ആതുരസേവന രംഗത്ത് സാധാരണക്കാരുടെ സ്വാന്തന സ്പർശം ; കിഴക്കഞ്ചേരിക്കാരുടെ പ്രിയപ്പെട്ട ലോബോ സാർ പടിയിറങ്ങുന്നു….
സന്തോഷ്‌കുന്നത്ത്
വടക്കഞ്ചേരി : സൗമ്യമായ പെരുമാറ്റവും, കരുണ നിറഞ്ഞ നിസ്വാർദ്ധസേവനവും, സ്നേഹത്തിൽ ചാലിച്ച നിറപുഞ്ചിരിയുമായി കിഴക്കഞ്ചേരി സർക്കാർ ആശുപത്രിയുടെ ജീവ നാടിയായ കിഴക്കഞ്ചേരിക്കാരുടെ പ്രിയപ്പെട്ട ഹെൽത്ത് ഇൻസ്‌പെക്ടർ ലോബോ സാർ ഈ മാസം 31ന് സര്‍വീസില്‍ നിന്നും വിരമിക്കുകയാണ്. 31 ഞായറാഴ്ച്ച ആയതിനാൽ ശനിയാഴ്ച യാണ് (30/10/2021)ഔദ്യോഗിക യാത്രയയപ്പ്.
ഇരുപത്തി രണ്ട് വാർഡുകളുള്ള കിഴക്കഞ്ചേരി പഞ്ചായത്തിന്റെ കുടുംബ ആരോഗ്യ കേന്ദ്രത്തിന്റെ അതിവിശാലമായ ഭൂപ്രദേശത്തു ഈ സർക്കാർ ആശുപത്രിയെ ജനകീയമാക്കിയതിൽ ലോബോയുടെ പങ്ക് വലുതാണ്. കുന്നും മലകളും നിറഞ്ഞ പഞ്ചായത്തിന്റെ മുക്കിലും മൂലയിലും വരെ ആശുപത്രിയുടെ സേവനം എത്തിച്ചു ജനവിശ്വാസമാർജിച്ച ലോബോ അങ്ങനെ നാട്ടിലെ ജനങ്ങളുടെ മുഴുവൻ പ്രിയപ്പെട്ട ലോബോസാർ ആയി. നാലുവര്‍ഷം മുൻപാണ് കിഴക്കഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഹെൽത്ത് ഇൻസ്‌പെക്ടറായി ചാർജെടുത്തത്.കിഴക്കഞ്ചേരി ആശുപത്രിയുടെ വികസനത്തിനും രോഗികള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതിലും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്ന നിലയില്‍ ലോബോ ചെയ്ത സേവനങ്ങള്‍ നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു. ആശുപത്രിക്ക് മുന്നിലെ ബസ് വെയ്റ്റിംഗ് കേന്ദ്രം, ആശുപത്രികളില്‍ ഇരിപ്പിടങ്ങള്‍,ടോക്കിംഗ് കോർണറുകൾ കോവിഡ് നിയന്ത്രണ സംവിധാനങ്ങള്‍, വീല്‍ചെയറുകള്‍ തുടങ്ങി സര്‍ക്കാര്‍ ആശുപത്രിയിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും, സ്വകാര്യ ആശുപത്രികളെ വെല്ലുന്ന രീതിയിൽ, കുടുംബാരോഗ്യകേന്ദ്രത്തെ ജനപ്രിയമാക്കുന്നതിനും നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി. ആശുപത്രിയിൽ എത്തുന്ന എല്ലാവർക്കും വേണ്ട സേവനങ്ങൾ ഉറപ്പുവരുത്തുന്നതിൽ പ്രത്യേക ശ്രദ്ധ ചെലുത്തി.
ആശുപത്രി വികസനത്തിലും, സേവനം മെച്ചപ്പെടുത്തുന്നതിലും ദീർഘ ദൃഷ്ടിയോടെ അവതരിപ്പിച്ച പദ്ധതികൾക്കെല്ലാം ആശുപത്രി സൂപ്രണ്ട്, ഡോക്ടർമാർ, മറ്റ് സ്റ്റാഫുകൾ എല്ലാവരും ഒപ്പം നിന്നു. പഞ്ചായത്ത് ഭരണസമിതിയും പൂർണ്ണ പിന്തുണ നൽകിയതോടെ കിഴക്കഞ്ചേരി സർക്കാർ ആശുപത്രി മികവിലേക്കുയർന്നു.
പലഘട്ടങ്ങളിലും പഞ്ചായത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയര്‍ന്നപ്പോഴും ലോബോ എന്ന ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പകച്ചുനിന്നില്ല.
https://www.facebook.com/100790878287218/posts/426425502390419/
പഞ്ചായത്തിന്‍റെയും ആശുപത്രിയിലെ ഡോക്ടര്‍മാരുടെയും സഹപ്രവര്‍ത്തകരുടെയും ജനങ്ങളുടെയും സഹകരണവുമായി രോഗത്തെ നിയന്ത്രിച്ചുനിര്‍ത്താന്‍ ലോബോയുടെ ഇടപെടലുകള്‍ മൂലം സാധിച്ചു.
ഒക്ടോബർ 31ന് നാട്ടുകാരുടെ ഈ പ്രിയപ്പെട്ട ലോബോ സാര്‍ സര്‍വീസില്‍ നിന്നും വിരമിക്കുകയാണ്.
what’s app👇
https://chat.whatsapp.com/HDI7U8yp7Ft7thm1bAOyxF
ഇരുപത്തിമൂന്നാം വയസ്സില്‍ കണ്ണൂര്‍ ഇരട്ടിയില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറായിട്ടായിരുന്നു ജോലിയുടെ തുടക്കം. പിന്നീട് ആലപ്പുഴ, തൃശൂര്‍, പാലക്കാട് ജില്ലകളിലെ വിവിധ ആശുപത്രികളില്‍ ജോലി ചെയ്തു. ജില്ലയില്‍ നെല്ലിയാമ്പതി, നെന്മാറ, വണ്ടാഴി അയിലൂര്‍ എന്നിവിടങ്ങളിലെ സേവനത്തിനുശേഷം നാലുവര്‍ഷം മുന്‍പാണ് കിഴക്കഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിയത്.
കാന്‍സര്‍ കെയര്‍ ജില്ലാ കോഡിനേറ്റര്‍, പിരായിരിയില്‍ ഡെങ്കിപ്പനി നിയന്ത്രണ മേല്‍നോട്ടം, വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ മേഖലയിലെ വിദഗ്ദ്ധരെ പങ്കെടുപ്പിച്ച് നെല്ലിയാമ്പതിയില്‍ സംഘടിപ്പിച്ച നാഷണല്‍ ഡിസീസ് കണ്ട്രോള് പ്രോഗ്രാമിന്റെ ഭാഗമായുള്ള ഇന്റർസ്റ്റേറ്റ് ബോർഡർ മീറ്റിംഗ് തുടങ്ങിയവയുടെയെല്ലാം ചുമതലക്കാരനായി ലോബോ മുന്‍നിരയില്‍ നിന്നിട്ടുണ്ട്. നിറഞ്ഞ സംതൃപ്തിയോടെയാണ് ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിടവാങ്ങുന്നതെന്നും, കർമ്മമേഖലയിൽ അർപ്പിച്ച ജീവിതത്തിൽ സന്തുഷ്ടനാണെന്നും ലോബോ പറഞ്ഞു. ഒലിപ്പാറ കൊടികരിമ്പിലാണ് ഇപ്പോള്‍ താമസം. ഭാര്യ ലിസിയും ആരോഗ്യരംഗത്തുണ്ട്. അയിലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ LHI ആയി ജോലി ചെയ്യുന്നു. രണ്ട് പെണ്മക്കള്. മൂത്ത മകള്‍ അനുമോള്‍ എംഎസ്സി മെഡിക്കല്‍ ഫിസിയോളജിയില്‍ ഒന്നാം റാങ്കോടെ പാസായി ഇപ്പോള്‍ സായിയില്‍ ജോലി ചെയ്യുന്നു. ഇളയ മകള്‍ ആനിമോള് എല്‍എല്‍ബിക്ക് പഠിക്കുകയാണ്.