

മംഗലം ഡാമിന്‍റെ സംഭരണശേഷി കുറഞ്ഞു; ജൂണില്‍ തുറന്ന ഷട്ടറുകള്‍ ഇതുവരെ അടക്കാനായിട്ടില്ല.
മണ്ണും മണലും പാറകളും മരങ്ങളുമെല്ലാം അടിഞ്ഞുകൂടി മംഗലംഡാമിന്റെ സംഭരണശേഷി കുറഞ്ഞു. മംഗലംഡാമില്‍നിന്ന് ദിവസേന ഒഴുക്കുന്നത് ഒരു ഡാം നിറയാനുള്ളത്ര വെള്ളം
ജൂണില്‍ ഷട്ടറുകള്‍ തുറന്ന ശേഷം പിന്നെ അടക്കാനായിട്ടില്ല. ഈവർഷം ജൂണ്‍ 16ന് തന്നെ ഡാമിന്‍റെ മുഴുവൻ ഷട്ടറുകളും തുറന്നു. സെക്കൻഡില്‍ 30.2 മീറ്റർ ക്യൂബ് വെള്ളമാണ് ഷട്ടറുകള്‍ തുറന്നദിവസം വൃഷ്ടി പ്രദേശങ്ങളില്‍ നിന്നും റിസർവോയറിലേക്ക് എത്തിയിരുന്നത്.
അത്രയും വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. ഇതനുസരിച്ച് ഷട്ടറുകള്‍ ഉയർത്തിയും താഴ്ത്തിയും ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുകയാണ്. ഒന്നാം പ്രളയവർഷമെന്ന് വിശേഷിപ്പിച്ച 2018 ല്‍ ജലനിരപ്പ് പരമാവധിയിലെത്തി ജൂണ്‍ 14ന് ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നിരുന്നു.
കഴിഞ്ഞ കാല്‍നൂറ്റാണ്ട് കാലമായി ഇതാണ് മംഗലംഡാമിന്‍റെ സ്ഥിതി. മിക്കവാറും വർഷങ്ങളിലും ജൂലൈ ആദ്യത്തിലും പകുതിയോടെയും ഷട്ടറുകള്‍ തുറക്കാറുണ്ട്. ഇങ്ങനെയൊക്കെ ജലസമൃദ്ധിയുണ്ടെങ്കിലും നല്ല വേനലുണ്ടായാല്‍ മംഗലംഡാം കട്ട വിണ്ട് മകരകൊയ്ത്ത് കഴിഞ്ഞ നെല്‍പ്പാടം പോലെയാകും. മേയ് മാസം അവസാനത്തിലും ജൂണ്‍ ആദ്യത്തിലുമൊക്കെയായി കനത്ത കുറച്ചു മഴ ലഭിച്ചാല്‍ മതി ഡാം നിറയും. പിന്നെ മൂന്നുനാലു മാസങ്ങള്‍ ഷട്ടറുകള്‍ തുറന്ന് വക്കണം. അതല്ലാതെ മറ്റു വഴികളില്ല.
1956 ല്‍ അന്നത്തെ മദിരാശി സർക്കാർ 106 ലക്ഷം രൂപ ചെലവഴിച്ചാണ് മംഗലംഡാം നിർമിച്ചത്.ഡാം നിർമിക്കുമ്പോള്‍ 48.85 ചതുരശ്ര കിലോമീറ്ററാണ് ഡാമിന്‍റെ കാച്ച്‌മെന്‍റ് ഏരിയ. വൃഷ്ടിപ്രദേശത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന ഡാമുകളില്‍ ഒന്നായ മംഗലംഡാമില്‍ അധികജലം സംഭരിക്കുന്നതിന് നടപടികളില്ലാത്തത് വലിയ പോരായ്മയായി നില നില്‍ക്കുകയാണ്.
പാഴാക്കുന്ന വെള്ളം പുഴയില്‍ തടഞ്ഞു നിർത്താൻ മൂന്നോ നാലോ കിലോമീറ്റർ ഇടവിട്ട് ചെക്ക്ഡാമുകള്‍ കെട്ടി കുറെ വെള്ളം വേനലിലേക്കായി സംഭരിക്കാൻ കഴിയും. അതുവഴി നാട്ടിലെ കിണറുകളിലും മറ്റും വെള്ളമാകും. മഴക്കാലം പിന്മാറുന്നതോടെ പുഴ വരളുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. വെള്ളമെല്ലാം ഒഴുകി നഷ്ടപ്പെടുന്നു. പീച്ചിയിലുള്ള കേരള എൻജിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും (കെഇആർഐ), ദേശീയ ഡാം പരിശോധന വിഭാഗമായ എൻസിഇഎസ്‌എസും രണ്ട് തവണയായി ഡാമില്‍ നടത്തിയിട്ടുളള പരിശോധനയില്‍ ഡാമില്‍ 30 ശതമാനത്തോളം മണ്ണും മണലും ചെളിയുമായി നിറഞ്ഞിട്ടുണ്ടെന്നാണ് കണ്ടെത്തിയിരുന്നത്.
