
പാലക്കാട് തങ്കം ആശുപതിയിൽ യുവതി മരിച്ചതുമായി ബന്ധപ്പെട്ട ആരോപണത്തിൽ സമഗ്രമായ അന്വഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും വരെ കുടുംബത്തോടൊപ്പം ഉണ്ടാവുമെന്ന് യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്താ ജെറോം പറഞ്ഞു. തങ്കം ആശുപതിയിൽ ചികിത്സാ പിഴവ് മൂലം മരിച്ചു എന്ന് ആരോപിക്കപ്പെടുന്ന തത്തമംഗലം സ്വദേശി ഐശ്വര്യയുടെ വീട് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു ചെയർപേഴ്സൺ. സംഭവം നടന്ന മണിക്കൂറിൽ തന്നെ യുവജന കമ്മീഷൻ ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയിരുന്നു.

ആരോഗ്യ വകുപ്പ്, ഡി.എം.ഒ, പോലീസ് മേധാവി എന്നിവരിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ലഭ്യമായ റിപ്പോർട്ട് പരിശോധിച്ച് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. ഐശ്വര്യയുടെ കുടുംബം തിങ്കളാഴ്ച മുഖ്യമന്ത്രിയെയും ആരോഗ്യ വകുപ്പ് മന്ത്രിയെയും കാണുന്നുണ്ട്. എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് ഗൗരവമായി പരിശോധിച്ച് വരികയാണ്. സംഭവത്തിൽ ശക്തമായ അന്വേഷണം ഉണ്ടാവണമെന്നും കമ്മീഷന്റെ പൂർണ്ണ സഹകരണം കുടുംബത്തോടൊപ്പം ഉണ്ടാവുമെന്നും ചെയർപേഴ്സൺ ചിന്താ ജെറോം പറഞ്ഞു. യുവജന കമ്മീഷൻ അംഗം അഡ്വ. ടി മഹേഷ്, യുവജന കമ്മീഷൻ സംസ്ഥാന കോ-ഓഡിനേറ്റർ അഡ്വ.രൺദിഷ്, ജില്ലാ കോ- ഓഡിനേറ്റർ അഖിൽ എന്നിവരും സന്ദർശനത്തിൽ പങ്കാളിയായി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇
https://chat.whatsapp.com/LGKm6uPJVIt8nYhyoTCBEG