പന്നിയങ്കര ചർച്ച പരാജയം: നിരക്കിൽ കുറവു വരുത്താൻ കഴിയില്ലെന്ന് ടോൾ കമ്പനി.
പാലക്കാട്: പന്നിയങ്കര ടോള്‍ പ്ലാസയില്‍ സ്വകാര്യ ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള അമിത ടോള്‍ നിരക്ക് സംബന്ധിച്ച് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ അദ്ധ്യക്ഷതയില്‍ ഇന്നലെ വൈകീട്ട് പാലക്കാട് കളക്ടറേറ്റില്‍ നടന്ന ചര്‍ച്ചയും പരാജയപ്പെട്ടു. നിശ്ചയിച്ച ടോള്‍ നിരക്കില്‍ കുറവുവരുത്താന്‍ കഴിയില്ലെന്ന ടോള്‍ കമ്പനിയുടെയും നാഷണല്‍ ഹൈവേ അതോറിറ്റിയുടെയും നിലപാടാണ് ചര്‍ച്ച തീരുമാനമാകാതെ പിരിയാന്‍ കാരണമായത്.
സ്വകാര്യബസുകള്‍ മാസം 37,800 രൂപ ടോള്‍ നല്‍കണമെന്ന കടുംപിടുത്തമാണ് ടോള്‍ കമ്പനി ചര്‍ച്ചയില്‍ ആവര്‍ത്തിച്ചത്. എന്നാല്‍, മാസം ട്രിപ്പുകള്‍ നോക്കാതെ 10,540 രൂപ നല്‍കാന്‍ ബസുടമകള്‍ തയാറാണെന്ന് അറിയിച്ചെങ്കിലും അത് കമ്പനി നിരസിക്കുകയായിരുന്നു. വായ്പ നല്‍കിയ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന്റെ അനുമതി വേണമെന്ന മറുപടിയായിരുന്നു കമ്പനിയുടേത്. സ്വകാര്യ ബസുകളില്‍ നിന്നും ഈടാക്കാവുന്ന ടോള്‍ നിരക്ക് സംബന്ധിച്ച് റോഡ് നിര്‍മ്മാണത്തിന്റെ കരാര്‍ വ്യവസ്ഥയില്‍ ഉണ്ടെന്നാണ് ടോള്‍ കമ്പനിയുടെ വാദം. ചര്‍ച്ചയ്ക്കിടെ തന്നെ കളക്ടര്‍ കമ്പനിയുടെ ആന്ധ്രയിലുള്ള സി.ഇ.ഒയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. രണ്ടു ദിവസത്തിനുള്ളില്‍ അന്തിമതീരുമാനം അറിയിക്കാമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത കരാര്‍ കമ്പനിയുടെയും നാഷണല്‍ ഹൈവേ അതോറിറ്റിയുടെയും പ്രതിനിധികള്‍ പറഞ്ഞു. എന്നാല്‍, രണ്ടുദിവസം കാത്തുനില്‍ക്കാതെ ഇന്ന് വടക്കഞ്ചേരിയില്‍ യോഗം ചേര്‍ന്ന് ഭാവിസമര പരിപാടികള്‍ ആലോചിക്കാനാണ് ബസുടമ തൊഴിലാളി സംയുക്ത സമരസമിതിയുടെ തീരുമാനം.
സമരസമിതി നേതാക്കള്‍ മന്ത്രി കെ.കൃഷ്ണന്‍കുട്ടിക്കും മന്ത്രി മുഹമ്മദ് റിയാസിനും നല്‍കിയ നിവേദനങ്ങളെ തുടര്‍ന്നാണ് ഇന്നലെ ചര്‍ച്ച നടത്തിയത്. സംയുക്ത സമരസമിതി നേതാക്കളായ ടി.ഗോപിനാഥന്‍, ജോസ് കുഴുപ്പില്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾക്ക് താഴെ click ചെയ്യുക
https://chat.whatsapp.com/BxU90EO11IC65Vl1NNYsoB