നവംബര്‍ ഒന്നുമുതല്‍ സ്‌കൂളുകള്‍ തുറക്കുന്നു : തയ്യാറെടുപ്പുകള്‍ ഇങ്ങനെ
നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കാനിരിക്കെ പാലക്കാട് ജില്ലയിലെ തയ്യാറെടുപ്പുകള്‍ ഇങ്ങനെ. വിദ്യാഭ്യാസ വകുപ്പും മറ്റ് വകുപ്പുകളും സംയുക്തമായാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. സ്‌കൂള്‍ തുറക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ ഒക്ടോബര്‍ മാസത്തില്‍ തന്നെ പുറത്തിറക്കിയിരുന്നു. ഇതുപ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഒക്ടോബര്‍ ആദ്യവാരത്തില്‍ തന്നെ ആരംഭിച്ചിരുന്നു.
സ്‌കൂളുകള്‍ സജ്ജം : ജില്ലാ കലക്ടര്‍
ജില്ലയിലെ സ്‌കൂളുകള്‍ കുട്ടികളെ സ്വീകരിക്കാന്‍ സജ്ജമായതായി ജില്ലാ കലക്ടര്‍ മൃണ്മയി ജോഷി പറഞ്ഞു. സ്‌കൂളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരണഘട്ടത്തിലാണ്. കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കാനും നടപടിയായിട്ടുണ്ട്. രക്ഷിതാക്കള്‍ കുട്ടികളെ സ്‌കൂളില്‍ വരാന്‍ പ്രോത്സാഹിപ്പിക്കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കലക്ടര്‍ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ സന്ദര്‍ശനം നടത്തിയിരുന്നു.
രക്ഷിതാക്കള്‍ സഹകരിക്കണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
അധ്യാപകരും രക്ഷിതാക്കളും പൊതു സമൂഹവും ചേര്‍ന്ന് വിദ്യാലയങ്ങള്‍ ശുചീകരിച്ച് കുട്ടികളെ സ്വീകരിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ്. കുട്ടികളെ ഏറ്റവും സന്തോഷത്തോടെ ക്ലാസിലിരുത്തുന്നതിന് ഈ സാഹചര്യത്തില്‍ വലിയ പ്രയത്നം ആവശ്യമായി വരും. ഇതിനുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ നടത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ അധ്യാപകര്‍ക്ക് പരിശീലന ക്ലാസുകള്‍ സംഘടിപ്പിക്കുന്നുണ്ട്. രക്ഷിതാക്കളുടെ സഹകരണവും ഉണ്ടാവണം. കുട്ടികള്‍ക്കുണ്ടാക്കുന്ന ചെറിയ പ്രശ്നങ്ങള്‍ പോലും കേള്‍ക്കാനും അവര്‍ക്ക് വേണ്ട പിന്തുണ നല്‍കാനും രക്ഷിതാക്കള്‍ തയ്യാറാകണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ പറഞ്ഞു.
ജില്ലയില്‍ മൊത്തം 1002 സ്‌കൂളുകള്‍ : മൂന്ന് സ്‌കൂളുകള്‍ക്ക് ഒഴികെ ബാക്കിയുള്ളവയ്ക്ക് ഫിറ്റ്നസ് ലഭിച്ചു: വിദ്യാഭ്യാസ ഉപഡയറക്ടര്‍
ജില്ലയില്‍ മൊത്തം 1002 സ്‌കൂളുകളാണ് ഉള്ളത്. ഇതില്‍ 333 സര്‍ക്കാര്‍ സ്‌കൂളുകളും 585 എയ്ഡഡ് സ്‌കൂളുകളും 84 അണ്‍ എയ്ഡഡ് സ്‌കൂളുകളും ഉള്‍പ്പെടും. പഞ്ചായത്ത്, മുനിസിപ്പല്‍ സെക്രട്ടറിമാരും എഞ്ചിനീയര്‍മാരും വിദ്യാഭ്യാസ ഓഫീസര്‍മാരും സ്‌കൂളുകള്‍ സന്ദര്‍ശിച്ച് സുരക്ഷാ പരിശോധന നടത്തി.. നിലവില്‍ മൂന്ന് സ്‌കൂള്‍ ഒഴികെയുള്ളവയ്ക്ക് ഫിറ്റ്നസ് ലഭിച്ചതായി വിദ്യാഭ്യാസ ഉപഡയറക്ടര്‍ കൃഷ്ണന്‍ പറഞ്ഞു. ഫിറ്റ് നസ് ലഭിക്കാത്ത സ്‌കൂളുകളിലെ കുട്ടികള്‍ക്കായി മറ്റ് സ്‌കൂളുകളില്‍ ക്ലാസ് നടത്താനാണ് നിലവിലെ തീരുമാനം. ആസ്ബറ്റോസ്, ടിന്‍ ഷീറ്റ് മേഞ്ഞ ക്ലാസ് മുറികളുള്ള സ്‌കൂളുകളില്‍ പഠനം കര്‍ശനമായി നിരോധിച്ചിട്ടുള്ളതിനാല്‍ ക്ലാസ് മുറികള്‍ക്ക് കുറവ് വന്നാല്‍ ലാബ്, ലൈബ്രറി, മറ്റ് സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തും. കൂടാതെ കെട്ടിട നിര്‍മ്മാണം നടക്കുന്ന സ്‌കൂളുകളിലും ഇത് നടപ്പാക്കും. ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥരും സ്‌കൂളുകള്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്.
