

വണ്ടാഴി മാപ്പിളപ്പൊറ്റ -ചീളി ചിറ്റടി റോഡില്‍ മാപ്പിളപ്പൊറ്റ പുഴക്ക് കുറുകെ പുതിയ പാലം നിർമിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി.ഇതിന്‍റെ ഭാഗമായി സർവേ ടീം സ്ഥലത്തെത്തി ലെവല്‍ പരിശോധന നടത്തി. അടുത്തദിവസം മണ്ണ് പരിശോധന നടക്കും.
വൈകാതെ പാലത്തിന്‍റെ നിർമാണ പ്രവൃത്തികള്‍ തുടങ്ങുമെന്ന് അധികൃതർ പറഞ്ഞു.നിലവിലുള്ള ചപ്പാത്തിനേക്കാള്‍ നാല് മീറ്റർ ഉയരത്തില്‍ പുഴയില്‍ പില്ലറുകള്‍ ഇല്ലാതെ 24 മീറ്റർ നീളത്തിലാണ് പുതിയ പാലം നിർമിക്കുക.
പുഴയ്ക്ക് കുറുകെ നന്നേ വീതി കുറഞ്ഞതും തീരെ ഉയരമില്ലാത്തതുമായ ഒരു ചപ്പാത്ത് മാത്രമാണ് ഇപ്പോഴുള്ളത്. ചെറിയ കാറുകള്‍ക്ക് കഷ്ടിച്ച് കടന്നുപോകാവുന്ന ചപ്പാത്താണിത്. നല്ല മഴപെയ്താല്‍ ചപ്പാത്ത് മുങ്ങിയാണ് പുഴ ഒഴുകുക .കെ.ഡി. പ്രസേനൻ എംഎല്‍എയുടെ ശ്രമഫലമായാണ് നാട്ടുകാരുടെ പതിറ്റാണ്ടുകളായുള്ള മുറവിളിക്ക് സാക്ഷാത്കാരമാകുന്നത്. സ്വപ്നം യാഥാർഥ്യത്തിലേക്ക് നീങ്ങുന്നതിന്‍റെ സന്തോഷത്തിലാണ് മലയോര കർഷകരും.
പാലം യഥാർഥ്യമായാല്‍ കിഴക്കഞ്ചേരി, വണ്ടാഴി പഞ്ചായത്തിലുള്ളവർക്ക് അടിപ്പെരണ്ട, ഒലിപ്പാറ പ്രദേശങ്ങളിലേക്ക് പോകാനും സമീപപഞ്ചായത്തായ അയിലൂരിലേക്ക് കടക്കാനും എളുപ്പമാർഗമാകും.
ഇതുവഴി ബസ് സർവീസുകളും ആരംഭിക്കാനാകും. പാലം നിർമാണത്തിനായി സംസ്ഥാനസർക്കാർ കഴിഞ്ഞ ബജറ്റില്‍ ഒന്നരക്കോടി രൂപ മാറ്റിവച്ചിരുന്നു. ഇരുഭാഗത്തെയും റോഡ് ലെവലിലാകും പുതിയ പാലം.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി തഴെ click ചെയ്യുക👇
https://chat.whatsapp.com/HWVly5Khbnq54XR0r8m7Mp?mode=ac_t
