വെള്ളിയാങ്കല്ല് കയാക്കിങ് ഉടൻ യാഥാർത്ഥ്യമാകും; സ്പീക്കർ എം.ബി രാജേഷ്
വെള്ളിയാങ്കല്ലിൽ കയാക്കിങ് പരിശീലനത്തിനുള്ള തടസ്സങ്ങൾ മറികടന്ന് പദ്ധതി ഉടൻ യാഥാർഥ്യമാകുമെന്ന് നിയമസഭാ സ്പീക്കർ
എം.ബി രാജേഷ്. വെള്ളിയാങ്കല്ല് പൈതൃക പാർക്ക് നവീകരണ പദ്ധതി പൂർത്തീകരണത്തിന്റെയും സാംസ്കാരിക പരിപാടിയായ ചിലമ്പ് 2022 ന്റെയും ഉദ്ഘാടനം വെള്ളിയാങ്കല്ല് പൈതൃക പാർക്കിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറിഗേഷൻ വകുപ്പിൽ നിന്ന് ലഭിച്ച പന്നിയൂർ തുറ, മുടപ്പക്കാട് പ്രദേശങ്ങളിലെ ടൂറിസം വികസനത്തിനുള്ള പദ്ധതി ഡി.പി.ആർ തയ്യാറാക്കി കഴിഞ്ഞു. ഉടൻ തന്നെ ഇതിന് അംഗീകാരം ലഭിച്ച് പദ്ധതി ആരംഭിക്കുമെന്നും സ്പീക്കർ പറഞ്ഞു. തൃത്താലയും പട്ടിത്തറയും കേന്ദ്രീകരിച്ച് ആരംഭിക്കുന്ന ഉത്തരവാദിത്വ ടൂറിസം പദ്ധതിക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രളയത്തിൽ തകർന്ന തൃത്താല വെള്ളിയാങ്കല്ല് പൈതൃക പാർക്കിൽ 43 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിരിക്കുന്നത്.
തൃത്താല വെള്ളിയാങ്കല്ല് പൈതൃക പാർക്കിൽ ആരംഭിച്ച ചിലമ്പ് സാംസ്കാരികോത്സവത്തെ ദേശീയ ഉത്സവമാക്കി മാറ്റുകയാണ് ലക്ഷ്യം.
എം.ടി വാസുദേവൻ നായർ ഉൾപ്പെടെയുള്ള പ്രമുഖ എഴുത്തുകാരുടെ സഹകരണം ഇതിനായി ഉറപ്പാക്കിയിട്ടുണ്ടെന്നും സ്പീക്കർ പറഞ്ഞു. തൃത്താല വെള്ളിയാങ്കല്ല് പൈതൃക പാർക്കിലെ ചിലമ്പ് ഉത്സവത്തിലൂടെ പ്രദേശത്ത ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുകയും സാംസ്കാരിക കേന്ദ്രമാക്കി തൃത്താലയെ മാറ്റുകയുമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് മൂലം വേദികൾ നഷ്ടപ്പെട്ട കലാകാരന്മാർക്ക് വേദി ഒരുക്കുകയും ചിലമ്പിലൂടെ ലക്ഷ്യമിടുന്നു. തൃത്താലയിലെ പ്രാദേശിക കലാകാരന്മാർക്ക് മുൻഗണന നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മെയ് 16 വരെ ശനി, ഞായർ ദിവസങ്ങളിലായി ചിലമ്പിന്റെ ഭാഗമായുള്ള പരിപാടികൾ അരങ്ങേറും. തൃത്താലയിലെ തനത് കലകളുടെ അവതരണം തുടർന്ന് കലാപരിപാടികളും നടക്കും. ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഡി.ടി.പി.സിയാണ് ചിലമ്പ് സംഘടിപ്പിക്കുന്നത്.
പരുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി.എം സക്കറിയ അധ്യക്ഷനായ പരിപാടിയിൽ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷാനിബ ടീച്ചർ, കമ്മുക്കുട്ടി എടത്തോൾ, പട്ടിത്തറ, ആനക്കര, കപ്പൂർ പഞ്ചായത്ത് പ്രസിഡന്റുമാരായ പി ബാലൻ, കെ. മുഹമ്മദ്, ഷറഫുദ്ധീൻ കളത്തിൽ, തൃത്താല ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, ഡി.ടി.പി.സി സെക്രട്ടറി എസ്.വി സിൽബർട്ട് ജോസ്, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ what’s a pൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക
https://chat.whatsapp.com/HdkMvnTRf2D2zllFHpPFrW