പ്രതിസന്ധിയില്‍പ്പെടാതെ കാര്‍തുമ്പി കുട നിര്‍മാണവുമായി വനിതകള്‍

Share this News

കോവിഡ് പ്രതിസന്ധിയിലും ഉലയാതെ അട്ടപ്പാടിയിലെ തൊഴില്‍ രഹിതരായ ആദിവാസി സ്ത്രീകളുടെ ‘കാര്‍ തുമ്പി ‘ കുടനിര്‍മാണം. കോവിഡ് കാലത്ത് ഓര്‍ഡര്‍ കുറഞ്ഞെങ്കിലും നിര്‍മാണം മുടങ്ങാതെ ഇപ്പോഴും തുടരുന്നുണ്ട്. ആദിവാസി സംഘടനയായ തമ്പിന്റെ നേതൃത്വത്തിലാണ് കുട നിര്‍മാണം നടക്കുന്നത്. അട്ടപ്പാടിയിലെ ആദിവാസി സ്ത്രീകളുടെ സ്വയംതൊഴില്‍ പദ്ധതിയായി 2014 ലാണ് തമ്പിന്റെ നേതൃത്വത്തില്‍ കുട നിര്‍മ്മാണം ആരംഭിക്കുന്നത്. 2017 ല്‍ പട്ടികവര്‍ഗ്ഗ വകുപ്പിന്റെ സഹായത്തോടെ പദ്ധതി വിപുലപ്പെടുത്തി. 20 ഊരുകളില്‍ നിന്നായി 18 വയസ് മുതല്‍ 50 വയസ് വരെയുള്ള 350 ലധികം പേര്‍ക്ക് കുടനിര്‍മാണത്തില്‍ പരിശീലനം ലഭിച്ചിട്ടുണ്ട്. ഐ.ടി. മേഖലകളില്‍ വര്‍ക്ക് ഫ്രം ഹോം തുടരുന്നതിനാല്‍ ഇന്‍ഫോ പാര്‍ക്കില്‍ നിന്നും ലഭിക്കുന്ന ഓര്‍ഡറുകളുടെ എണ്ണം കുറഞ്ഞായും 20000 ഓര്‍ഡറുകളാണ് ഈ സീസണില്‍ ലഭിച്ചിട്ടുള്ളതെന്നും തമ്പ് പ്രസിഡന്റ് രാജേന്ദ്ര പ്രസാദ് പറഞ്ഞു.



മെറ്റീരിയലിന്റെ ലഭ്യത കുറവ് ബുദ്ധിമുട്ടിച്ചെങ്കിലും അതിനെ അതിജീവിച്ച് കുട നിര്‍മാണം നിര്‍ത്താതെ തുടരുന്നുണ്ട്. ഷോളയൂര്‍, അഗളി പഞ്ചായത്തുകളിലെ സ്ത്രീകളാണ് കുടനിര്‍മിക്കുന്നത്. തമ്പിന്റെ പ്രതിനിധികള്‍ നേരിട്ട് എത്തി ഊരുകളില്‍ കുടനിര്‍മാണത്തിനാവശ്യമായ സാധനങ്ങള്‍ എത്തിച്ചു നല്‍കും. കമ്മ്യൂണിറ്റി ഹാളുകളിലും ഊരുകളിലുമായാണ് കുടകള്‍ നിര്‍മിക്കുന്നത്. കോവിഡ് കാലത്ത് ഉള്‍പ്പടെ വരുമാനം ഇല്ലാതിരുന്നവര്‍ക്ക് വലിയ ആശ്വാസമാണ് ഊരുകളില്‍ തന്നെ ഇരുന്നു കൊണ്ടുള്ള കുടനിര്‍മാണം. കേരള കളേഴ്സ് എന്നറിയപ്പെടുന്ന ആറു നിറങ്ങളില്‍ കുടകള്‍ നിര്‍മിക്കുന്നുണ്ട്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

https://chat.whatsapp.com/Db1e847uxmJ48wOBc1LOMM


Share this News
error: Content is protected !!