
കൊച്ചി വാട്ടർ മെട്രോ യാത്രാനിരക്കുകൾ പ്രഖ്യാപിച്ചു; കുറഞ്ഞ യാത്രനിരക്ക് 20 രൂപ, പരമാവധി ടിക്കറ്റ് നിരക്ക് 40 രൂപ; തിരക്കുള്ള സമയങ്ങളിൽ 15 മിനിറ്റ് ഇടവേളകളിൽ സർവീസ്
രാജ്യത്തെ ആദ്യത്തെ വാട്ടർ മോട്രോ സർവ്വീസാണ് കൊച്ചി വാട്ടർ മെട്രോ. കൊച്ചിയുടെ വിവിധ ഭാഗങ്ങളിലേക്ക് തുശ്ചമായ നിരക്കിൽ വിദേശികൾക്കും സ്വദേശികൾക്കും യാത്ര ചെയ്യാനാവും എന്നതാണ് സർവ്വീസിന്റെ മേന്മ. 100 പേർക്ക് ഒരേസമയം യാത്ര ചെയ്യാൻ കഴിയുന്ന 8 ഇലക്ട്രിക് ഹൈബ്രിഡ് ബോട്ടുകളാണ് രണ്ടു ജലപാതകളിലേക്കും സർവ്വീസ് നടത്തുന്നത്. ഏപ്രിൽ 26 ന് ആദ്യ റൂട്ടായ ഹൈക്കോർട്ട് – വൈപ്പിൻ ഭാഗത്തേക്ക് രാവിലെ 7 ന് സർവ്വീസ് തുടങ്ങും. രണ്ടാമത്തെ റൂട്ടായ വൈറ്റില – കാക്കനാട് ഭാഗത്തേക്ക് 27 ന് രാവിലെ 7 മണിമുതലുമാണ് സർവ്വീസ് ആരംഭിക്കുന്നത്. ഹൈക്കോർട്ട് – വൈപ്പിൻ 20 മിനിട്ടാണ് യാത്രാ ദൈർഘ്യം. വൈറ്റിലാ – കാക്കനാട് 25 മിനിട്ടും. രണ്ട് ഭാഗത്തേക്കും രാവിലെ 7 മണിമുതൽ രാത്രി 8 മണിവരെ 15 മിനിട്ട് ഇടവിട്ടാണ് സർവ്വീസ് നടത്തുക. യാത്രക്കാരുടെ എണ്ണം അനുസരിച്ച് സർവ്വീസ് ഇടവേളകൾ കൂടിയും കുറഞ്ഞും വരാം.
വീക്കി, മന്തി, ക്വാർട്ടർ പ്ലാനുകളും വാട്ടർ മെട്രോ അവതരിപ്പിച്ചിട്ടുണ്ട്. ഒരാഴ്ചത്തേക്കുള്ള ടിക്കറ്റ് നിരക്ക് 180 രൂപയാണ്. 7 ദിവസം കാലാവധിയുള്ള പ്ലാനിൽ 12 തവണ യാത്രചെയ്യാം. ഒരു മാസത്തേക്ക് 600 രൂപയും 30 ദിവസ കാലാവധിയും 50 തവണ യാത്രയുമാണ്. 3 മാസത്തേക്ക് 1500 രൂപയും 90 ദിവസ കാലാവധിയും 150 തവണ യാത്രയും ചെയ്യാം. ടെർമിനലുകളിൽ ഒരുക്കിയിരിക്കുന്ന ടിക്കറ്റ് കൗണ്ടറുകളിൽ നിന്ന് ഒറ്റത്തവണ യാത്ര ചെയ്യാനുള്ള ടിക്കറ്റുകളും വിവിധ യാത്രാ പാസ്സുകളും ലഭിക്കും. ഇതു കൂടാതെ കൊച്ചി മെട്രോ റെയിലിൽ ഉപയോഗിക്കുന്ന കൊച്ചി വൺ കാർഡ് ഉപയോഗിച്ചും വാട്ടർ മെട്രോയിൽ യാത്ര ചെയ്യാം. കൊച്ചി വൺ ആപ്പിലൂടെബുക്ക് ചെയ്യുന്ന ക്യൂ ആർ കോഡ് ഉപയോഗിച്ചും യാത്ര സാധ്യമാണ്.
ഭിന്ന ശേഷി സൗഹൃദമായ ടെർമിനലുകളും ബോട്ടുകളും, സുരക്ഷിതമായ യാത്ര തുശ്ചമായ നിരക്കിലും, ശീതിരകരിച്ച ബോട്ടുകൾ, ജല സ്രോതസുകളെ മലിനമാക്കാത്ത ഇലക്ട്രിക് – ഹൈബ്രിഡ് ബോട്ടുകൾ, വേലിയേറ്റ വേലിയിറക്ക സമയങ്ങളിൽ ബോട്ടുമായി ഒരേ പോലെ നിൽക്കാൻ ഉതകുന്ന ഫ്ളോട്ടിങ് പോണ്ടൂണുകൾ, യാത്രക്കാരുടെ എണ്ണം തിട്ടപ്പെടുത്തി യാത്ര സുരക്ഷിതമാക്കാൻ പാസഞ്ചർ കണ്ട്രോൾ സിസ്റ്റം തുടങ്ങിയവയാണ് കൊച്ചി വാട്ടർ മെട്രോയുടെ പ്രത്യേകതകൾ.
കൊച്ചിയിലെ വിവിധ ദ്വീപുകളെ നഗരവുമായി ബന്ധിപ്പിക്കുന്ന സംയോജിത നഗരഗതാഗത സംവിധാനത്തിന്റെ ഭാഗമാണ് കൊച്ചി വാട്ടർ മെട്രോ. മെട്രോ റെയിലിന് സമാനമായ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് വാട്ടർ മെട്രോ ടെർമിനലുകളും ബോട്ടുകളും നിർമ്മിച്ചിരിക്കുന്നത്. പദ്ധതി പൂർത്തിയാകുമ്പോൾ 10 ദ്വീപുകളിലായി 38
ടെർമിനലുകൾ ബന്ധിപ്പിച്ച് 78 വാട്ടർ മെട്രോ ബോട്ടുകൾ സർവ്വീസ് നടത്തും.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/DWomPanDgTf0kjuLMNF7Ol