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നാളെ പൂര്‍ത്തിയാകും, സ്‌കൂളുകളിലെ കോവിഡ് ചികിത്സാകേന്ദ്രങ്ങള്‍ മാറ്റി അണുവിമുക്തമാക്കി, അപകട ഭീഷണിയുള്ള മരങ്ങളും നീക്കം ചെയ്തു
ഒന്നര വര്‍ഷത്തോളം അടഞ്ഞുകിടന്നിരുന്ന സ്‌കൂളുകളുടെ ശുചീകരണ പ്രവര്‍ത്തനങ്ങളാണ് ആദ്യ ഘട്ടത്തില്‍ ആരംഭിച്ചത്. അധ്യാപകര്‍, തദ്ദേശ സ്ഥാപനങ്ങള്‍, പി. ടി.എ , സന്നദ്ധ സംഘടനകള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനകള്‍, ജനപ്രതിനിധികള്‍, നാട്ടുകാര്‍ എന്നിവരുടെ സഹകരണത്തോടെ നടത്തിവരുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ജില്ലയിലെ എല്ലാ സ്‌കൂളുകളിലും നാളെ (ഒക്ടോബര്‍ 30) പൂര്‍ത്തിയാകും. ഭൂരിഭാഗം സ്‌കൂളുകളിലും ക്ലാസ് മുറികള്‍, ലാബ്, ലൈബ്രറി, പാചകപ്പുര, കിണര്‍, ടാങ്ക്, ശുചി മുറി ഉള്‍പ്പെടെയുള്ള വൃത്തിയാക്കുകയും പെയിന്റ് ചെയ്ത് മനോഹരമാക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ഹൈടെക് ക്ലാസ് മുറികള്‍ ഉള്‍പ്പെടെയുള്ളവ പ്രവര്‍ത്തന സജ്ജമാകണന്ന് ഉറപ്പുവരുത്തി. കോവിഡ് സാഹചര്യത്തില്‍ ഡി സി സി, സി എഫ് എല്‍ ടി സി, വാക്സിനേഷന്‍ കേന്ദ്രങ്ങളായി പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളുകളില്‍ നിന്നും ഇവയുടെ പ്രവര്‍ത്തനം മാറ്റുകയും അണുവിമുക്തമാക്കി ഉപയോഗയോഗ്യമാക്കിയതായി വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ പറഞ്ഞു.
സ്‌കൂളുകളില്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരമുള്ള ആരോഗ്യ സംരക്ഷണ, സുരക്ഷാ സമിതികള്‍ രൂപീകരിക്കുകയും വിവരങ്ങള്‍ വിദ്യാഭ്യാസ വകുപ്പിന് കൈമാറുകയും ചെയ്തിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സ്‌കൂള്‍ കോമ്പൗണ്ടുകളിലെ അപകട ഭീഷണിയുള്ള മരങ്ങള്‍ മുറിച്ചു മാറ്റുകയും കാട് വെട്ടിത്തെളിക്കുകയും ചെയ്തിട്ടുണ്ട്.
അനാവശ്യമായി സ്‌കൂള്‍ കോമ്പൗണ്ടില്‍ മറ്റാര്‍ക്കും പ്രവേശനമില്ല, അത്യാവശ്യമെങ്കില്‍ രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്ക് പ്രവേശനം
കോവി ഡ് സുരക്ഷാ മാനദണ്ഢങ്ങള്‍ കൃത്യമായി പാലിച്ചാണ് സ്‌കൂളുകള്‍ പ്രവൃത്തിക്കുക. സ്‌കൂളുകളില്‍ രക്ഷിതാക്കളുടെയും പി ടി എ യും യോഗം ചേര്‍ന്ന് ഇതിനുള്ള ക്രമീകരണങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. ഒരു ബെഞ്ചില്‍ രണ്ട് കുട്ടികള്‍ എന്ന രീതിയിലാണ് ക്ലാസുകള്‍ ക്രമീകരിക്കുക. അനാവശ്യമായി ആരേയും സ്‌കൂള്‍ കോമ്പൗണ്ടില്‍ പ്രവേശിപ്പിക്കില്ല. ആവശ്യമായി വന്നാല്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കാണ് അനുവാദം നല്‍കൂ .
കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ രക്ഷിതാക്കള്‍ക്ക് കൈമാറി, കൂട്ടം കൂടുന്നത് ഒഴിവാക്കും
കാവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നതിന് കുട്ടികള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ രക്ഷിതാക്കള്‍ക്ക് കൈമാറിയിട്ടുണ്ട്. കൂട്ടം കൂടുന്നത് ഒഴിവാക്കാന്‍ അധ്യാപകര്‍ ശ്രദ്ധിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആവശ്യമായ ഇടങ്ങളിലെല്ലാം സോപ്പ്, വെള്ളം , സാനിറ്റൈസര്‍ എന്നിവ ലഭ്യമാക്കും. കോവിഡ് പ്രതിരോധ സാമഗ്രികള്‍ കരുതിവെക്കും. വിദ്യാഭ്യാസ വകുപ്പ് ജില്ലയിലെ സ്‌കൂളുകളിലേക്ക് 1700 തെര്‍മല്‍ സ്‌കാനറുകള്‍ വിതരണം ചെയ്തിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങളും അതിനനുസൃതമായ പെരുമാറ്റങ്ങളും വിവരിക്കുന്ന ബോര്‍ഡുകളും പോസ്റ്ററുകളും തയ്യാറാക്കിയിട്ടുണ്ട്. ആവശ്യമുള്ള കുട്ടികള്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ മുഖേന ഹോമിയോ കോവിഡ് പ്രതിരോധ മരുന്ന് സ്വീകരിക്കാനും സംവിധാനമുണ്ട്.
രക്ഷിതാക്കളുടെ സമ്മതപത്രം നല്‍കി വരുന്നു.
കുട്ടികളെ സ്‌കൂളിലയക്കുന്നതിന് സ്‌കൂളുകള്‍ സമ്മതപത്രം സ്വീകരിച്ചുവരുന്നുണ്്. ഇതിനോടകം ഭൂരിഭാഗം രക്ഷിതാക്കളും സമ്മതപത്രം നല്‍കിയതായി വകുപ്പ് അറിയിച്ചു. സ്‌കൂളില്‍ എത്താനാകാത്തവര്‍ക്ക് ഡിജിറ്റല്‍ പഠനരീതി തുടരും. കുട്ടികള്‍ സ്‌കൂളിലെത്തിയാല്‍ ശിശുക്ഷേമ വകുപ്പ് മുഖേന കൗണ്‍സിലിങ്ങ് നല്‍കാനും സംവിധാനമൊരുക്കിയിട്ടുണ്ട്.
സ്‌കൂള്‍ ജീവനക്കാരുടെ വാക്സിനേഷന്‍ 95 ശതമാനം പൂര്‍ത്തിയായി
അധ്യാപകരുടെയും ബസ് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെയും രണ്ട് ഡോസ് വാക്സിനേഷന്‍ 95 ശതമാനം പൂര്‍ത്തിയായി. നിലവില്‍ 416 പേര്‍ കൂടി വാക്സിന്‍ സ്വീകരിക്കാനുണ്ട്. ഇതില്‍ 312 പേര്‍ ഒരു ഡോസ് മാത്രം സ്വീകരിച്ചിട്ടുണ്ട്. മറ്റ് രോഗബാധിതര്‍, കോവിഡ് ബാധിച്ചവര്‍ തുടങ്ങി 104 പേര്‍ വാക്സിന്‍ സ്വീകരിച്ചിട്ടില്ല. ഇക്കാര്യം ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്ന് വിദ്യഭ്യാസ ഉപഡയറക്ടര്‍ പറഞ്ഞു.
സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന നടത്തി
ഭൂരിഭാഗം എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളിലും കുറച്ച് സര്‍ക്കാര്‍ സ്‌കൂളുകളിലുമാണ് സ്‌കൂള്‍ ബസുകള്‍ ഗതാഗത യോഗ്യമാക്കി കുട്ടികള്‍ക്ക് യാത്രാ സൗകര്യം ഒരുക്കാന്‍ പ്രാപ്തമായിട്ടുള്ളത്. മറ്റ് സ്‌കൂളുകളില്‍ കെ.എസ്.ആര്‍.ടി സി സേവനം ഉപയോഗപ്പെടുത്താന്‍ തീരുമാനമായിട്ടുണ്ട്. കഴിയാവുന്നത്ര രക്ഷിതാക്കള്‍ തന്നെ കുട്ടികളെ സ്‌കൂളില്‍ എത്തിക്കാന്‍ സമ്മതം അറിയിച്ചിട്ടുണ്ടെന്നും വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ പറഞ്ഞു.
ഒന്നര വര്‍ഷത്തോളം ഓടാതിരുന്നതിനാല്‍ ബസുകള്‍ക്ക് അറ്റകുറ്റപ്പണികള്‍ നടത്തേണ്ടി വന്നിരിക്കുകയാണ്. ഫിറ്റ്നസ് ഉറപ്പാക്കിയ ശേഷം മാത്രമേ വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ അനുവദിക്കൂ. നിലവില്‍ സ്‌കൂളുകളിലെത്തി പരിശോധന നടത്തിവരുന്നുണ്ടെന്ന് പാലക്കാട് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ തങ്കരാജന്‍ പറഞ്ഞു.
കെ.എസ്.ആര്‍.ടി.സി ബോണ്ട് സര്‍വ്വീസുകള്‍ നടത്തും
നവംബര്‍ ഒന്നുമുതല്‍ സ്‌കൂളുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യുന്നതിന് ജില്ലയിലെ കെ.എസ്.ആര്‍.ടി.സി ബസുകള്‍ ബോണ്ട് സര്‍വ്വീസ് നടത്തുന്നു. നിലവില്‍ ചിറ്റൂര്‍ വിജയമാത, കണ്ണാടി ഹയര്‍ സെക്കന്ററി സ്‌കൂള്‍, അകത്തേത്തറ ഗവ. യു.പി.സ്‌കൂള്‍ എന്നിവ ബോണ്ട് ( ബസ് ഓണ്‍ ഡിമാന്റ് ) സര്‍വ്വീസിന് കെ.എസ്.ആര്‍.ടി.സിയെ സമീപിച്ചിട്ടുള്ളതായി ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ടി.എ. ഉബൈദ് അറിയിച്ചു.
സ്‌കൂള്‍ ബസുകളുടെ അഭാവത്തില്‍ വിവിധ സര്‍ക്കാര്‍, പൊതു, സ്വകാര്യ മേഖലകളിലെ സ്‌കൂള്‍, കോളേജ് സ്ഥാപനങ്ങള്‍ക്ക് പ്രത്യേക നിരക്കില്‍ (സ്‌കൂള്‍ ബോണ്ട് / കോളേജ് ബോണ്ട് ) ബസുകള്‍ നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി ബോണ്ട് സര്‍വ്വീസുകള്‍ അനുവദിക്കുന്നത്. 40 കുട്ടികള്‍ക്ക് 20 ദിവസം എന്ന കണക്കില്‍ പ്രതിമാസ തുക മുന്‍കൂര്‍ അടയ്ക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ബോണ്ട് ബസ് നല്‍കുക. നിലവില്‍ കെ.എസ്.ആര്‍.ടി.സി നടത്തുന്ന ബോണ്ട് സര്‍വ്വീസ് മാതൃകയില്‍ തന്നെയാണ് സ്‌കൂള്‍, കോളേജ് ബോണ്ട് ബസുകളും അനുവദിക്കുക.
