വണ്ടാഴി പഞ്ചായത്തില്‍ വീണ്ടും ക്വാറിയ്ക്ക് നീക്കം പ്രതിഷേധവുമായി പ്രദേശവാസികൾ

Share this News

വണ്ടാഴി പഞ്ചായത്തില്‍ വീണ്ടും ക്വാറിയ്ക്ക് നീക്കം പ്രതിഷേധവുമായി പ്രദേശവാസികൾ


പ്രവര്‍ത്തനം നിര്‍ത്തിവെച്ച ക്വാറിയ്ക്ക് സമീപം വീണ്ടും പുതിയ ക്വാറി തുടങ്ങുവാന്‍ നീക്കം. അയിലൂര്‍ വണ്ടാഴി ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമായ കാന്തളത്തിന് സമീപം  പുതിയ ക്വാറിയ്ക്കായി പാരിസ്ഥിതിക അനുമതി തേടിയത്. രണ്ടുവര്‍ഷം മുന്‍പ് പാറപ്പെട്ടിക്കുന്നതിനാല്‍ സമീപ വാസികളുടെ വീടുകള്‍ക്ക് വിള്ളല്‍ വീണതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തിലാണ് അന്ന് ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിയത്. ഈ ക്വാറിയോട് ചേര്‍ന്നുള്ള സ്ഥലത്താണ് പുതിയ ക്വാറി തുടങ്ങാനുള്ള നീക്കം നടക്കുന്നത്. ഇതിന്റെ ഭാഗമായി ക്വാറി പ്രവര്‍ത്തിപ്പിക്കുന്നതിനാശ്യമായ സ്ഥലത്തെ മരങ്ങളും മണ്ണും നീക്കിത്തുടങ്ങി.
വണ്ടാഴി ഗ്രാമപ്പഞ്ചായത്തിലെ വണ്ടാഴി, മംഗലംഡാം വില്ലേജുകളിലായി നിലവില്‍ ദേശീയ പാത അതോറിറ്റിയ്ക്ക് കരിങ്കല്ലുകള്‍ നല്‍കുന്നത് ഉള്‍പ്പെടെ മൂന്ന് ക്രഷര്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നതിനു 200 മീറ്റര്‍ അടുത്തായാണ് പുതിയ ക്വാറിയ്ക്ക് വേണ്ടി മുടപ്പല്ലൂര്‍ സ്വദേശി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. പുതിയ ക്വാറി ജനവാസ മേഖലയ്ക്ക് അടുത്തായതിനാല്‍ തന്നെ കൂടുതല്‍ വീടുകള്‍ക്കും, വസ്തുക്കള്‍ക്കും നാശനഷ്ടമുണ്ടാകുമെന്ന് പ്രദേശവാസികള്‍ പറയുന്നു. കാന്തളം, ആദിവാസി കോളനിയായ മലയക്കോളനി, തുടങ്ങിയ പ്രദേശത്തെ 30 ലധികം വീടുകളെ ദോഷകരമായി ബാധിക്കുന്നതാണ് പുതിയ ക്വാറിയ്ക്കുള്ള നീക്കം.
വര്‍ഷങ്ങളായി മലയക്കോളിനിയുള്ളവര്‍ ഉള്‍പ്പെടെ മംഗലംഡാമിലേക്ക് നടന്നുപോകുന്ന വഴിയരികിലാണ് പുതിയ ക്വാറി വരുന്നതിന് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. രണ്ടുവര്‍ഷം മുന്‍പ് പ്രവര്‍ത്തിച്ചപ്പോള്‍ വലിയ ശബ്ദത്തോടെ പാറപൊട്ടിക്കലിനെ തുടര്‍ന്ന് പ്രദേശത്തെ നിരവധി വീടുകള്‍ക്ക് വിള്ളലുണ്ടായിട്ടുണ്ട്. അടുത്തിടെ നിര്‍മ്മിച്ച വീടിന്റെ ജനലുകള്‍ ഉള്‍പ്പെടെ തകരുകയും ചെയ്തു. പരാതികള്‍ നല്‍കിയാലും അധികൃതര്‍ ഗൗരവമായി എടുക്കാറില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. നിലയില്‍ ഈ ക്വാറികളില്‍ നിന്നുള്ള കല്ലും, പാറപ്പൊടിയും ഉള്‍പ്പെടെ നൂറ് കണക്കിന് ടിപ്പര്‍ ലോറികളാണ് മംഗലംഡാം മുടപ്പല്ലൂര്‍ പാതയിലൂടെ കടന്നുപോകുന്നത്. ഇനിയും ഭാരവാഹനങ്ങള്‍ ഓടിത്തുടങ്ങിയാല്‍ അടുത്തിടെ പുതുക്കിപ്പണിത പാത പൂർണമായും തകരാന്‍ ഇടയാക്കുമെന്നും പ്രദേശവാസികള്‍ പറയുന്നു.
നാലാമത് ഒരു ക്വാറി കൂടി വന്ന പ്രദേശത്തെ ഘടന തന്നെ മാറുമെന്നും, പാറപ്പൊടിയും, മണ്ണും മാലിന്യങ്ങളും പുഴയിലേക്ക് ഒഴുകി കുടിവെള്ളത്തിന് പോലും ദുരിതമുണ്ടാകുമെന്നും, ഇവിടെ താമസിക്കുന്നവര്‍ വീടൊഴിഞ്ഞുപോകേണ്ട സ്ഥിതിയാകുമെന്നും ചൂണ്ടിക്കാണിച്ച് പ്രദേശവാസികള്‍ പരാതി നല്‍കാനൊരുങ്ങുകയാണ്

