാര്‍ അണിനിരന്ന പഞ്ചവാദ്യത്തിന് തുടക്കമിട്ടതോടെ വേലാഘോഷം പെരുമയിലേക്ക് നീങ്ങി. പുതുപ്പള്ളി കേശവന്‍ ഭഗവതിയുടെ തിടമ്പേറ്റിയതോടെ 11 ആനകള്‍ അണിനിരന്ന് പകല്‍ വേല എഴുന്നള്ളത്ത് ആരംഭിച്ചു. എഴുന്നള്ളത്ത് വേട്ടക്കൊരുമകന്‍ ക്ഷേത്രം നെന്മാറ ജംഗ്ഷന്‍, ബസ് സ്റ്റാന്റ് വഴി ദീപാലങ്കാര പന്തലില്‍ അണിനിരന്നു.
വല്ലങ്ങി ദേശത്ത് പ്രത്യക്ഷ ഗണപതി ഹോമത്തോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്. തുടര്‍ന്ന് തിടമ്പുപൂജയും, ഈടുവെടിയും നടന്നു. കോലം കയറ്റുന്നതോടെ അയിലൂര്‍ അനന്തനാരായണന്‍ ശര്‍മ്മയുടെ നേതൃത്വത്തില്‍ പഞ്ചവാദ്യം തുടങ്ങി ശിവക്ഷേത്രത്തില്‍ നിന്ന് പാമ്പാടി രാജന്‍ ഭഗവതിയുടെ തിടമ്പേറ്റുന്നതോട 11 ആനകള്‍ അണിനിരക്കുന്ന എഴുന്നള്ളത്ത് ആരംഭിച്ച് തണ്ണീപ്പാംകുളം, വല്ലങ്ങി വഴി ദീപാലങ്കാര പന്തലില്‍ അണിനിരന്നു. തുടര്‍ന്ന് വല്ലങ്ങി ദേശം എഴുന്നള്ളത്ത് കലാമണ്ഡലം ശിവദാസന്റെ നേതൃത്വത്തിലുള്ള പാണ്ടിമേളത്തോടെ നെല്ലിക്കുളങ്ങര കാവ് കയറി.
നെന്മാറ ദേശത്തിന്റെ എഴുന്നള്ളത്ത് മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ നേതൃത്വത്തില്‍ പാണ്ടിമേളത്തിന്റെ അകമ്പടിയോടെ കുടമാറ്റവും നടത്തിയാണ് കാവുകയറി. കാവു കയറി എഴുന്നള്ളത്ത് പ്രദക്ഷിണത്തിനുശേഷം കാവിറങ്ങുന്നതോടെ വല്ലങ്ങിദേശത്തിന്റെ വെടിക്കെട്ടും, പിന്നീട് നെന്മാറ ദേശത്തിന്റെ വെടിക്കെട്ടും നടന്നു. രാത്രി ഇരുദേശത്തും തായമ്പകയും, പുലര്‍ച്ചെ എഴുന്നളളത്തും, വെടിക്കെട്ടും ഉണ്ടായി. ചൊവ്വാഴ്ച കാലത്ത് ഉപചാരം ചൊല്ലി പിരിയുന്നതോടൊണ് വേല സമാപിക്കുക.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr
