ചെറുകിട ക്ഷീര കര്‍ഷകര്‍ക്ക് ലാഭകരമായി പ്രവര്‍ത്തിക്കാന്‍ പരിശീലനം-ബോധവത്ക്കരണം ഉറപ്പാക്കണം: മന്ത്രി കെ കൃഷ്ണന്‍കുട്ടി
ക്ഷീര മേഖലയിലെ ചെറുകിട കര്‍ഷകര്‍ക്ക് ലാഭകരമായി പ്രവര്‍ത്തിക്കാന്‍ ഉതകുന്ന പരിശീലനവും ബോധവത്ക്കരണവും നല്‍കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അഭിപ്രായപ്പെട്ടു. ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത്, മൃഗ സംരക്ഷണ വകുപ്പുമായി സഹകരിച്ച് നടപ്പാക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെ സഞ്ചരിക്കുന്ന മൃഗാശുപത്രി വാഹനത്തിന്റെ ഫ്ളാഗ് ഓഫ് നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ക്ഷീര കര്‍ഷകര്‍ക്ക് പരിശീലനം നല്‍കാന്‍ പാല്‍ സൊസൈറ്റികളും ഉദ്യോഗസ്ഥരും ബാധ്യതപ്പെട്ടവരാണ്. പരിശീലനം അടുത്ത ദിവസം മുതല്‍ തുടങ്ങണമെന്നും അദ്ദേഹം മന്ത്രി ആവശ്യപ്പെട്ടു. ഒരു ലിറ്റര്‍ പാലില്‍ നിന്ന് വലിയ കമ്പനികള്‍ ഗണ്യമായ ലാഭം ഉണ്ടാക്കുമ്പോള്‍ ക്ഷീര കര്‍ഷകര്‍ക്ക് നേട്ടം ഉണ്ടാക്കാന്‍ കഴിയുന്നില്ല. മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിച്ചാലും കുത്തകകള്‍ക്ക് മുന്നില്‍ ചെറുകിട മേഖലയ്ക്ക് പിടിച്ച് നില്‍ക്കാനാവില്ല. ഇത് പരിഹരിക്കാന്‍ ഓരോ കര്‍ഷകനെയും ക്ഷീര മേഖലയില്‍ എങ്ങിനെ പ്രവര്‍ത്തിക്കണമെന്ന് പഠിപ്പിക്കുകയും അറിവുള്ളവരാക്കുകയും ചെയ്യണം. ഉദ്യോഗസ്ഥര്‍ക്ക് ഇക്കാര്യത്തില്‍ വലിയ ചുമതലകള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ ക്ഷീര കര്‍ഷകര്‍ക്ക് അവരുടെ വീടുകളില്‍ എത്തി അടിയന്തിര ചികിത്സാ സഹായം, ഡോക്റ്ററുടെ സേവനം മരുന്ന് എന്നിവ സൗജന്യമായി നല്‍കുകയാണ് പദ്ധതി ലക്ഷ്യം. പശു വളര്‍ത്തല്‍ ഉപജീവനമാക്കിയ 7500 ഓളം കര്‍ഷകര്‍ക്ക് പദ്ധതി ഉപകാരപ്രദമാകും. ചിറ്റൂര്‍ ബ്ലോക്ക് കമ്മ്യുണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.മുരുകദാസ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മിനി മുരളി, മാധുരി പത്മനാഭന്‍, എം. പത്മിനി, പെരുമാട്ടി, എലപ്പുള്ളി ഗ്രാപഞ്ചായത്ത് അധ്യക്ഷമാരായ റിഷാ പ്രേംകുമാര്‍, കെ.രേവതി ബാബു, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. സുജാത, ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ ഡോ റെജി വര്‍ഗീസ് ജോര്‍ജ്ജ്, ഡയറി ഡെപ്യുട്ടി ഡയറക്റ്റര്‍ ജെ.എസ് ജയസുധീഷ്, അസിസ്റ്റന്റ് ഡെവലപ്പ്മെന്റ് കമ്മീഷണര്‍ എം.പി രാമദാസ് എന്നിവര്‍ സംസാരിച്ചു. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, ക്ഷീര സംഘം പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.