2015ല്‍ കെഇആർഐ മംഗലംഡാമില്‍ നടത്തിയ ഹൈഡ്രോഗ്രാഫി സർവേ റിപ്പോർട്ടനുസരിച്ച് 60 വർഷം മുമ്പ് ഡാം നിർമിക്കുമ്പോള്‍ 25 എംഎം ക്യൂബ് കപ്പാസിറ്റി ഉണ്ടായിരുന്ന ഡാമിന് അഞ്ച് എംഎം ക്യൂബ് കുറഞ്ഞ് 20 എംഎം ക്യൂബ് കപ്പാസിറ്റിയായെന്നായിരുന്നു റിപ്പോർട്ട് . ചെറിയ ഡാം എന്ന നിലയില്‍ മണ്ണിന്‍റെയും മണലിന്‍റെയും തോത് ഡാമില്‍ വളരെ കൂടുതലാണെന്നും കാലവർഷത്തിന്‍റെ തുടക്കത്തില്‍ തന്നെ ഡാം നിറഞ്ഞു സ്പില്‍വെ ഷട്ടറുകള്‍ തുറക്കേണ്ടി വരുന്നതും ഇതുകൊണ്ടാണെന്ന് ഇൻസ്റ്റിറ്റ്യൂട്ട് കണ്ടെത്തിയിരുന്നു.
2015 നു ശേഷം 2018 ലും 2019ലും അതിവർഷവും തുടർന്നുള്ള പ്രളയവും ഉണ്ടായപ്പോള്‍ ഡാമിന്‍റെ വൃഷ്ടിപ്രദേശങ്ങളായ മലകളിലും വ്യാപകമായി ഉരുള്‍പൊട്ടലുകളുണ്ടായി. അവിടെനിന്നെല്ലാം മണ്ണും മണലും പാറകളും മരങ്ങളുമെല്ലാം ഡാമില്‍ അടിഞ്ഞുകൂടി. ഇത് ഡാമിന്‍റെ സംഭരണശേഷി 2015ലെ പരിശോധനാ റിപ്പോർട്ടിനേക്കാള്‍ വീണ്ടും കുറച്ചു. 77.88 മീറ്ററാണ് ഡാമിന്‍റെ പരമാവധി ജലസംഭരണ ശേഷി. ഇതില്‍ 65 മീറ്ററാണ് സമുദ്രനിരപ്പ്. അങ്ങനെ നോക്കുമ്പോള്‍ 15 മീറ്റർ പോലും വെള്ളം ഡാമില്‍ ഇല്ല. ഷട്ടർ ഭാഗത്താണ് ഡാമില്‍ ഏറ്റവും ആഴമുള്ളത്.
ഇവിടെ 16 മീറ്റർ ആഴമുണ്ട്. 2020 ഡിസംബർ 17നാണ് ഡാമില്‍ അടിഞ്ഞുകൂടിയിട്ടുള്ള മണ്ണും മണലും നീക്കം ചെയ്യുന്നതിനുള്ള പ്രവൃത്തി തുടങ്ങിയത്.എല്ലാം നിശ്ചലമായിട്ടിപ്പോള്‍ മൂന്ന് വർഷം കഴിഞ്ഞു. ഇനി റീടെൻഡർ വച്ച് പുനഃരാരംഭിക്കും എന്നൊക്കെ ഇടക്കിടെ പറയുന്നതല്ലാതെ നടപടികളിലേക്ക് കാര്യങ്ങളൊന്നും നീങ്ങുന്നില്ല. ഇതു മൂലം ഡാം ജലഉറവിടമാക്കി നടപ്പാക്കാൻ ലക്ഷ്യംവച്ച കുടിവെള്ള പദ്ധതിയും മുടങ്ങി കിടക്കുകയാണ്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുകhttps://chat.whatsapp.com/EGVpOOdSYZ7JDLE0xxuCwr
