
പട്ടുമഴ കിട്ടിയതോടെ നെൽപ്പാടങ്ങളിൽ പൊളി ചാൽ പൊളിച്ചു തുടങ്ങി.

കഴിഞ്ഞ ദിവസം പെയ്ത പട്ടുമഴയെ (വേനലിൽ പെയ്യുന്ന ആദ്യ മഴ) തുടർന്ന് കൊയ്തൊഴിഞ്ഞ നെൽപ്പാടങ്ങളിൽ ആവശ്യത്തിന് ഈർപ്പമായതോടെ കർഷകർ നെൽപ്പാടങ്ങളിൽ പൊളിചാൽ പൊളിച്ചു (രണ്ടാംവിള കൊയ്തതിനു ശേഷം ആദ്യ മഴയ്ക്ക് നടത്തുന്ന ഉഴവ് ) തുടങ്ങി. കാലാവസ്ഥ മാറ്റം ഉണ്ടായതോടെ ഞാറ്റുവേല കണക്ക് പ്രകാരമുള്ള മഴകളുടെ ക്രമവും മാറി. വിഷു കഴിഞ്ഞ ഉടനെ ചാലിടലും ( നെൽപ്പാടത്ത് പ്രത്യേക പൂജ നടത്തി ഒരു മൂലയിൽ വിത്ത് വിതച്ച് വിത്തിന്റെ ഗുണനിലവാരവും മറ്റും പരിശോധിക്കുന്ന ചടങ്ങ് ) ഞാറ്റടിയോ വിതയോ നടത്താറുള്ള കൃഷി മുറയാണ് വൈകിയത്. രണ്ടാം വിളയ്ക്കു ശേഷം നടത്തുന്ന ആദ്യ ഉഴുതുമറിക്കൽ തുടങ്ങിയതോടെ പട്ടുമഴ (ആദ്യ മഴ ) നെൽപ്പാടത്ത് നമ്പും (കൊഴിഞ്ഞു വീണ നെല്ല് മുളച്ചത്) കളയും മുളയ്ക്കുന്നതിനും സഹായിക്കും. രണ്ടാമത് കിട്ടുന്ന മഴയോടെ ഇളക്കൽ എന്ന പേരിലുള്ള രണ്ടാമത് ഉഴവ് നടത്തി മണ്ണിനടിയിൽ പോയി മുളച്ച വിത്തുകളും കളകളും ഉണക്കി കളഞ്ഞ് നടീലിന് തയ്യാറാകുന്നവർ പച്ചില വള വിത്തൊ, പൊടി വിതയായി നെല്ലോ വിതയ്ക്കാൻ ആരംഭിക്കും. ഇതിനിടെ ഉണങ്ങിയചാണകം, ചാരം തുടങ്ങിയവയും മേൽപ്പാടങ്ങളിൽ വിതറി മണ്ണിനെ പുഷ്ടിപ്പെടുത്തും.
ട്രാക്ടർ ഉപയോഗിച്ചുള്ള ഉഴവ് തുടങ്ങിയെങ്കിലും ഡീസൽ, മറ്റു ചിലവുകളുടെ വർദ്ധന എന്നിവയുടെ പേരിൽ ഉഴവു കൂലിയും വർദ്ധിച്ചു മണിക്കൂറിന് ആയിരം രൂപയിലെത്തി. നെല്ല് സംഭരിച്ചവർക്ക് വില കിട്ടാത്തത്, നെല്ല് സംഭരണം പൂർത്തിയാവാത്തത് തുടങ്ങി നിരവധി പ്രശ്നങ്ങൾ കർഷകർ പറയുന്നതിനിടെയാണ് ഒന്നാം വിള കൃഷി ഒരുക്കങ്ങൾ തുടങ്ങിയത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/KsatOTHwzW15GiOqEhrUnV