പുതിയ ക്വാറി നടത്തുന്നതിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഈ മാസം 24 ന് പൊതുജനങ്ങളില്‍ നിന്ന് പരാതികള്‍ സ്വീകരിക്കും. മുടപ്പല്ലൂര്‍ ജസീയ ഓഡിറ്റോറിയത്തില്‍ വെച്ച് കാലത്ത് 11 മണിയ്ക്കാണ് കോഴിക്കോട് മേഖല ഓഫീസ് ചീഫ് എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയറുടെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടത്തുന്നത്. പ്രദേശവാസികളുടെ ആശങ്കള്‍ നേരിട്ടോ, വാക്കാലോ, രേഖാമൂലമോ അവതരിപ്പിക്കുന്നത് സൗകര്യമുണ്ടാകുമെന്ന് കാണിച്ച് അറിയിപ്പ് നല്‍കിയിട്ടുണ്ട്.



10 വര്‍ഷത്തിലധികമായി ഇവിടെ താമസിക്കുന്നു. രണ്ടുവര്‍ഷം മുന്‍പ് പാറപ്പൊട്ടിച്ചതോടെ ഞങ്ങളുടെ ചിമ്മിനിയുടെ കോണ്‍ക്രീറ്റ് തകര്‍ന്നുതുടങ്ങി. കുലുക്കത്തില്‍ ജനലും, വാതിലുകളിലും തകരാര്‍ സംഭവിച്ചു. ഭക്ഷണം കഴിക്കുമ്പോള്‍ കോണ്‍ക്രീറ്റ് ഇളകി പൊടിവീഴുന്ന സ്ഥിതിയാണ്. അതുകൊണ്ട് ഇനി ഇവിടെ പുതിയ ക്വാറിയ്ക്ക് അനുമതി കൊടുക്കരുത്.
ടി.സി.രാമചന്ദ്രന്‍
കാന്തളം