ഒരു ബസില്‍ കുറഞ്ഞത് 40 കുട്ടികള്‍ക്ക് ഇരുന്ന് യാത്ര ചെയ്യാം. സ്‌കൂള്‍ അധികൃതര്‍ നിശ്ചയിക്കുന്ന സ്റ്റാഫിനും യാത്ര ചെയ്യാവുന്ന രീതിയിലായിരിക്കും സര്‍വീസ്. സ്‌കൂളിന്റെ പേര് വിവരങ്ങള്‍ ബസില്‍ പ്രദര്‍ശിപ്പിക്കും. വിദ്യാര്‍ത്ഥികള്‍ക്കായുള്ള ബോണ്ട് സര്‍വീസുകളില്‍ കഴിയുന്നതും വനിത കണ്ടക്ടര്‍മാരെയാണ് നിയോഗിക്കുകയെന്നും ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.
ആവശ്യമുള്ളവര്‍ക്ക് ഉച്ചഭക്ഷണം നല്‍കും
രക്ഷിതാക്കളുടെ സമ്മതത്തോടെ ആവശ്യമുള്ള കുട്ടികള്‍ക്ക് ഉച്ച ഭക്ഷണം നല്‍കാന്‍ സിവില്‍ സപ്ലൈസ് മുഖേന സാമഗ്രികള്‍ എത്തിക്കുമെന്ന്് വിദ്യാഭ്യാസ ഉപഡയറക്ടര്‍ പറഞ്ഞു.
യോഗങ്ങള്‍ നടത്തി
സ്‌കൂള്‍ തലത്തില്‍ അധ്യാപകര്‍, പി. ടി.എ , സന്നദ്ധ സംഘടനകള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനകള്‍, ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരുടെ യോഗം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ വിവിധ വകുപ്പുകളും സംയുക്തമായി യോഗം നടത്തിയിരുന്നു.
കുട്ടികള്‍ക്കുള്ള കോവിഡ് പ്രതരോധ മാര്‍ഗനിര്‍ദ്ദേശങ്ങള്‍
- മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയുടെ ഉപയോഗിക്കുവാനും, സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകല്‍, ശാരീരിക അകലം എന്നിവ പാലിക്കാനും ശ്രദ്ധിക്കണം
- വീട്ടില്‍ നിന്ന് സ്‌കൂളിലേക്കും തിരിച്ചുമുള്ള യാത്രയില്‍ അസുഖം ബാധിക്കാനുള്ള നിരവധി സാഹചര്യം ഒഴിവാക്കാന്‍ രക്ഷിതാക്കളുടെയും അധ്യാപകരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ശ്രദ്ധിക്കണം
*പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്തുന്ന കുട്ടികള്‍ ഇരട്ട മാസ്‌ക്കുകള്‍ ധരിക്കുകയും സാനിറ്റൈസര്‍ കരുതുകയും കൈകള്‍ വൃത്തിയാക്കുകയും വേണം
*ഭക്ഷണം, കുടിവെള്ളം എന്നിവയും ക്ലാസ്സില്‍ ഉപയോഗിക്കുന്ന വസ്തുക്കളും മറ്റുള്ളവരുമായി പങ്കു വെക്കരുത്
*സ്‌കൂളില്‍ വരേണ്ട ദിവസം, സമയം എന്നിവ പ്രധാന അധ്യാപകന്‍/ക്ലാസ് ടീച്ചര്‍ അറിയിക്കുന്നതനുസരിച്ച് മാത്രം സ്‌കൂളില്‍ വരണം
*വ്യക്തി ശുചിത്വം, പരിസര ശുചിത്വം, പോഷകസമൃദ്ധമായ ഭക്ഷണം എന്നിവ ശീലിക്കണം
*രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഭയപ്പെടാതെ രക്ഷിതാക്കളെയോ അധ്യാപകരെയോ അറിയിക്കണം
- പ്രയാസങ്ങള്‍ അധ്യാപകരുമായി പങ്കുവയ്ക്കാന്‍ മടിക്കരുത്.
ഒരു കാര്യത്തിലും ഭീതിയുടെ ആവശ്യമില്ല, എന്നാല്‍ കരുതല്‍ വേണം