കൽച്ചാടിയിൽ കാട്ടാനക്കൂട്ടമിറങ്ങി വ്യാപക കൃഷി നാശം

Share this News

കൽച്ചാടിയിൽ കാട്ടാനക്കൂട്ടമിറങ്ങി വ്യാപക കൃഷി നാശം

നെന്മാറ വനം ഡിവിഷനിലെ അയിലൂർ പഞ്ചായത്തിലെ കാർഷിക മേഖലകളായ കൽച്ചാടി, വടക്കൻ ചിറ, തുടങ്ങിയ പ്രദേശങ്ങളിൽ കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. കഴിഞ്ഞ രണ്ടു ദിവസം തുടർച്ചയായി മലയോരമേഖലയിലെ സൗരോർജ്ജ വൈദ്യുത വേലി കൽച്ചാടിയിലും നിരങ്ങൻപാറയിലും തകർത്താണ് കാട്ടാനകൾ കൃഷിയിടങ്ങളിൽ എത്തിയിട്ടുള്ളത്. കർഷകരായ അബ്ബാസ് ഒറവൻചിറ, , എൽദോസ് പണ്ടിക്കുടി, അബ്രഹാം, കൃഷ്ണൻ തുടങ്ങിയവരുടെ കൃഷിയിടങ്ങളിലെ ചെറിയ കമുകുകൾ പിഴുതെറിഞ്ഞും, റബ്ബർ മരങ്ങൾ തള്ളിയിട്ടും, കുരുമുളക് താങ്ങു മരങ്ങളുടെ മറിച്ചിട്ടും കനാൽ ബണ്ടിന് അരികിൽ വളർത്തിയ വാഴകൾ തിന്നും ചവിട്ടിയും ചക്കുകളിൽ സൂക്ഷിച്ച ജൈവ വളം തോട്ടങ്ങളിൽ ചിതറി എറിഞ്ഞും ചവിട്ടിയുമാണ് നശിപ്പിച്ചിരിക്കുന്നത്. മാസങ്ങൾ മാത്രം പ്രായമുള്ള ചെറിയ ആനക്കുട്ടികൾ വരെ സംഘത്തിൽ ഉണ്ടെന്ന് കർഷകർ പറഞ്ഞു. എണ്ണം കൂടുതലുള്ളതിനാൽ എല്ലാ കൃഷിയിടങ്ങളിലും കാട്ടാനകൾ വ്യാപക നാശം വരുത്തി മോട്ടോർ പമ്പുകളിൽ നിന്ന് വെള്ളമെടുക്കുന്ന കുഴലുകളും ചവിട്ടിയും ഓടിച്ചും നശിപ്പിച്ചിട്ടുണ്ട്. പറമ്പുകളിലെ ഭക്ഷ്യയോഗ്യമായ കാർഷികവിളൾക്ക് പുറമെ ഭക്ഷ്യയോഗ്യമല്ലാത്ത കമുകും കാട്ടാനക്കൂട്ടം തള്ളിയിട്ടും പിഴുതും നശിപ്പിച്ചിട്ടുണ്ട് കൽച്ചാടി പുഴയ്ക്ക് കുറുകെയുള്ള വൈദ്യുത വേലിയുടെ അടിയിലൂടെ കടന്നാണ് കാട്ടാനക്കൂട്ടം കഴിഞ്ഞ രണ്ടു ദിവസമായി പ്രദേശത്ത് എത്തിയിട്ടുള്ളത്. കൽച്ചാടി പുഴയോരത്തെ വൈദ്യുതവേലി രണ്ടിടങ്ങളിലും നിരങ്ങൻപാറ ഭാഗത്ത് ഒരിടത്തും കാട്ടാനകൾ തകർത്തിട്ടുണ്ട്. വൈദ്യുത വേലിയുടെ ബാറ്ററി ചാർജ് കൂടുതൽ സമയം നിലനിൽക്കാത്തതിനാൽ രാത്രി 11 മണിയാവുമ്പോഴേക്കും വൈദ്യുത വേലിയിലെ വൈദ്യുതപ്രവാഹം നിലയ്ക്കുന്നതാണ് വൈദ്യുത വേലി തകർക്കുന്നതിനും കാട്ടാനകൾ കൃഷിയിടങ്ങളിൽ എത്തുന്നതിനും കാരണമായതെന്ന് കർഷകർ ചൂണ്ടിക്കാണിക്കുന്നു. വൈദ്യുത വേലിയുടെ ബാറ്ററിയുടെ ശേഷിക്കുറവും അറ്റകുറ്റപ്പണി നടത്തൽ എന്നിവ ദ്രുതഗതിയിൽ നടത്തണമെന്നും ദ്രുത പ്രതിരോധ സേനയുടെ (ആർ. ആർ. ടി.) സേവനം രാത്രിയും പകലും ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്നും പ്രദേശവാസികൾ പറഞ്ഞു. കാട്ടുപന്നി, മാൻ, കുരങ്ങ്, മലയണ്ണാൻ, മയിൽ തുടങ്ങിയവയും വ്യാപകമായി പ്രദേശത്ത് കൃഷിനാശം വരുത്തുന്നുണ്ട്. കാട്ടാനകളെ ഉൾക്കാട്ടിലേക്ക് കയറ്റി വിടുന്നതിനുള്ള നടപടി വനം വകുപ്പ് സ്വീകരിക്കാത്തതാണ് തുടർച്ചയായി ഉണ്ടാകുന്ന കൃഷിനാശത്തിന് കാരണമെന്ന് കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്‌സ് അസോസിയേഷൻ(കിഫ ) ഭാരവാഹികളായ അബ്ബാസ്, അബ്രഹാം, ബാബു എന്നിവർ പറഞ്ഞു. വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചാൽ വാച്ചർമാർ രാത്രി 8 മണിക്ക് മുമ്പ് പ്രദേശത്ത് വന്ന് പടക്കം പോട്ടിച്ചു പോവുകയാണെന്നും. കാട്ടാനയെ ഉൾക്കാട്ടിലേക്ക് കയറ്റി വിടുന്നില്ലെന്നും കർഷകർ പരാതി പറഞ്ഞു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/DWomPanDgTf0kjuLMNF7Ol


Share this News
error: Content is protected !!