നെല്ലിയാമ്പതി ഓറഞ്ച് ഫാമിൽ ശീതകാല പച്ചക്കറി വിളവെടുപ്പ്

Share this News


ഗവ. ഓറഞ്ച് ആൻഡ്‌ വെജിറ്റബിൾഫാമിൽ ശീതകാല പച്ചക്കറിക്കൃഷി വിളവെടുപ്പ് തുടങ്ങി. മഴമാറിയതോടെ നിലമൊരുക്കി പ്രത്യേകം വിഭാഗങ്ങളായി തിരിച്ചാണ് ഇത്തവണ ആറേക്കറിലധികം പച്ചക്കറിക്കൃഷി തുടങ്ങിയത്. തരിശായി ക്കിടക്കുന്ന കൂടുതൽപ്രദേശത്തും ഓറഞ്ച് ചെടികൾക്കിടയിൽ തനിവിളയായും ഇടവിളയായുമാണ് ഇത്തവണ കൂടുതൽഭാഗത്ത് പച്ചക്കറിക്കൃഷി ചെയ്യുന്നത്. കിഴങ്ങുവർഗങ്ങളും പയറുവർഗങ്ങളിലുമായി 13-ലധികം ഇനം പച്ചക്കറിയാണ് ഇത്തവണ കൃഷിയിറക്കിയിട്ടുള്ളത്.
പൂർണമായും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇത്തവണ കൃഷിചെയ്യുന്നത്. ഇസ്രയേൽമാതൃകയിലുള്ള കൃഷിരീതിയായതിനാൽ കള-കീടബാധ കുറയ്ക്കാൻ കഴിയുമെന്നും ചെടികൾക്കാവശ്യമായവിധത്തിൽ ജലസേചനവും വളപ്രയോഗവും കൃത്യമായി നൽകാനും പരിചരണം നടത്താനും കഴിയുമെന്ന് ഫാം സൂപ്രണ്ട് പി. സാജിദ് അലി പറഞ്ഞു. പച്ചക്കറിക്കൃഷിയുടെ രീതികളെക്കുറിച്ച് കർഷകർക്ക് നേരിട്ടറിയാനുള്ള സൗകര്യവും ഫാമിൽ ഒരുക്കിയിട്ടുണ്ട്.

ഒക്‌ടോബർ, നവംബർ മാസങ്ങളിൽ ആരംഭിച്ച കൃഷിയിൽ വിളവെടുക്കാൻ പ്രായമായ പച്ചക്കറികൾ ഫാമിനുള്ളിലെ വിൽപ്പനകേന്ദ്രംവഴി കൊടുക്കുന്നുണ്ട്. വി.എഫ്.പി.സി.കെ. നിശ്ചയിച്ചിട്ടുള്ള വില അടിസ്ഥാനമാക്കിയുള്ള വിൽപ്പനയായതിനാൽ കൂടുതൽപ്പേർ പച്ചക്കറി വാങ്ങാനെത്തുന്നുണ്ട്. ഫാമിലെ പച്ചക്കറിയിനങ്ങൾ: കാബേജ്, കോളിഫ്‌ളവർ, ബീൻസ്, ബ്രോക്കോളി, ചൈനീസ് കാബേജ്, ഗ്രീൻപീസ്, നോൾകോൾ, കാരറ്റ്, ബീറ്റ്‌റൂട്ട്, റാഡിഷ്, ഉരുളക്കിഴങ്ങ്, തക്കാളി, പച്ചമുളക്, കൂർക്ക, ഉരുളക്കിഴങ്ങ്, ലെറ്റിയൂസ്. കഴിഞ്ഞവർഷം 17.5 ടൺ പച്ചക്കറിയാണ് ഫാമിൽ ഉത്പാദിപ്പിച്ചത്. ഇത്തവണ കൃഷി കൂടുതൽസ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കയും കൂടുതൽ ഇനങ്ങൾ കൃഷിയിറക്കുകയും ചെയ്തതോടെ 20 ടണ്ണിലധികം വിളവെടുക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്.

നെല്ലിയാമ്പതി ഗവ. ഓറഞ്ച് ആൻഡ്‌ വെജിറ്റബിൾഫാമിലെ ഞായറാഴ്ചയിലെ വരുമാനം ഒരുലക്ഷംരൂപ കവിഞ്ഞു. ഫാം കാണുന്നതിനായി ഏർപ്പെടുത്തിയ പ്രവേശനഫീസും ഫാമിലെ മൂല്യവർധിത ഉത്പന്നങ്ങളുടെയും പച്ചക്കറിയുടെയും വിൽപ്പനയിലൂടെയും മാത്രം ലഭിച്ചത് 1.41 ലക്ഷം രൂപയാണ്. ക്രിസ്‌മസ് അവധി അവസാനിക്കുന്ന ഞായറാഴ്ച മാത്രം 2,422 പേരാണ് ഫാം സന്ദർശിച്ചത്

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇

https://chat.whatsapp.com/HFQy1QkySaJCSE4eJW98IY


Share this News
error: Content is protected !!