പാലക്കാട് ജില്ലയില്‍ ഇ-മുറ്റം ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിക്ക് തുടക്കമാകുന്നു;ആദ്യഘട്ടം മരുതറോഡ് ഗ്രാമപഞ്ചായത്തില്‍

Share this News

പാലക്കാട് ജില്ലയില്‍ ഇ-മുറ്റം ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിക്ക് തുടക്കമാകുന്നു;
ആദ്യഘട്ടം മരുതറോഡ് ഗ്രാമപഞ്ചായത്തില്‍

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ ഇ-മുറ്റം ഡിജിറ്റല്‍ സാക്ഷരതാ പദ്ധതി നടപ്പാക്കുന്നു. സംസ്ഥാനത്തെ 14 ജില്ലകളിലും തെരഞ്ഞെടുക്കപ്പെട്ട ഓരോ പഞ്ചായത്തുകളില്‍ സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയും കൈറ്റും ചേര്‍ന്ന് സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. പാലക്കാട് ജില്ലയില്‍ മരുതറോഡ് ഗ്രാമപഞ്ചായത്തിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്. തുടര്‍ന്ന് മറ്റ് പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തില്‍ അടിസ്ഥാന ഡിജിറ്റല്‍ സാക്ഷരത ഇല്ലാത്തവരെ കണ്ടെത്തി ഡിജിറ്റല്‍ സാക്ഷരത ഉറപ്പാക്കും. പഠിതാക്കളെ കണ്ടെത്താന്‍ ഡിജിറ്റല്‍ സര്‍വേ സംഘടിപ്പിക്കും. സാധാരണ ജനങ്ങളെ ഡിജിറ്റല്‍ മേഖലയില്‍ പ്രാഥമിക അവബോധമുള്ളവരാക്കി മാറ്റുക, കമ്പ്യൂട്ടര്‍ ഇന്റര്‍നെറ്റ്, സ്മാര്‍ട്ട് ഫോണ്‍, മറ്റ് സാമൂഹ്യമാധ്യമങ്ങള്‍ തുടങ്ങിയവ കൈകാര്യം ചെയ്യാന്‍ പ്രാപ്തരാക്കുക എന്നിവയും പദ്ധതിയുടെ ലക്ഷ്യമാണ്.
വാര്‍ഡുകളില്‍ നിന്ന് തെരഞ്ഞെടുക്കുന്ന സന്നദ്ധ അധ്യാപകര്‍ മുഖേനയാണ് ക്ലാസുകള്‍ നല്‍കുക. ഇവര്‍ക്ക് കൈറ്റ് മുഖേന പരിശീലനം നല്‍കും. കൈറ്റിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ കൈപുസ്തകം ഉപയോഗിച്ചാണ് പഠന ക്ലാസുകള്‍ നല്‍കുന്നത്. കുറഞ്ഞത് 10 മണിക്കൂര്‍ ക്ലാസുകള്‍ നല്‍കും. പഠിതാക്കള്‍ക്ക് എത്തിച്ചേരാന്‍ പറ്റുന്ന ഇടങ്ങള്‍ കേന്ദ്രീകരിച്ചാണ് പഠനസൗകര്യം ഒരുക്കുക. സാധാരണക്കാര്‍ക്ക് നിത്യജീവിതത്തില്‍ ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ മനസിലാക്കാനും ഡിജിറ്റല്‍ സംവിധാനങ്ങളുടെ പ്രയോജനം, ദുരുപയോഗം എന്നിവ തിരിച്ചറിയാനും പദ്ധതി ഉപകരിക്കും. വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, ഇന്‍സ്റ്റഗ്രാം, വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക്, ഇ-മെയില്‍ എന്നിവ വഴി വരുന്ന വ്യാജവാര്‍ത്തകള്‍ തിരിച്ചറിയുന്നതിനും സൈബര്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് സ്വയം പരിഹാരം കണ്ടെത്തുന്നതിനും പദ്ധതി സഹായകമാകും.
എല്ലാവര്‍ക്കും ഇ-മെയില്‍ ഐ.ഡി രൂപീകരിക്കുക, സര്‍ക്കാരിന്റെ ഡിജിറ്റല്‍ സേവനങ്ങള്‍, ട്രെയിന്‍, ബസ്, എയര്‍ ടിക്കറ്റ് ബുക്ക് ചെയ്യല്‍, ഓണ്‍ലൈനായി വിവിധ ബില്ലുകള്‍ അടക്കല്‍ എന്നിവയും പരിശീലിപ്പിക്കും. ജനപ്രതിനിധികള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, ഐ.ടി മേഖലയില്‍ പ്രാവീണ്യമുള്ളവര്‍ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സന്നദ്ധപ്രവര്‍ത്തകര്‍ എന്‍.സി.സി. കുടുംബശ്രീ ഐ.സി.ഡി.എസ്, ആശാവര്‍ക്കര്‍മാര്‍, ലൈബ്രറി കൗണ്‍സില്‍, ഡയറ്റ് എന്നിവരുടെ സഹായവും ഉണ്ടാകും. പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായി സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്.
കല്ലേപ്പുള്ളിയില്‍ നടന്ന സര്‍വേ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. മനോജ് സെബാസ്റ്റ്യന്‍ പദ്ധതി വിശദീകരണം നടത്തി. സ്ഥിരം സമിതി അധ്യക്ഷരായ ഉണ്ണിത്താന്‍, രാധാകൃഷ്ണന്‍, ജില്ലാ സാക്ഷരതാ മിഷന്‍ അസി. കോ-ഓര്‍ഡിനേറ്റര്‍ പി.വി പാര്‍വതി, റിസോഴ്‌സ് പേഴ്‌സണ്‍മാരായ ഏലിയാമ്മ, ജയരാജന്‍, ജയന്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/KsatOTHwzW15GiOqEhrUnV


Share this News
error: Content is protected !!