
വടക്കഞ്ചേരി ശ്രീ കുറുംമ്പ എജ്യുക്കേഷണൽ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ഗൃഹ ശോഭ പദ്ധതി പ്രകാരം നിർമ്മാണം പൂർത്തീകരിച്ച 120 വീടുകളുടെ താക്കോൽദാനം ഞായറാഴ്ച നടക്കും.1000 കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നല്കുന്ന പദ്ധതി പ്രകാരം കിഴക്കഞ്ചേരി പഞ്ചായത്തിൽ മാത്രം ഇത് വരെ 230 പേർക്ക് വീട് നിർമ്മിച്ച് നല്കിയതായി ട്രസ്റ്റ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഞായറാഴ്ച രാവിലെ 9 ന് മൂലങ്കോട് ശ്രീ കുറുമ്പ കല്യാണമണ്ഡപത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ മന്ത്രി കെ രാജൻ താക്കോൽദാനം നിർവ്വഹിക്കും. ട്രസ്റ്റ് ചെയർമാൻ പി എൻസി മേനോൻ, മറ്റ് ജനപ്രതിനിധികൾ എന്നിവർ സംബന്ധിക്കും.ഇതോടൊപ്പം കിഴക്കഞ്ചേരി കണ്ണംകുളത്ത് നിർമ്മാണം പൂർത്തീകരിച്ച 13 കുടുംബങ്ങൾക്കുള്ള വീടിൻ്റെയും, സ്ഥലത്തിൻ്റെയും രേഖ കൈമാറ്റവും ചടങ്ങിൽ നടക്കും.5 സെൻ്റ് സ്ഥലവും വീടുമാണ് ഓരോ കുടുംബങ്ങൾക്കും നല്കുന്നത്. ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ ആദ്യഘട്ടത്തിൽ നിർമ്മാണം പൂർത്തീകരിച്ച 110 വീടുകൾ ഉൾപ്പെടെ 230 വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ചു. അടുത്ത ഘട്ടത്തിൽ കിഴക്കഞ്ചേരി പഞ്ചായത്തിന് പുറമെ വടക്കഞ്ചേരി, കണ്ണമ്പ്ര പഞ്ചായത്തുകളെ കൂടി ഉൾപ്പെടുത്തും.100 വീടുകൾ തൃശൂർ ജില്ലയിലും നല്കും.1000 വീടുകൾക്ക് പുറമെ വയനാട് ചൂരൽ മലയിൽ ഉരുൾപൊട്ടലിൽ നാശനഷ്ടം സംഭവിച്ചവർക്ക് 50 വീടുകൾ കൂടി ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ നിർമ്മിച്ച് നല്കും.വാർത്താസമ്മേളത്തിൽ സീനിയർമാനേജർ പി പരമേശ്വരൻ, ഫിനാൻസ് മാനേജർ സി ജയരാജ്, സാമൂഹിക ശാക്തീകരണ വിഭാഗം മാനേജർ എൻ ഹരിദാസ് എന്നിവർ പങ്കെടുത്തു.(ചിത്രം)
ശ്രീകുറുംബട്രസ്റ്റിൻ്റെനേതൃത്വത്തിൽ കിഴക്കഞ്ചേരി കണ്ണംകുളത്ത് നിർമ്മാണം പൂർത്തീകരിച്ച വീടുകൾ.