കിഴക്കന്‍ കാറ്റിനെ തടഞ്ഞു നിര്‍ത്തുന്ന സഹ്യന്റെ മടിത്തട്ടിലേക്ക് ഓണം കടന്നുവരുമ്പോള്‍ വരവേല്‍ക്കാന്‍ പാലക്കാടിനോടൊപ്പം പാവങ്ങളുടെ ഊട്ടിയായ നെല്ലിയാമ്പതിയും ഒരുങ്ങുന്നു. ജൈവവൈവിധ്യം കൊണ്ടും, മനോഹരമായ കാഴ്ച്ചകള്‍ കൊണ്ടും സഞ്ചാരികളുടെ പറുദീസയായി മാറിയ നെല്ലിയാമ്പതിയിലേക്കും പോത്തുണ്ടി ഉദ്യാനത്തിലേക്കും ഓണക്കാലത്ത് നിരവധിപേരാണ് എത്തുന്നത്.
ഐതിഹ്യ സ്മരണ പുതുക്കി വീണ്ടും ഓണമെത്തുമ്പോള്‍ കരിമ്പന കാറ്റിന്റെ വേഗം കുറയുകയാണ്. പ്രതീക്ഷയുടെ നൂറുമേനി വിളവെടുക്കാന്‍ രംഗത്തിറങ്ങിയ കര്‍ഷകര്‍ക്ക് അത്ര സന്തോഷത്തിന്റെ ഓണമല്ല. കര്‍ക്കിടകവും പിന്നിട്ട് ഐശ്വരത്തിന്റെ പൊന്നിന്‍ ചിങ്ങമാസം വന്നെത്തിയിരിക്കുന്നു.
വേനലിന്റെ ആലസ്യത്തില്‍ നിന്നും മാറി സമൃദ്ധി സ്വപ്‌നം കണ്ട് നെല്ലിയാമ്പതി താഴ് വരയിലെ കര്‍ഷകര്‍ വിത്തിട്ടത്.
ഓണത്തിനു മുന്നോടിയായി ക്ഷേത്രങ്ങളില്‍ നിറ ഉത്സവം നടന്നശേഷം കൊയ്‌തെടുത്ത നെല്ലുകുത്തി പുത്തിരിയുണ്ണുന്ന ശീലമുണ്ടായിരുന്നു കര്‍ഷകര്‍ക്ക്. ഇപ്പോള്‍ ഓണമെത്തിയിട്ടും കൊയ്ത്തിന് പാകമാകാത്ത നെല്‍ച്ചെടികളെ നോക്കി വസന്തകാലത്തിന്റെ ഓര്‍മ്മ പുതുക്കുകയാണ് കര്‍ഷകര്‍.
സമൃദ്ധിയുടെയും, നന്മയുടെയും സുവര്‍ണ്ണ നാളുകളുടെ ഓര്‍മ്മയില്‍ വന്നെത്തുന്ന ഓണത്തിന് താഴ് വരയിലെ ജനങ്ങള്‍ മനസ്സുകൊണ്ടൊരുങ്ങി കഴിഞ്ഞു. പുതുവസ്ത്രങ്ങളും, സദ്യവട്ടങ്ങള്‍ക്കായുള്ള മുന്നൊരുക്കങ്ങളുമൊക്കെയായി അത്തം തുടങ്ങുന്നതിനു മുമ്പേ വീട്ടമ്മമാര്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. വീട്ടു മുറ്റങ്ങളില്‍ ചാണകമിട്ട് പൂക്കളമൊരുക്കുന്ന തിരക്കിലായി വിദ്യാര്‍ഥികള്‍.
ഓണാഘോഷത്തിനിടയ്ക്ക് ഒരു വിനോദയാത്ര എല്ലാവരുടെയും ശീലമാണ്. ജില്ലയുടെ പ്രകൃതി രമണീയമായ സമശീത കാലാവസ്ഥയുള്ള നെല്ലിയാമ്പതിയിലേക്ക് ഓണനാളുകളില്‍ സഞ്ചാരികള്‍ ഒഴുകിയെത്തുകയാണ്. പോത്തുണ്ടി ഡാമിലെ കാഴ്ച്ചകളും, പോത്തുണ്ടി മുതല്‍ കൈകാട്ടിവരെയുള്ള ചുരത്തിലെ കാഴ്ച്ചകളും, കേശവന്‍പാറയും, നൂറടിയും, കാരപ്പാറ വെള്ളച്ചാട്ടവും, കാരപ്പാറ തൂക്കുപാലവും, സീതാര്‍കുണ്ട് വ്യൂപോയിന്റും, സര്‍ക്കാര്‍ ഓറഞ്ച് ഫാമിലെ കാഴ്ച്ചകളും കണ്ടാസ്വദിക്കാന്‍ ദിവസേന നൂറുക്കണക്കിനാളുകളാണ് നെല്ലിയാമ്പതിയിലെത്തുന്നത്. പലകപ്പാണ്ടിയിലെ ഫാം ഹൗസും, റിസോര്‍ട്ടുകളും സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കുന്നതാണ്.
ജൈവ വൈവിധ്യം കൊണ്ട് സമൃദ്ധമായ നെല്ലിയാമ്പതിയില്‍ മഴ തുടങ്ങിയതോടെ കൊച്ചരുവികള്‍ ചെറു വെള്ളച്ചാട്ടങ്ങളായി മാറി. നെല്ലിമലയില്‍ വെള്ളികൊലുസണിഞ്ഞപോലെ വെള്ളച്ചാട്ടങ്ങള്‍ വീഴുന്നത് മനോഹരമായ കാഴ്ച്ചയാണ്. കുണ്ടറചോലയും, സീതാര്‍കുണ്ടും, കാരപ്പാറയിലും, വെള്ളച്ചാട്ടങ്ങള്‍ സഞ്ചാരികള്‍ക്ക് സന്തോഷം പകരുന്നതാണ്.
ഓണത്തിനൊരുങ്ങി നെല്ലിയാമ്പതി
Share this News
Share this News