
മാലിന്യ സംസ്കരണത്തിൽ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും യോജിച്ച് പ്രവർത്തിക്കണം :
മന്ത്രി എം.ബി രാജേഷ്
മാലിന്യസംസ്കരണത്തിൽ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും യോജിച്ച് പ്രവർത്തിക്കണമെന്ന് തദ്ദേശ സ്വയംഭരണ – എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന മഴക്കാല പൂർവ്വ ശുചീകരണം വൃത്തിയുള്ള നവകേരളം ക്യാമ്പയിൻ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാലിന്യ സംസ്കരണം എന്നത് റിപ്പോർട്ട് എഴുതി തന്നാൽ തീരുന്ന പ്രശ്നമല്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന റിപ്പോർട്ടുകൾ ജില്ലയിൽ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് പരിശോധിക്കണമെന്നും മന്ത്രി ഓർമ്മപ്പെടുത്തി.
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ബോധവത്ക്കരണം നടത്തുന്നതിനായി ജനപ്രതിനിധികൾ അവരുടെ സ്വന്തം വാർഡുകളിലെ വീടുകളിൽ സന്ദർശനം നടത്തണമെന്നും മന്ത്രി പറഞ്ഞു. ഓരോ വീടുകളിലും ഉറവിട മാലിന്യ സംസ്കരണം നടക്കുന്നുണ്ടോയെന്നും ഏപ്രിൽ 30 ന് മുൻപായി എല്ലാ വീടുകളിലെയും അജൈവ മാലിന്യങ്ങൾ ഹരിതകർമ്മ സേനയ്ക്ക് നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രി പറഞ്ഞു. ഉറവിട മാലിന്യ സംസ്കരണത്തിനുളള സൗകര്യം ഇല്ലാത്ത വീടുകളിൽ ബയോബിൻ നൽകണം. ഇതോടൊപ്പം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഉറവിട മാലിന്യ സംസ്കരണ ഉപകരണങ്ങളുടെ പ്രദർശനം നടത്തണം. ഇത് മാലിന്യ സംസ്കരണ ഉപകരണങ്ങളെ കുറിച്ച് അറിയാത്തവർക്ക് ഗുണകരമാകുമെന്നും മന്ത്രി പറഞ്ഞു.
ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അവരുടെ പ്രദേശങ്ങളിൽ 100 ശതമാനം ഹരിത കർമ്മ സേനയുടെ കവറേജ് ഉറപ്പുവരുത്തണമെന്നും ഏതെങ്കിലും കുടുംബത്തിനെ യൂസർ ഫീ നൽകുന്നതിൽ നിന്നും ഒഴിവാക്കണമെങ്കിൽ അത് ഗ്രാമസഭ കൂടി തീരുമാനിക്കണമെന്നും മന്ത്രി പറഞ്ഞു. സർക്കാർ – സ്വകാര്യ സ്ഥാപനങ്ങൾ മാലിന്യമുക്ത സ്ഥാപനങ്ങളായി മെയ് ഒന്നിന് മുൻപ് പ്രഖ്യാപിക്കണം. എല്ലാ സ്ഥാപനങ്ങളിലും ഉറവിട മാലിന്യ സംസ്കരണം നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. എതെങ്കിലും സ്ഥാപനങ്ങൾ ഹരിത കർമ്മ സേനയ്ക്ക് മാലിന്യം നൽകിയില്ലെങ്കിൽ ഫൈൻ ഈടാക്കണമെന്നും അദ്ദേഹം കുട്ടിച്ചേർത്തു. ജില്ലയിലെ എം.സി.എഫുകളുടെ എണ്ണം കുറവാണെന്നും താൽക്കാലിക എം.സി.എഫുകൾ അടിയന്തരമായി നിർമ്മിക്കണമെന്നും മന്ത്രി പറഞ്ഞു.
ഏപ്രിൽ 30 ന് മുൻപ് ജനപ്രതിനിധികൾ ഭവന സന്ദർശനം പൂർത്തിയാക്കണം
മാലിന്യ സംസ്കരണ ബോധവൽക്കരണവുമായി ബന്ധപ്പെട്ട് എല്ലാ ജനപ്രതിനിധികളും അവരുടെ വാർഡുകളിലെ ഭവന സന്ദർശനം പൂർത്തിയാക്കണമെന്നും യോഗത്തിൽ മന്ത്രി പറഞ്ഞു. മെയ് ഒന്നിനകം എല്ലാ വീടുകളിലും ഉറവിട മാലിന്യ സംസ്കരണത്തിനുള്ള സൗകര്യം ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്നും സൗകര്യം ഇല്ലാത്തവർക്ക് ചെയ്ത് നൽകണമെന്നും മന്ത്രി പറഞ്ഞു. ഇതോടൊപ്പം പൊതുസ്ഥലങ്ങൾ മാലിന്യമുക്തമാക്കണം , മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ പിഴ ചുമത്തണമെന്നും വൃത്തിയാക്കിയ ഇടങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നതിനുള്ള വേയ്സ്റ്റ് ബിന്നുകൾ സ്ഥാപിക്കണമെന്നും മന്ത്രി പറഞ്ഞു. വൃത്തിയാക്കിയ ഇടങ്ങൾ സൗന്ദര്യവൽക്കരിക്കണമെന്നും മന്ത്രി വ്യക്തമാക്കി. മെയ് ഒന്നിനകം വാർഡ് മെമ്പർമാർ തങ്ങളുടെ വാർഡിലെ റിപ്പോർട്ട് നൽകണം. അതിന് ശേഷം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ റിപ്പോർട്ട് നൽകണം. ഇതിന് പുറമെ എല്ലാ സർക്കാർ – സ്വകാര്യ സ്ഥാപനങ്ങളിലും ഹരിത ചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനു മോൾ അധ്യക്ഷയായ യോഗത്തിൽ ജില്ലാ കലക്ടർ ഡോ. എസ്. ചിത്ര, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് കെ. മണികണ്ഠൻ, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ കെ.പി വേലായുധൻ, നവകേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി. സെയ്തലവി, വിവിധ നഗരസഭ- ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/LQxXTIdHqXp9r2d8x79L74

