

നെന്മാറയിൽ മാർജിൻ ഫ്രീ ഷോപ്പിൽ തീപ്പിടിത്തം
നെന്മാറയിൽ മാർജിൻ ഫ്രീ ഷോപ്പിന് തീ പിടിച്ചു. നെന്മാറ മുക്കിൽ വീരാസ് കോംപ്ലക്‌സിൽ പ്രവർത്തിക്കുന്ന കടയാണ് കത്തിയത്. വെള്ളിയാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് കടയുടെ ഉള്ളിൽനിന്ന് പുകയുയരുന്നത് അടുത്തുള്ള വീട്ടുകാർ കണ്ടത്. വിവരം പോലീസിനെ അറിയിച്ചു.
എസ്.ഐ. മണികണ്ഠന്റെ നേതൃത്വത്തിൽ നെന്മാറ പോലീസ് സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. കൊല്ലങ്കോട്ടു നിന്ന് അഗ്നിരക്ഷാസേനയെത്തി തീ അണച്ചു. വടക്കഞ്ചേരിയിൽനിന്ന് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. പോലീസും പ്രദേശവാസികളും ഏറെ പണിപ്പെട്ട് കട തുറന്ന് തീയണയ്ക്കാൻ ശ്രമിച്ചു.
രണ്ട് കംപ്യൂട്ടറുകൾ, മേശകൾ, കസേരകൾ എന്നിവ കത്തിനശിച്ചു. 15 ലക്ഷത്തിന്റെ നഷ്ടം ഉണ്ടായതായി കടയുടമ ചിറ്റില്ലഞ്ചേരി വിളക്കനാംകോട് തറക്കളത്തിൽ ഗിരിവാസ് പറഞ്ഞു.
ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. അഗ്നിരക്ഷാസേന അസി. സ്റ്റേഷൻ ഓഫീസർ ആർ. രമേഷ്, വി. സുധീഷ്, എസ്. ഷാജി, ഐ. സുൽഫിക്കർ അലി, പി. കൃഷ്ണദാസ്, പി. ഗോകുൽ, പി.സി. വിജയകുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/KaxkVnGzO807JiH65XjrDq
