മംഗലംഡാമിൽ ഉള്ളിലൊന്നുമില്ലാത്ത “നവീകരണം”

Share this News



മംഗലംഡാം ഉദ്യാന കവാടത്തിലെ സൂചനാ ബോർഡ് കണ്ടാല്‍ ഇവിടെ എന്തൊക്കെയോ ഉണ്ടെന്ന പ്രതീതി ജനിപ്പിക്കും.കുട്ടികളുടെ പാർക്ക്, കളിസ്ഥലം, സാഹസിക കളിഉപകരണങ്ങള്‍, റോപ്പ് വേ, ബാലൻസിംഗ് ബ്രിഡ്ജ്, ടീ സ്റ്റാള്‍, വ്യൂ പോയിന്‍റ് തുടങ്ങി വലിയ ഉദ്യാനങ്ങളില്‍ സ്ഥാപിക്കുന്ന ബോർഡുകളാണ് മംഗലംഡാം ഉദ്യാനത്തിലേക്കുള്ള പ്രവേശന കവാടത്തിലും സ്ഥാപിച്ചിട്ടുള്ളത്.
എന്നാല്‍ പ്രവേശനഫീസ് കൊടുത്ത് അകത്തുകടന്നാല്‍ പിന്നെ വിനോദ സഞ്ചാരികള്‍ എങ്ങനെ പ്രതികരിക്കും എന്നുപറയാനാകില്ല. കാരണം ഉള്ളിലെത്തിയാല്‍ ഒന്നും കാണാനില്ല.
ഇപ്പോള്‍ ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നിട്ടുള്ളതിനാല്‍ അതെങ്കിലും കണ്ടുമടങ്ങാം എന്നുമാത്രം. യാതൊരു പ്രതികരണശേഷിയുമില്ലാത്തവർപോലും അടക്കംപറഞ്ഞുപോകും ഇവിടെയെത്തിയാല്‍.
നാലുവർഷംമുമ്ബ് അഞ്ചുലക്ഷം രൂപ ചെലവഴിച്ച്‌ നവീകരിച്ച ഉദ്യാനത്തിലെ പല കളിഉപകരണങ്ങളും ഇപ്പോള്‍ വള്ളിപ്പടർപ്പുകള്‍ കയറി കാടുമൂടി. സാഹസിക ഉദ്യാനം പ്രവർത്തനരഹിതമാണ്.
കളി ഉപകരണങ്ങളില്‍ കയറരുത്, അപകടകരമാണ്. സാഹസിക ഉദ്യാനത്തിലെ പലയിടത്തും എഴുതി വച്ചിട്ടുള്ള വാക്കുകളാണിത്. വലിയ മരങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചായിരുന്നു സാഹസിക ഉദ്യാനത്തിലെ ഉപകരണങ്ങള്‍ സ്ഥാപിച്ചിരുന്നത്. മരം വണ്ണംകൂടിയപ്പോള്‍ ഫിറ്റ് ചെയ്തതെല്ലാം തകർന്നു.
യഥാസമയം അറ്റകുറ്റപ്പണികള്‍ ഇല്ലാതെ ആകാശമേലാപ്പിലുള്ള സാഹസിക നടപ്പാതകളും നശിച്ചു. ചുരുക്കത്തില്‍ ഇവിടെ ഇപ്പോള്‍ ഒന്നുമില്ല. കാടുമൂടിയ പൊന്തക്കാടുകളില്‍ മാതാപിതാക്കളുടെ കണ്ണുവെട്ടിച്ചെത്തുന്ന കമിതാക്കളെയും കാണാം.
പ്രവേശനകവാടത്തില്‍ ടിക്കറ്റ് കൗണ്ടർ മാത്രമാണ് ഇപ്പോള്‍ ശരിയായി പ്രവർത്തിക്കുന്നത്.
തുടക്കം മുതല്‍തന്നെ അധികൃതരുടെ ഒളിച്ചുകളി ഇവിടെ വ്യക്തമായിരുന്നു.
2020 ഒക്ടോബർ 22നാണ് ഉദ്യാന നവീകരണം പൂർത്തീകരിച്ചതിന്‍റെ ഉദ്ഘാടനം ഓണ്‍ലൈനിലൂടെ മുഖ്യമന്ത്രി നിർവഹിച്ചത്. മന്ത്രിയും എംഎല്‍എയും പങ്കെടുത്ത ഉദ്ഘാടനയോഗംപോലും നടന്നത് മറ്റൊരിടത്ത്.
ഉദ്ഘാടനദിവസംപോലും ഒന്നും തുറന്നില്ല. എല്ലാം മൂടിവച്ചു. പണിപൂർത്തീകരിക്കനുണ്ടെന്നു പറഞ്ഞ് പിന്നെയും കുറെക്കാലം എല്ലാം പൂട്ടിയിട്ടു. പിന്നീട് ഒന്നരവർഷം കഴിഞ്ഞാണ് സാഹസിക ഉദ്യാനം ഉള്‍പ്പെടെയുള്ളവ തുറന്നത്.
ഏതാനുംമാസം മാത്രം പ്രവർത്തിച്ച ഉദ്യാന ഉപകരണങ്ങള്‍ എല്ലാം ഉപയോഗശൂന്യമായി, ചെലവഴിച്ച ലക്ഷങ്ങള്‍ പാഴായി. രാഷ്ട്രീയപാർട്ടികളോ സംഘടനകളോ ആരും മിണ്ടിയില്ല. അതിനുമുമ്ബും നാലര കോടി രൂപയുടെ വികസനം വിനോദസഞ്ചാര കേന്ദ്രത്തില്‍ നടത്തിയിരുന്നു. അതിനും ദീർഘായുസുണ്ടായില്ല.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/F7An5xCcR1M2nINxPmNSd2

Share this News
error: Content is protected !!