15 വര്‍ഷമായി നിര്‍മ്മിച്ച കോണ്‍ക്രീറ്റ് വീട്ടിലാണ് താസമിക്കുന്നത്. കഴിഞ്ഞ തവണ പാറപ്പെട്ടിച്ചതിനാല്‍ വീടിന്റെ ചുമരും, നിലവും ഉള്‍പ്പെടെ വിണ്ടുകീറിയ നിലയിലാണ്. ഇനിയും ക്വാറി വന്നാല്‍ കിടപ്പാടം നഷ്ടപ്പെടുന്ന സ്ഥിതിയാകും.
കെ.എസ്.രവി.
കാന്തളം


വര്‍ഷങ്ങളായി ഇവിടെ താമസിക്കുന്ന ഞങ്ങളുടെ വീടിന് പലതരത്തിലും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പാറപൊട്ടിക്കുന്നതിന്റെ പ്രകമ്പനത്തില്‍ വീട് വിണ്ടുകീറി. നിരവധി തവണ പരാതികള്‍ നല്‍കിയെങ്കിലും നടപടിയോ, നഷ്ടപരിഹാരമോ ലഭിച്ചിട്ടില്ല. പുതിയ ക്വാറിയ്ക്ക് അനുമതി നല്‍കിയാല്‍ ഇവിടെ താമസിക്കാന്‍ പറ്റാത്ത സ്ഥിതിയാകും
ശിവന്‍പിള്ള
ചെമ്പിലാക്കല്‍, കാന്തളം


അടുത്തടുത്തായി താമസിക്കുന്ന ചെറിയ വീടുകളാണ് കോളനിയിലുള്ളത്. അതുകൊണ്ട് തന്നെ പുതിയ ക്വാറി വന്നാല്‍ പാറപൊട്ടിക്കുമ്പോഴുണ്ടാകുന്ന കുലുക്കത്തില്‍ ഞങ്ങളുടെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കും.അതുകൊണ്ട് പുതിയ ക്വാറി തുടങ്ങാന്‍ അനുമതി കൊടുക്കരുത്
ദേവു.
മലയക്കോളനി, കാന്തളം


പുതിയ ക്വാറി ഞങ്ങളുടെ വീടുകള്‍ക്കും, ജീവിതത്തിനും ഭീഷണിയായതിനാല്‍ സമരത്തിനിറങ്ങേണ്ടിവരും. സാധാരണ പോലെ ജീവിക്കാന്‍ ഞങ്ങളെ അനുവദിക്കണം.
പൊന്നു. മലയകോളനി, കാന്തളം.


പാറപൊട്ടിച്ച സമയത്ത് കുലുക്കം തട്ടി വീടിന്റെ ജനല്‍ ഗ്ലാസ്സുകള്‍ പൊട്ടിയിരുന്നു. പലപ്പോഴും പാറപൊട്ടിക്കുതിനാല്‍ കുട്ടികള്‍ പോലും ഞെട്ടി ഉണരുന്ന സ്ഥിതിമൂലം ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്.
എല്‍ബിന്‍ ജോര്‍ജ്ജ്
ചെല്ലാടിപുത്തന്‍പുര
കാന്തളം


വണ്ടാഴി ഗ്രാമപഞ്ചായത്ത് പരിധിയിൽ പുതിയ കോറി തുടങ്ങാനുള്ള നീക്കം പഞ്ചായത്ത് ഭരണസമിതി പരിശോധിച്ച് നടപടിയെടുക്കും. രണ്ടുവർഷം മുമ്പ് പ്രവർത്തിപ്പിച്ചപ്പോൾ പ്രദ്ദേശവാസികൾക്ക് ഉണ്ടായ ബുദ്ധിമുട്ട് കണക്കിലെടുത്താണ് നിർത്തലാക്കിയത്. വീണ്ടും ജനവാസ മേഖലയിൽ തുടങ്ങാനുള്ള നീക്കം അനുവദിക്കില്ല.
കെ.എൽ രമേഷ്
വണ്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/GnVlg7PT8egFHJa8gjaWmx


Share this News
error: Content is protected !!