പ്ലാസ്റ്റിക് പടിക്ക് പുറത്ത്… നെല്ലിയാമ്പതി ഇനി ‘ഹരിത ഡെസ്റ്റിനേഷൻ’

Share this News



പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ നെല്ലിയാമ്പതിയെ സമ്പൂര്‍ണ പ്ലാസ്റ്റിക് വിമുക്ത മേഖലയാക്കി ‘ഹരിത ഡെസ്റ്റിനേഷന്‍’ പദവിയിലേക്ക് ഉയര്‍ത്താനൊരുങ്ങി ജില്ല ഭരണകൂടം. ഇതിന്റെ ഭാഗമായി ഒക്ടോബര്‍ രണ്ട് മുതല്‍ ഇവിടെ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങള്‍ക്ക് കര്‍ശന നിരോധനം ഏര്‍പ്പെടുത്തും. മലയോര ടൂറിസം കേന്ദ്രങ്ങളില്‍ പ്ലാസ്റ്റിക് നിരോധിക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് കലക്ടര്‍ ജി. പ്രിയങ്ക ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കൃത്യമായ കര്‍മപദ്ധതി രൂപവത്കരിക്കാന്‍  കലക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.  അഞ്ച് ലിറ്ററില്‍ താഴെയുള്ള വെള്ളക്കുപ്പികള്‍, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കണ്ടെയ്‌നറുകള്‍, പാത്രങ്ങള്‍, കമ്പോസ്റ്റ് ചെയ്ത് ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കപ്പുകള്‍, പ്ലേറ്റുകള്‍, ബാഗുകള്‍, പ്ലാസ്റ്റിക് സാഷെകള്‍, വിനൈല്‍ അസറ്റേറ്റ്, മാലിക് ആസിഡ്, വിനൈല്‍ ക്ലോറൈഡ് കോപോളിമര്‍ എന്നിവ അടങ്ങിയ സ്റ്റോറേജ് ഐറ്റംസ്, നോണ്‍ വുവണ്‍ കാരി ബാഗുകള്‍, ലാമിനേറ്റ് ചെയ്ത ബേക്കറി ബോക്‌സുകള്‍, രണ്ട് ലിറ്ററില്‍ താഴെയുള്ള സോഫ്റ്റ് ഡ്രിങ്ക് കുപ്പികള്‍ എന്നിവ നിരോധിച്ചവയില്‍ ഉള്‍പ്പെടും.   പകരം വാട്ടര്‍ കിയോസ്‌കുകള്‍, സ്റ്റെയിന്‍ലസ് സ്റ്റീല്‍/ഗ്ലാസ്/ കോപ്പര്‍ ബോട്ടിലുകള്‍, സ്റ്റെയിന്‍ലസ് സ്റ്റീല്‍/ ഗ്ലാസ്/ ടിന്‍/ സെറാമിക്/ബയോ ഡീഗ്രേഡബിള്‍, പാള പോലുള്ള പ്രകൃതിദത്ത വസ്തുക്കള്‍ ഉപയോഗിച്ചുള്ള കണ്ടെയ്‌നറുകള്‍, സ്റ്റീല്‍, മരം, മണ്ണ്, കോപ്പര്‍ ഉപയോഗിച്ചുള്ള പാത്രങ്ങള്‍, ഫില്ലിങ് സ്റ്റേഷനുകള്‍, തുണിയോ പേപ്പറോ ഉപയോഗിച്ചുള്ള ബാഗുകള്‍, മെറ്റല്‍ കണ്ടെയ്‌നറുകള്‍ എന്നിവയാണ് ഉപയോഗിക്കേണ്ടത്.   നെല്ലിയാമ്പതി ഹില്‍ സ്റ്റേഷനുമായി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍, വിവിധ വകുപ്പുകള്‍, അസോസിയേഷനുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരെ ഉള്‍പ്പെടുത്തി സബ് കമ്മിറ്റി രൂപവത്കരിക്കും. പിന്നീട് ഹരിത ചെക്ക്‌പോസ്റ്റ്, പ്രചാരണം, ബോധവത്കരണ എക്‌സിബിഷന്‍, കുടിവെള്ള ലഭ്യത എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി 15 ദിവസത്തിനുള്ളില്‍ കർമപദ്ധതി തയാറാക്കി യോഗം ചേരും.   ഓഗസ്റ്റ് 15 ഓടെ പ്ലാസ്റ്റിക് നിരോധനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ കർമപദ്ധതി അടിസ്ഥാനമാക്കി ആരംഭിച്ച് ഒക്ടോബര്‍ രണ്ടോടെ പൂര്‍ണമായും നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. ഹൈക്കോടതി ഉത്തരവ് ഗൗരവമായി കണ്ട് ദീര്‍ഘകാലത്തേക്ക് പ്രയോജനം ലഭിക്കുന്ന രീതിയിലാകണം പദ്ധതി നടപ്പിലാക്കേണ്ടതെന്ന് കലക്ടര്‍ പറഞ്ഞു.തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്‍റ് ഡയറക്ടര്‍ സജി തോമസ്, ജില്ല ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ ജി. വരുണ്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, പ്ലാന്റേഷന്‍ ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് വ്യാപാരി സംഘടനാ പ്രതിനിധികള്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/F7An5xCcR1M2nINxPmNSd2

Share this News
error: Content is protected !!