പെരിയ ഇരട്ടക്കൊലക്കേസ്; പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം ; 4 പേർക്ക് 5 വർഷം തടവ്

Share this News

കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ വിധിച്ചു. കേസിൽ പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ഒന്ന് മുതല്‍ എട്ട് വരെ പ്രതികള്‍ക്കും 10, 15 പ്രതികള്‍ക്കുമാണ് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഒരു ലക്ഷം രൂപ പിഴയും ചുമത്തി. എറണാകുളം സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. മുന്‍ എംഎല്‍എയും സിപിഐഎം നേതാവുമായ കെ വി കുഞ്ഞിരാമന് അഞ്ച് വർഷം തടവും വിധിച്ചു.



ശിക്ഷയില്‍ പരമാവധി ഇളവ് നല്‍കണമെന്ന് കോടതിയില്‍ പ്രതിഭാഗം വാദിച്ചു. കുറ്റകൃത്യം അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമല്ലെന്നും പ്രതിഭാഗം വ്യക്തമാക്കി. പ്രതികള്‍ സ്ഥിരം കുറ്റവാളികള്‍ അല്ല. മാനസാന്തരത്തിന് സാധ്യതയുണ്ട്. പല സാക്ഷി മൊഴികളിലും വൈരുധ്യമുണ്ട് എന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. കേസില്‍ ഉദുമ മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍, സിപിഐഎം ഉദുമ മുന്‍ ഏരിയ സെക്രട്ടറി കെ മണികണ്ഠന്‍ അടക്കം 14 പേര്‍ കുറ്റക്കാരാണെന്ന് എറണാകുളത്തെ പ്രത്യേക സിബിഐ കോടതി കണ്ടെത്തിയിരുന്നു.



ഒന്നാം പ്രതിയായ സിപിഐഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരന്‍ ഉള്‍പ്പടെ എട്ട് പ്രതികള്‍ക്കെതിരെ കൊലക്കുറ്റമാണ് തെളിഞ്ഞത്. ടി രഞ്ജിത്ത്, എ സുരേന്ദ്രന്‍ എന്നിവര്‍ തെളിവ് നശിപ്പിച്ചതായും പ്രതികളെ സംരക്ഷിച്ചതായും കണ്ടെത്തി. രണ്ടാം പ്രതിയെ പൊലീസ്‌കസ്റ്റഡിയില്‍ നിന്ന് കടത്തിക്കൊണ്ട് പോയെന്ന കുറ്റമാണ് മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ ഉള്‍പ്പടെ നാല് പേര്‍ക്കെതിരെ ചുമത്തിയത്. പരമാവധി രണ്ട് വര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. ആറു വര്‍ഷം നീണ്ട നിയമപോരാട്ടത്തിനും 20 മാസത്തോളം നീണ്ട വിചാരണയ്ക്കും ശേഷമാണ് വിധി പ്രഖ്യാപിച്ചത്. 24 പ്രതികളില്‍ 10 പേരെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു.


2019 ഫെബ്രുവരി 17 നായിരുന്നു കേരളത്തെ നടുക്കിയ ഇരട്ടക്കൊലപാതകം കാസര്‍കോട് പെരിയില്‍ നടന്നത്

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇

https://chat.whatsapp.com/HFQy1QkySaJCSE4eJW98IY


Share this News
error: Content is protected !!