

പുതുക്കോട് ഗ്രാമപഞ്ചായത്തിലെ മണപ്പാടം മലങ്കാട് പ്രദേശത്തെ ക്വാറിയുടെ പ്രവർത്തനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സിപിഎം, കോൺഗ്രസ്, ബിജെപി ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളും പൊതുജനങ്ങളും ചേർന്ന് വൻ പ്രതിഷേധം നടത്തി. വിവിധ രാഷ്ട്രീയ പാർട്ടികളും നാട്ടുകാരും ഉൾപ്പെട്ട സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ മണപ്പാടം സെന്ററിൽ നിന്ന് മലങ്കാട് ക്വാറിയിലേക്കാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.
ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന പരിങ്കൽ ക്വാറിയുടെ പ്രവർത്തനം പ്രദേശവാസികൾക്ക് തീരാദുരിതമാകുകയാണെന്ന് സമരക്കാർ ആരോപിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ക്വാറിയിലെ പാറ പൊട്ടിക്കൽ പ്രവർത്തനത്തെ തുടർന്ന് നിരവധി വീടുകളിൽ വിള്ളലുകൾ രൂപപ്പെട്ടതായും നാട്ടുകാർ പറഞ്ഞു. ശക്തമായ സ്ഫോടന ശബ്ദങ്ങൾ മൂലം കുട്ടികളടക്കം ഭീതിയിലാണെന്നും ജനങ്ങൾ ചൂണ്ടിക്കാട്ടി.
നിയമങ്ങൾ കാറ്റിൽ പറത്തി വൻ തോതിൽ പാറ പൊട്ടിക്കുന്നുവെന്നാണ് സമരസമിതിയുടെ ആരോപണം. ക്വാറിയുടെ പ്രവർത്തനം ഉടൻ നിർത്തിവെക്കണമെന്നും ഇതുമായി ബന്ധപ്പെട്ട് ജിയോളജി വകുപ്പ്, തഹസിൽദാർ, വില്ലേജ് അധികൃതർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തണമെന്നും സമരസമിതി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് വിവിധ വകുപ്പുകൾക്ക് പരാതിയും നൽകിയിട്ടുണ്ട്.
സംയുക്ത സമരസമിതി രക്ഷാധികാരി ശങ്കരനാരായണൻ അധ്യക്ഷനായി. പഞ്ചായത്ത് ഉപാധ്യക്ഷ ഐ. ഷാഹിദ, ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലിജിത സൽപ്രകാശ്, ടി.വി. രാഹുൽരാജ്, പി.എം. ഹാരിഷ്, വി. രാജേഷ്, ഭാഗ്യലക്ഷ്മി ജഗദീശൻ, എ.എ. നാസർ എന്നിവർ സംസാരിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.സി. ബിനു, സി.എസ്. ദാസ്, സി.എം. അബ്ദുൽ റഹ്മാൻ, റഫീക്ക് അബ്ബാസ്, കെ.കെ. രാജേന്ദ്രൻ എന്നിവരും പ്രതിഷേധത്തിൽ പങ്കെടുത്തു.
ക്വാറിയുടെ പ്രവർത്തനം അവസാനിപ്പിക്കുന്നതുവരെ സമരം തുടരുമെന്ന് സംയുക്ത സമരസമിതി മുന്നറിയിപ്പ് നൽകി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
