
റിപ്പോർട്ട്: ബെന്നി വർഗ്ഗീസ്

നെന്മാറ : മംഗളൂരുവിലെ ബണ്ട്വാള, പഞ്ചിക്കല്ലിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മരണമടഞ്ഞ അയിലൂർ കൈതച്ചിറ സ്വദേശി ബിജു (47) ന്റെ മൃതദേഹം സംസ്കരിച്ചു. ബുധനാഴ്ച വൈകിട്ട് ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് നാട്ടിൽ നിന്നും പുറപ്പെട്ട ബന്ധുക്കൾ 12 മണിക്കൂറോളം യാത്ര ചെയ്താണ് വൈകിട്ട് നാലരയോടെ മംഗലാപുരത്തുനിന്നും നാൽപതു കിലോമീറ്റർ അകലെയുള്ള ബണ്ട്വാള ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചേർന്നത്.

കർണാടക പോലീസ് ബന്ധുക്കളിൽ നിന്നും വിവരം ശേഖരിച്ച് അപകട സ്ഥലത്തിന്റെയും അപകടകാരണങ്ങളെയും ബന്ധുക്കളെ ധരിപ്പിച്ചതിനു ശേഷം വിവരങ്ങൾ ആരാഞ്ഞ് പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കി രാത്രി 7 മണിയോടു കൂടി മൃതദേഹം വിട്ടുകൊടുത്തു. വെള്ളിയാഴ്ച രാവിലെ 7 മണിയോടുകൂടിയാണ് മൃതദേഹം കൈതച്ചിറയിലെ വീട്ടിലെത്തിച്ചത്. ശരീരം പൂർണ്ണമായും മണ്ണിനടിയിൽപ്പെട്ട് തലയ്ക്ക് പിന്നിൽ സിമന്റ് കട്ടകളും മറ്റും ഇടിച്ച് മാരകമായ പരിക്കുപറ്റി സംഭവസ്ഥലത്ത് തന്നെ മരണമടഞ്ഞ നിലയിലാണ് ബിജുവിന്റെ മൃതദേഹം കണ്ടെടുത്തതെന്ന് കർണാടക പോലീസ് ബന്ധുക്കളെ അറിയിച്ചു. അപകടസ്ഥലത്തിലെ അപകട ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് ബന്ധുക്കൾക്ക് കൈമാറി.

ബിജുവിന്റെ ശരീരം വീട്ടിലെത്തിതോടെ സമൂഹത്തിന്റെ നാനാ വിഭാഗങ്ങളിലുള്ളവർ അന്ത്യാഞ്ജലി അർപ്പിക്കാൻ വീട്ടിലെത്തി. പ്രായാധിക്യമുള്ള അച്ഛനും അമ്മയും ഭാര്യയും വിദ്യാർത്ഥിയായ മകളും മകനും ഉൾപ്പെടുന്ന നിർധനരായ കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു ബിജു. മേൽക്കൂര തകർന്ന് ചോർന്നൊലിച്ച് തകർന്നുവീഴാറായ വീടിനു മുകളിൽ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടിയാണ് കുടുംബം കഴിയുന്നത്. മരിച്ച ബിജുവിന്റെ കുടുംബത്തിന് അടിയന്തര ധന സഹായം നൽകണമെന്ന് പഞ്ചായത്ത് അംഗം പത്മഗിരീശനും മറ്റു ജനപ്രതിനിധികളും ബന്ധുക്കളും പ്രദേശവാസികളും ആവശ്യപ്പെട്ടു.

