
അഞ്ചാം സ്ഥാനം നേടി ആലത്തൂർ പൊലീസ് സ്റ്റേഷൻ
പാലക്കാട് ജില്ലയിലെ ആലത്തൂർ പൊലീസ് സ്റ്റേഷന് അഭിമാനകരമായ നേട്ടം. രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലീസ് സ്റ്റേഷനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആലത്തൂർ പൊലീസ് സ്റ്റേഷനെ തിരഞ്ഞെടുത്തു. വിലയിരുത്തലിൻ്റെ അവസാന ഘട്ടത്തിൽ എത്തിയ 76 പോലീസ് സ്റ്റേഷനുകളിൽ നിന്നാണ് ആലത്തൂർ സ്റ്റേഷൻ ഈ അംഗീകാരം നേടിയത്.നിരവധി മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം മികച്ച പൊലീസ് സ്റ്റേഷനുകളെ തെരഞ്ഞെടുത്തത്. കുറ്റാന്വേഷണങ്ങളുടെ നിലവാരം, ക്രമസമാധാനപാലനം, അടിസ്ഥാന സൗകര്യങ്ങൾ, പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം, ലോക്കപ്പ്, റെക്കോർഡ് റൂം തുടങ്ങിയവയെല്ലാം പരിഗണിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങളിൽ സ്വീകരിച്ച നടപടികൾ, കേസുകളിലെ അന്വേഷണ പുരോഗതി, പരാതി പരിഹാരം, പരാതിക്കാരോടുള്ള പെരുമാറ്റം, കുറ്റകൃത്യങ്ങൾ തടയാനുള്ള നടപടികൾ എന്നിവയും വിലയിരുത്തലിൽ ഉൾപ്പെടുത്തി.കേരളത്തിലെ മറ്റ് പോലീസ് സ്റ്റേഷനുകളും മുൻവർഷങ്ങളിൽ സമാന അംഗീകാരം നേടിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം, കണ്ണൂർ സിറ്റിയിലെ വളപട്ടണം എന്നീ പോലീസ് സ്റ്റേഷനുകൾ രാജ്യത്തെ ഏറ്റവും മികച്ച 10 പൊലീസ് സ്റ്റേഷനുകളുടെ പട്ടികയിൽ ഇതിനു മുൻപ് ഇടം നേടിയിരുന്നു. ഈ നേട്ടം കേരളത്തിലെ പോലീസ് സേനയുടെ പ്രവർത്തന മികവിനെ വീണ്ടും തെളിയിക്കുന്നതാണ്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/KaxkVnGzO807JiH65XjrDq
