
നെല്ലിയാമ്പതി കെ എസ് ആർ ടി സി ഒരു ബസ് സർവീസ് നിർത്തിവെച്ചു, മറ്റുള്ളവ സമയക്രമം പാലിക്കുന്നില്ല,

വിനോദസഞ്ചാര കേന്ദ്രവും തോട്ടം മേഖലയുമായ നെല്ലിയാമ്പതിയിലേക്കുള്ള കെ. എസ്. ആർ. ടി. സി. ബസ് സമയക്രമം പാലിക്കാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. നെല്ലിയാമ്പതിയിലേക്കുള്ള പ്രധാന ബസ്റ്റാന്റായ നെന്മാറയിൽ നിന്നും ബസ്സുകൾ നെല്ലിയാമ്പതിയിലേക്ക് പത്തും പതിനഞ്ചും മിനിറ്റ് നേരത്തെ പുറപ്പെടുന്നതായി വ്യാപക പരാതി ഉയരുന്നു. ഇതുമൂലം വിദൂര സ്ഥലങ്ങളിൽനിന്നെത്തുന്ന വിനോദസഞ്ചാരികളും നെല്ലിയാമ്പതിയിലെ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും തോട്ടം തൊഴിലാളികളും വിദ്യാർത്ഥികളുമാണ് ഏറെ ബുദ്ധിമുട്ടുന്നത്. പാലക്കാട് ഡിപ്പോയിൽ ഇക്കാര്യം വിളിച്ചറിയിച്ചിട്ടും ഫലം കാണുന്നില്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടു. അതോടൊപ്പം നെല്ലിയാമ്പതിയിലേക്ക് സർവീസ് നടത്തിയിരുന്ന നാല് കെ.എസ്. ആർ. ടി. സി. സർവീസുകളിൽ ഒരു ബസ് കഴിഞ്ഞ ഒരാഴ്ചയായി സർവീസ് നിർത്തിവെച്ചു. പാലക്കാടു നിന്ന് രാവിലെ 8. 30നും നെന്മാറയിൽ നിന്ന് 9.30നും പുറപ്പെട്ടിരുന്ന ബസ് സർവീസാണ് നിർത്തിവെച്ചത്. രണ്ടും മൂന്നും മണിക്കൂർ ഇടവിട്ടാണ് നെല്ലിയാമ്പതിയിലേക്ക് ഇപ്പോൾ ബസ് സർവീസുള്ളത്. കെ.എസ്. ആർ. ടി. സി. ബസ്സുകൾ പോയാൽ സമാന്തര സർവീസുകളോ ജീപ്പ് സർവീസോ നിലവിലില്ലാത്തതിനാൽ മണിക്കൂറുകൾക്ക് ശേഷം അടുത്ത ബസ് വരുന്നത് വരെ കാത്തിരിക്കേണ്ട സ്ഥിതി വരുന്നു. ഇതുമൂലം വിദൂര വനമേഖലയിലെ തോട്ടങ്ങളിലും മറ്റും ജോലിക്കും താമസത്തിനും പോകുന്നവർ വന്യ മൃഗ ഭീഷണിയും മറ്റും നേരിടേണ്ടിവരുന്നു. നെന്മാറയിൽ നിന്ന് രാവിലെ 8.15 നു ശേഷം അടുത്ത ബസ് 11, 2.30, വൈകിട്ട് 5 മണി എന്നീ സമയങ്ങളിലാണുള്ളത്. ഈ സമയദൈർഘ്യം നെല്ലിയാമ്പതിയിൽ നിന്ന് മടങ്ങി വരുന്ന യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. നിലവിൽ നെല്ലിയാമ്പതിയിലേക്ക് സർവീസ് നടത്തുന്ന കാരപ്പാറ, വിക്ടോറിയ, ലില്ലി, എന്നീ മൂന്ന് വ്യത്യസ്ത പ്രദേശങ്ങളിലേക്കാണ് സർവീസ് നടത്തുന്നത്, സമയക്രമം പാലിക്കാതെ സർവീസ് നടത്തുന്നതിനാൽ ഒരു ബസ് നഷ്ടപ്പെട്ടാൽ അടുത്ത ബസ്സിൽ ഉദ്ദേശിച്ച സ്ഥലത്തേക്ക് എത്താൻ കഴിയില്ല. നെല്ലിയാമ്പതിയിലെ നൂറടിയിൽ നിന്നും വിദൂരതക്കുകളിലേക്ക് 250 – 300 രൂപ നൽകി പ്രത്യേക വാടക ജീപ്പിൽ പോകേണ്ട സ്ഥിതി വരുന്നു. നേരത്തെ നെല്ലിയാമ്പതിയിലേക്ക് തൃശ്ശൂരിൽ നിന്ന് ഒരു ബസ് സർവീസും പൊള്ളാച്ചിയിൽ നിന്ന് ഒരു സ്വകാര്യബസ്സും ഉണ്ടായിരുന്നത് നിന്നുപോയതിന് പിന്നാലെയാണ് പുതുതായി പാലക്കാട്ടെന്നുള്ള ഒരു സർവീസ് കൂടി നിലച്ചത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/DjRt0Ib80Fe1oUKAzHFsBg

