എരുക്കുംചിറ, മംഗലംഡാം, ചെറുകുന്നം യാക്കോബായ പള്ളികൾ ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിനു കൈമാറണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതിനു പോലീസ് എത്തിയതിനെത്തുടർന്ന് പ്രദേശത്ത് പ്രതിഷേധം. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവങ്ങൾ.
എരുക്കുംചിറ സെന്റ് മേരീസ്, മംഗലംഡാം സെന്റ് മേരീസ്, ചെറുകുന്നം സെന്റ് തോമസ് പള്ളികൾ ഓർത്തഡോക്സ് വിഭാഗത്തിനു കൈമാറിയശേഷം 26-ന് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. ബലപ്രയോഗം പാടില്ലെന്നും ഉത്തരവിലുണ്ട്. ഏറ്റെടുക്കൽ നടപടികൾക്കു മുന്നോടിയായി ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ്, ഡിവൈ.എസ്.പി.മാരായ എ.കെ. വിശ്വനാഥ്, അബ്ദുൾ മുനീർ, പി.കെ. ഹരിദാസ്, പ്രവീൺ കുമാർ, ടി.കെ. ഷൈജു, ടി.എസ്. ഷിനോജ് തുടങ്ങിയവരാണ് പള്ളികളിലെത്തിയത്. ഇതോടെ വിശ്വാസികൾ പള്ളിമുറ്റത്തും പരിസരത്തുമായി തടിച്ചുകൂടി.
തൃശ്ശൂർ ഭദ്രാസന മെത്രാപ്പോലീത്ത കുര്യാക്കോസ് മോർ ക്ലീമീസിന്റെ നേതൃത്വത്തിൽ വിവിധ ഇടവകകളിൽനിന്നുള്ള വൈദികരും സ്ഥലത്തെത്തി. എരുക്കുംചിറയിൽ വിശ്വാസികൾ പള്ളിമുറ്റത്തു കടന്നശേഷം ഗേറ്റ് പൂട്ടി. പള്ളിക്കുള്ളിൽ പ്രാർഥനയും നടക്കുന്നുണ്ടായിരുന്നു. പോലീസ് ഗേറ്റ് തുറക്കാനാവശ്യപ്പെട്ടെങ്കിലും വിശ്വാസികൾ വഴങ്ങിയില്ല. ഏറ്റെടുക്കാനല്ലെന്നും സന്ദർശനം മാത്രമാണ് ലക്ഷ്യമെന്നും പറഞ്ഞതോടെ ഗേറ്റ് തുറന്നു. പരിശോധന പൂർത്തിയാക്കി പോലീസ് പുറത്തുകടന്നശേഷം പൂട്ടി.
മംഗലംഡാമിൽ ഗേറ്റ് പൂട്ടി വിശ്വാസികളും വൈദികരും അകത്തു ആരെയും പ്രവേശിപ്പിക്കാതെ കരഞ്ഞു കൊണ്ട് പ്രതിഷേധം തുടരുന്നു.
ചെറുകുന്നത്തും ആരെയും പ്രവേശിക്കാനനുവദിക്കാതെ വിശ്വാസികൾ പുറത്തു തടിച്ചുകൂടി. ഏതുനിമിഷവും പോലീസ് ഉള്ളിൽ കടക്കുമെന്ന ആശങ്കയെത്തുടർന്ന് രാത്രിയിലും വിശ്വാസികൾ പള്ളിപ്പരിസരത്ത് തുടർന്നു. അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/GnVlg7PT8egFHJa8gjaWmx