മംഗലംഡാം പ്രദേശത്തുണ്ടായ ഉരുൾപൊട്ടലിൽ വിവിധയിടങ്ങളിൽ നാശം വിതച്ച് മംഗലം പുഴയിലൂടെ മലവെള്ളം കുത്തിയൊഴുകി കടന്നുപോയപ്പോൾ ദേശീയ പാതയിൽ മംഗലംപാലത്ത് പുഴയോരം ഇടിയാതെ ഉറച്ചുനിന്നു. ആറുവർഷം മുമ്പ് ഇവിടെ നട്ടുവളർത്തിയ മുളം കൂട്ടങ്ങളായിരുന്നു ഈ കരുത്തിനുപിന്നിൽ.
പോത്തുണ്ടി മേഖലയിൽനിന്നും പൂർണമായി തുറന്ന മംഗലംഡാമിൽനിന്നും പുഴയിലേക്കെത്തിയ വെള്ളം മുളങ്കൂട്ടങ്ങളെ പൂർണമായി മുക്കിയിരുന്നു. മഴകുറഞ്ഞ് വെള്ളം താഴ്ന്നതോടെ മൺതിട്ടയും മുളങ്കൂട്ടങ്ങളും പഴയതുപോലെ തെളിഞ്ഞു. അല്പം മേൽ മണ്ണ് ഒഴുകിപ്പോകുകയും നാലോ അഞ്ചോ മുളകൾ വളയുകയും ചെയ്‌തെന്ന് മാത്രം. പുഴ കരകവിഞ്ഞ് വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറിയെങ്കിലും വെള്ളം ശക്തിയായി അടിച്ചുകയറുന്നത് പ്രതിരോധിക്കാൻ മുളങ്കൂട്ടങ്ങൾക്കായി.
ഹരിതകേരളം മിഷന്റെ പച്ചത്തുരുത്ത് പദ്ധതിയിലാണ് മംഗലംപാലത്ത് മുളകൾ വെച്ചത്. പ്രളയത്തിൽ കുറച്ചൊക്കെ നശിച്ചെങ്കിലും വീണ്ടും നട്ടു. താമസിയാതെ മുളകൾ വളർന്ന് വേരുറച്ചു. തൊഴിലുറപ്പ്, നാഷണൽ സർവീസ് സ്‌കീം, പെൻഷനേഴ്‌സ് യൂണിയൻ, ഹരിത കാർഷിക ക്ലബ്ബ് തുടങ്ങിയവർ ചേർന്ന് പച്ചത്തുരുത്ത് പരിപാലിച്ചു പോന്നു.
ഒഴിവുസമയങ്ങളിൽ വന്നിരിക്കാനുള്ള മനോഹരമായ സ്ഥലം കൂടിയായി പച്ചത്തുരുത്ത് മാറി. പരിസ്ഥിതി സംരക്ഷ ണത്തിൽ പച്ചത്തുരുത്തിന്റെ പ്രധാന്യം വ്യക്തമാക്കുന്നതാണ് മംഗലംപുഴയിലെ പച്ചത്തുരുത്തെന്ന് നവകേരളം കർമപദ്ധതി ജില്ലാ കോഡിനേറ്റർ പി. സെയ്തലവി പറഞ്ഞു.