കണ്ണാടി ഹരിതകര്‍മ്മ സേനാ പ്രവര്‍ത്തകര്‍ക്ക് ഇനി ഇ- ഓട്ടോറിക്ഷ

Share this News

കണ്ണാടി ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മ്മ സേന പ്രവര്‍ത്തകര്‍ക്ക് ഇനി എളുപ്പത്തിലും വേഗത്തിലും മാലിന്യം ശേഖരിക്കാം. ഇതിനായി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ക്ക് ഇലക്ട്രിക് ഓട്ടോറിക്ഷ കൈമാറി. ശുചിത്വമിഷന്‍, ഗ്രാമപഞ്ചായത്ത് സി.എഫ്.സി ഫണ്ടുകളില്‍ നിന്നായി 4.02 ലക്ഷം ഉപയോഗിച്ചാണ് വാഹനം വാങ്ങിയത്. ഗ്രാമപഞ്ചായത്തിന് കീഴില്‍ വാര്‍ഡുകളില്‍ നിന്ന് മാലിന്യം ശേഖരിക്കുന്നതിന് 30 അംഗ ഹരിതകര്‍മ്മ സേനയാണ് പ്രവര്‍ത്തിക്കുന്നത്. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് ഹരിതകര്‍മ്മ കൂട്ടായ്മ ചെയ്ത് വരുന്നത്. നിലവില്‍ ഒരു പ്രധാന എം.സി.എഫും 15 മിനി എം.സി.എഫുകളും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ 2019 മുതല്‍ ഒരു തുമ്പൂര്‍മുഴി മാതൃകയും പ്രവര്‍ത്തിച്ച് വരുന്നു. പഞ്ചായത്ത് പരിധിയില്‍ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി അറിയിച്ചാല്‍ അവര്‍ക്ക് പാരിതോഷികവും നിക്ഷേപിച്ചവര്‍ക്ക് പിഴയും ഇടാക്കുന്നത് ഉള്‍പ്പടെ പൊതു സ്ഥലങ്ങളില്‍ മാലിന്യ നിക്ഷേപം ഒഴിവാക്കുന്നതിന് വേണ്ട നടപടികളും പഞ്ചായത്ത് നടപ്പിലാക്കി വരുന്നുണ്ട്.

നിലവില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മാത്രമാണ് സേന വീടുകളിലെത്തി ശേഖരിക്കുന്നത്. 2023 ഓടെ മാലിന്യ സംസ്‌കരണത്തിന് കഞ്ചിക്കോട് പുതിയ സംരംഭം വരുന്നതോടെ എല്ലാവിധ മാലിന്യങ്ങളും ദിവസവും ശേഖരിക്കാന്‍ കഴിയുമെന്ന് കണ്ണാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ജില്ലാ അതിര്‍ത്തി പങ്കിടുന്ന പിരായിരി, അകത്തേത്തറ, മലമ്പുഴ, മരുതറോഡ് തുടങ്ങിയ ഗ്രാമപഞ്ചായത്തുകളോടൊപ്പം കണ്ണാടി ഗ്രാമപഞ്ചായത്തും കരാറില്‍ ഏര്‍പ്പെട്ടു കഴിഞ്ഞു. നിലവില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടന്നു വരികയാണ്. ഹരിതകര്‍മസേനക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ വാഹനം കൈമാറി. പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത, വൈസ് പ്രസിഡന്റ് ഉദയ സുകുമാരന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ ഉദയകുമാര്‍, ലത, കലാവതി, സെക്രട്ടറി കിഷോര്‍, വി.ഇ.ഒ രജിത, ഹരിത കര്‍മ്മ സേനാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

https://chat.whatsapp.com/CVS3fLZ8TAJ3bjb8rY7aLO


Share this News
error: Content is protected !!