

ചുട്ടുപൊള്ളുന്ന ഇരുപത് സെന്‍റ് പാറപ്പുറത്ത് 22 കുടുംബങ്ങള്‍ കഴിയുന്ന കടപ്പാറ മൂർത്തിക്കുന്ന് ആദിവാസി കോളനിയില്‍ വെള്ളത്തിന് ഇന്നും ആശ്രയം കിലോമീറ്റർ ദൂരെയുള്ള കാട്ടുചോലയിലെ ഉറവകള്‍ മാത്രം. കാട്ടില്‍നിന്നും ഹോസ് വഴി വെള്ളം എത്തിച്ചാണ് പ്രാഥമികാവശ്യങ്ങള്‍ വരെ ഇവർ നിറവേറ്റുന്നത്.
പാറക്കൂട്ടങ്ങള്‍ മാത്രമുള്ള കോളനിയിലെ വീടുകള്‍ക്കുചുറ്റും വെള്ളത്തിന്‍റെ വലിയ പൈപ്പുകള്‍ തലങ്ങും വിലങ്ങും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഒന്നിലും വെള്ളം വരാറില്ലെന്നു കോളനിയിലെ ലക്ഷ്മി പറഞ്ഞു. കൊടുംചൂടില്‍ പൈപ്പിന്‍റെ ചൂടും സഹിക്കേണ്ട സ്ഥിതിയാണ്.
എവിടെയും പാറപ്പുറങ്ങളായതിനാല്‍ കോളനിയില്‍ കക്കൂസില്ല. പ്രാഥമിക കൃത്യങ്ങള്‍ നിറവേറ്റുന്നത് താഴെയുള്ള തോട്ടിലും പൊന്തക്കാടുകളിലുമാണ്. ഇതിനാല്‍ അതിരാവിലെ എഴുന്നേറ്റ് കാര്യങ്ങള്‍ നടത്തണം.
പിന്നെ രാത്രി ഇരുട്ടും വരെ കാത്തിരിക്കണം പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാൻ. ഒരടി പോലും താഴ്ത്താൻ കോളനിയില്‍ മണ്ണില്ല. പ്രദേശം മുഴുവൻ വലിയ പാറകളാണ്.
ആരെങ്കിലും മരിച്ചാല്‍ തന്നെ കുഴിയെടുക്കാൻ കഴിയില്ല. ചുറ്റും കല്ലുകെട്ടി ഉയർത്തി അതില്‍ മൃതദേഹംവച്ചാണ് മറവുചെയ്യുന്നത്. ദുർഗന്ധം അസഹ്യമാകുമ്പോള്‍ എന്തെങ്കിലുമൊക്കെ കത്തിച്ചുവച്ച് മണം അകറ്റും.
നിലവിലുള്ള വീടുകളെല്ലാം തകർന്നുവീഴാറായ നിലയിലാണ്. കനത്ത ചൂടില്‍ ഉയരം കുറഞ്ഞ വീടുകള്‍ക്കുള്ളിലോ, പുറത്തോ ഇരിക്കാനാകുന്നില്ലെന്ന് ഇവർ പറയുന്നു. ഇവരെ മാറ്റി പാർപ്പിക്കാൻ മേലാർക്കോട്ടില്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ടെങ്കിലും അവിടെ ഇവർക്ക് ജീവിക്കാനുള്ള വരുമാനമാർഗങ്ങളൊന്നുമില്ല.
പാറപ്പുറങ്ങളും, പാഴ്മരങ്ങളും നില്‍ക്കുന്ന പ്രദേശമാണ്. മാറ്റി പാർപ്പിച്ചാല്‍ തന്നെ വനവിഭവങ്ങള്‍ ശേഖരിക്കാൻ ഇത്രയും ദൂരം താണ്ടി കടപ്പാറയില്‍തന്നെ എത്തണം.
അതേസമയം, കൃഷിഭൂമിക്കും വീടിനുമായി കോളനിക്കടുത്ത് മൂർത്തിക്കുന്നില്‍ വനഭൂമി കൈയേറിയുള്ള ഇവരുടെ രാപ്പകല്‍ സമരം എട്ടുവർഷമായി തുടരുകയാണ്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/FVdWBsThL3C1b0rAU59Sge
