നെന്മാറ പറക്കും സ്വാമി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സ്വാമി വിഷ്ണു ദേവാനന്ദയുടെ ജന്മനാട് ശിവാനന്ദ യോഗ അധികൃതർ സന്ദർശിച്ചു. തിരുവനന്തപുരം നെയ്യാർ ഡാമിനടുത്തുള്ള ശിവാനന്ദ സ്വാമി വേദാന്ത ധന്വന്തരി ആശ്രമ അധികൃതരാണ് നെന്മാറ കണിമംഗലത്തുള്ള വിഷ്ണു ദേവാനന്ദയുടെ ജന്മനാട് സന്ദർശിച്ചത്. നെന്മാറ ഗംഗോത്രി സ്കൂളിൽ ആശ്രമാധികൃതർക്ക് ഗംഗോത്രി ട്രസ്റ്റിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. വിദ്യാർത്ഥികളും രക്ഷിതാക്കളുമായി യോഗയുടെ വിവിധ വശങ്ങളെ കുറിച്ച് സംവാദം നടത്തി. സ്കൂളിൽ നടന്ന ചടങ്ങിൽ പുതുതലമുറയ്ക്ക് പറക്കും സ്വാമി എന്നറിയപ്പെടുന്ന സ്വാമി വിഷ്ണു ദേവാനന്ദയെ കുറിച്ച് ഹൃസ്വ വിവരണം നൽകി. സംഘർഷം നിലനിന്ന ഇന്ത്യ പാകിസ്ഥാൻ, ബംഗ്ലാദേശ് അതിർത്തികൾ, ഇരു ജർമ്മനികളുടെ ബെർലിൻ മതിൽ, വടക്കൻ അയർലൻഡ്, സൂയസ് കനാൽ തർക്കത്തിൽ ടെൽ അവീവ്, എന്നിവിടങ്ങളിൽ സ്വാമി വിമാനത്തിൽ പറന്ന് തർക്ക പ്രദേശങ്ങളിൽ പുഷ്പങ്ങളും സമാധാനത്തിനായുള്ള ലഘുലേഖകളും വിതറി ലോകസമാധാന സന്ദേശം നൽകിയ ചരിത്രം കുട്ടികൾക്കു മുമ്പിൽ വിവരിച്ചു. ഇതോടെയാണ് സ്വാമിക്ക് പറക്കും സ്വാമി എന്ന അപരനാമം ലഭിച്ചത്. യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും കോവിഡ് ഉൾപ്പെടെയുള്ള മഹാമാരികളിൽ നിന്ന് രക്ഷനേടാൻ പ്രാണയാമ പോലുള്ള ശ്വാസകോശ യോഗകൾ മാനവരാശിയെ സഹായിച്ച കാര്യങ്ങളും യോഗയുമായുള്ള സംവാദത്തിൽ വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിച്ചു. കർമ്മ, ഭക്തി, ജ്ഞാന, യോഗകളെക്കുറിച്ച് വിവരണം നൽകി. യോഗ ഊർജ്ജവും ഉന്മേഷവും സമാധാനവും ആരോഗ്യവും നൽകുമെന്നും. നാനാത്വത്തിൽ ഏകത്വവും, ഭിന്നതകൾ മറന്ന് നാം ഒന്നാണെന്നും, മനുഷ്യൻ ഒരു ദൈവത്തിന്റെ മക്കളാണെന്നും ഉള്ള ശിവാനന്ദ സ്വാമിയുടെ ദർശനങ്ങളെ സ്കൂളിൽ നടന്ന ചടങ്ങിൽ സ്വാമി ശിവാനന്ദ യോഗാ ആശ്രമ മേധാവി സ്വാമി ജനാർദ്ദനൻജി എടുത്തു പറഞ്ഞു. ഗംഗോത്രി സ്കൂളിൽ ട്രസ്റ്റ് അധികൃതരും അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ബാൻഡ് മേളത്തോടെ മാലകൾ ചാർത്തി ആശ്രമ അധികൃതരെ സ്കൂളിൽ സ്വീകരിച്ചു. സ്കൂളിൽ നടന്ന ചടങ്ങിൽ ഗംഗോത്രി ട്രസ്റ്റ് പ്രസിഡന്റ് എൻ. എം. വിജയ ഗോപാലൻ അധ്യക്ഷനായി, സ്വാമി ജനാർദ്ദനൻജി ഭദ്രദീപം തെളിയിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂളിൽ എത്തിയ വിദേശീകളുൾപ്പെടെയുള്ള ആശ്രമ അംഗങ്ങളെ പൊന്നാടയണിയിച്ച് ആദരിച്ചു. ഗംഗോത്രി സ്കൂൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഗുരുവന്ദനം അവതരിപ്പിച്ചു. ആശ്രമ പ്രതിനിധികൾ വിദ്യാർത്ഥികൾക്കായി യോഗാ അവതരണ പ്രദർശനം നടത്തി. അഡ്വക്കേറ്റ് അനന്തകൃഷ്ണൻ ആശംസ അർപ്പിച്ചു. അധ്യാപിക ജയശ്രീ വിദ്യാർത്ഥികളായ എൻ. സുനിത, മാളവിക നായർ, എന്നിവർ സംസാരിച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HTU5rPnaMWG9YncrKipPRr