ചിറ്റൂർ ഡെപ്യൂട്ടി തഹസിൽദാരുടെ നേതൃത്വത്തിൽ കയറാടി വില്ലേജ് ഓഫീസറും സംഘവും മംഗലാപുരത്ത് നിന്നും മൃതദേഹം കൊണ്ടുവരാൻ ചെലവായ ആംബുലൻസ് തുകയായ പതിനെട്ടായിരം രൂപ ബന്ധുക്കളെ ഏൽപ്പിച്ചു. ഇതു കൂടാതെ ബന്ധുക്കൾക്കും മറ്റും മൃതദേഹം കൊണ്ടുവരാനും മറ്റുമായി ഇരുപതിനായിരം രൂപയിലേറെ ചെലവായിട്ടുണ്ട്. അത്യാഹിതം ഉണ്ടായ വിവരം അറിഞ്ഞയുടൻ ബന്ധുക്കളും പ്രദേശവാസികളും നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുന്ന കെ. ബാബു എംഎൽഎയും ആയി ബന്ധപ്പെട്ട് മൃതദേഹം കൊണ്ടുവരാൻ സൗജന്യ ആംബുലൻസ് സേവനത്തിന് ശ്രമിച്ചിരുന്നു. 600 കിലോമീറ്റർ ദൂരം അന്തർ സംസ്ഥാന സർവീസുമായതിനാൽ വിവിധ സംഘടനകളുമായി ബന്ധപ്പെട്ടെങ്കിലും സൗജന്യ ആംബുലൻസ് സർവീസ് ലഭിച്ചില്ല.
അയിലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജീന ചാന്ത് മുഹമ്മദും പഞ്ചായത്ത് അംഗങ്ങളു അന്ത്യോപചാരം അർപ്പിക്കാൻ എത്തി. നെന്മാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രബിതാ ജയൻ, ജില്ലാ പഞ്ചായത്തംഗം കെ. ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം വിവിധ രാഷ്ട്രീയ, സാമുദായിക സംഘടന പ്രതിനിധികൾ എന്നിവരും അന്ത്യോപചാരം അർപ്പിച്ചു.

10 ദിവസം മുമ്പാണ് ബിജു അവസാനമായി നാട്ടിൽ വന്ന് ജോലിസ്ഥലമായ കർണാടകയിലേക്ക് മടങ്ങിയത്. ടാപ്പിംഗ് തൊഴിലാളിയായ ബിജു കൂടുതൽ മരങ്ങൾ ടാപ്പിംഗ് ചെയ്ത് അധിക വരുമാനം ഉണ്ടാക്കി സ്വന്തമായി വീട് എന്ന മോഹം സാക്ഷാത്കരിക്കുന്നതിനാണ് രണ്ടുവർഷത്തോളമായി മംഗലാപുരത്ത് ജോലിക്ക് പോകാൻ തുടങ്ങിയത്. 2018ലെ വെള്ളപ്പൊക്കത്തിൽ രണ്ട് കിലോമീറ്റർ അകലെയുള്ള മറ്റൊരു സ്ഥലത്ത് താമസിക്കുമ്പോൾ വീടിനടുത്ത് മണ്ണിടിച്ചിൽ ഉണ്ടായി റവന്യൂ അധികൃതരുടെ നിർദ്ദേശത്തെ തുടർന്ന് അവിടം വിട്ടാണ് പുതിയ സ്ഥലത്ത് ബിജുവും കുടുംബവുംതാമസം തുടങ്ങിയത്. എന്നാൽ ബിജുവിനെ ദുരന്തം വിടാതെ പിടികൂടുകയായിരുന്നു. ലൈഫ് മിഷൻ പദ്ധതി പ്രകാരം വീട് ലഭിക്കുന്നതിന് ഗുണഭോക്ത ലിസ്റ്റിൽ 247 നമ്പറുകാരനായി ഏറ്റവും പിന്നിലായാണ് ബിജു ലിസ്റ്റിൽ ഉള്ളത്. പ്രത്യേക സാഹചര്യത്തിൽ പഞ്ചായത്ത് അധികൃതർ ഇടപെട്ട് ബിജുവിന്റെ കുടുംബത്തിന് വീട് നിർമ്മിച്ചു നൽകാനുള്ള സംവിധാനവും മകനും ഭാര്യക്കും വരുമാനം ലഭിക്കുന്ന തൊഴിൽ ലഭ്യമാക്കണമെന്നും പ്രദേശവാസികളും ബന്ധുക്കളും ആവശ്യപ്പെടുന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/LGKm6uPJVIt8nYhyoTCBEG