
കസ്തൂരിരംഗൻ റിപ്പോർട്ട് പ്രകാരം പരിസ്ഥിതിലോല പ്രദേശം (ഇ.എസ്.എ.) പുതുക്കി നിർണയിച്ചപ്പോൾ രണ്ടുതരം ഭൂപടങ്ങൾ തയ്യാറാക്കി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച് സംസ്ഥാന പരിസ്ഥിതിവകുപ്പ്. ഇ.എസ്.എ. പരിധിയിൽനിന്ന് ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും പൂർണമായും ഒഴിവാക്കുമെന്ന സർക്കാർ ഉറപ്പ് നിലനിൽക്കെയാണ് ഇവ ഉൾപ്പെട്ട ഒരു ഭൂപടവും അത്തരം പ്രദേശങ്ങൾ ഒഴിവാക്കിയ മറ്റൊന്നും പ്രസിദ്ധീകരിച്ചത്.
വില്ലേജുകളുടെ അതിർത്തി തിരിച്ചറിയാനാണ് പൂർണതോതിലുള്ള ഭൂപടവും ഇ.എസ്.എ. അതിർത്തികളുള്ള ഭൂപടവും പ്രസിദ്ധീകരിച്ചത് എന്നാണ് പരിസ്ഥിതിവകുപ്പ് അധികൃതരുടെ നിലപാട്. എന്നാൽ, ഈ ഭൂപടത്തിൽ പല വില്ലേജുകളുടെയും അതിർത്തിയിലൂടെയല്ല ഇ.എസ്.എ. അതിർത്തി അടയാളപ്പെടുത്തിയിട്ടുള്ളത്. ഇത് മലയോരകർഷകരുടെ ആശങ്ക വർധിപ്പിക്കുകയാണ്.
പാലക്കയം വില്ലേജ് പൂർണമായും കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പള്ളിപ്പടി, വർമങ്കോട്, ഇരുമ്പകച്ചോല പ്രദേശങ്ങളും ഭൂപടത്തിൽ ഉൾപ്പെട്ടപ്പോൾ വിജ്ഞാപനത്തിൽ പെടാത്ത പൊറ്റശ്ശേരി-ഒന്ന് വില്ലേജിലെ ചിറക്കൽപ്പടി, കാഞ്ഞിരപ്പുഴ റോഡിന്റെ ഭാഗങ്ങൾ, ഇവിടെയുള്ള ജനവാസമേഖലകൾ എന്നിവയും ചേർത്തു. വില്ലേജ് അതിർത്തി അറിയാനാണ് രണ്ട് ഭൂപടങ്ങൾ പ്രസിദ്ധീകരിച്ചത് എന്ന നിലപാടിന് വിരുദ്ധമായ നടപടിയാണിതെന്ന് കർഷകർ പറയുന്നു.
കേന്ദ്രസർക്കാരിന്റെ ഗസറ്റ് വിജ്ഞാപനത്തിൽ വില്ലേജുകൾ പൂർണമായും ഉൾപ്പെടുത്തിയിരിക്കുന്ന തരത്തിലാണ് പട്ടിക നൽകിയിട്ടുള്ളത്. ഈ രീതി സാധൂകരിക്കുന്ന ഭൂപടങ്ങൾ പുറത്തിറക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ ബാധ്യതയാണെന്നും കർഷകർ ചൂണ്ടിക്കാട്ടുന്നു. പ്രസിദ്ധീകരിച്ച രണ്ട് ഭൂപടങ്ങളിൽ ഏതാണ് അന്തിമമായി അംഗീകരിക്കുന്നതെന്നതിന് സർക്കാർതലത്തിൽ വ്യക്തതയില്ലാത്തതും കർഷകരിൽ ആശങ്കയുളവാക്കുന്നുണ്ട്.
ജില്ലയിലെ 14 വില്ലേജുകളിൽ ഇ.എസ്.എ. പരിധിയിലുൾപ്പെട്ട സ്ഥലങ്ങൾ ചുവടെ:
👇🏻
അട്ടപ്പാടിയിലെ പൂതൂർ, അഗളി, ഷോളയൂർ എന്നീ പഞ്ചായത്തുകളിലെ ആറ് വില്ലേജുകൾ പൂർണമായും
തെങ്കര, കാഞ്ഞിരപ്പുഴ, തച്ചമ്പാറ, കരിമ്പ പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന പാലക്കയം വില്ലേജിലെ മെഴുകുമ്പാറ, ആനമൂളി, പാങ്ങോട്, പൂഞ്ചോല, പള്ളിപ്പടി, വെള്ളത്തോട്, കൊരണകുന്ന്, ഇരുമ്പകച്ചോല, പാലക്കയം, അച്ചിലിട്ടി, മൂന്നേക്കർ, മീൻവല്ലം
പുതുപ്പരിയാരം-ഒന്ന്, മലമ്പുഴ-ഒന്ന്, പുതുശ്ശേരി എന്നീ വില്ലേജുകളിലെ പുളിയമ്പുള്ളി, നൊച്ചുപ്പള്ളി, കയ്യറ, ഞാറക്കോട്, ധോണി, അട്ടപ്പള്ളം ടോൾപ്ലാസ, കനാൽപ്പിരിവ്, പാലക്കാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (പി.ഐ.എം.എസ്.), അഹല്യ കാമ്പസ്
നെല്ലിയാമ്പതി വില്ലേജ് പൂർണമായും
മുതലമട-ഒന്ന്, മുതലമട-രണ്ട്, കിഴക്കഞ്ചേരി-ഒന്ന് വില്ലേജുകളിലെ ഗോവിന്ദാപുരം, മീങ്കര, പരുത്തിക്കാട്, മുതലമട മാംഗോസിറ്റി, ചെമ്മണാമ്പതി, കണിച്ചിപ്പരുത, ആരോഗ്യപുരം, പനംകുറ്റി, പാലക്കുഴി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HTU5rPnaMWG9YncrKipPRr
