സ്ത്രീ സുരക്ഷ ജാഗ്രത സമിതികള്‍ കാര്യക്ഷമമാക്കും;സംസ്ഥാന വനിത കമ്മീഷന്‍ അധ്യക്ഷ

Share this News

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനും പ്രശ്നങ്ങള്‍ പ്രാരംഭഘട്ടത്തില്‍ പരിഹരിച്ച് മുന്നോട്ടു പോകുന്നതിനുമായി വാര്‍ഡ് തലത്തിലുള്ള ജാഗ്രതാ സമിതികള്‍ കാര്യക്ഷമമാക്കുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ.പി സതീദേവി. ജാഗ്രത സമിതികളുടെ പ്രവര്‍ത്തനം സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് മൂന്ന് മാസത്തിനുള്ളില്‍ സമര്‍പ്പിക്കാന്‍ ജില്ലാ പഞ്ചായത്ത് മോണിറ്ററിംഗ് കമ്മിറ്റികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. രാമനിലയത്തില്‍
നടന്ന വനിതാ കമ്മീഷന്‍ അദാലത്തില്‍ സംസാരിക്കുകയായിരുന്നു അധ്യക്ഷ.

പ്രശ്‌നങ്ങള്‍ നേരത്തെ അറിഞ്ഞ് ഇടപെടാനും പരിഹാരം കണ്ടെത്താനും ജാഗ്രത സമിതികള്‍ക്ക് സാധിക്കണം. പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ
ഭാഗമായി തദ്ദേശ സ്ഥാപന തലത്തില്‍ മികച്ച സമിതികളെ കണ്ടെത്തി സംസ്ഥാന വനിതാ കമ്മിഷന്‍ പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനുള്ള അപേക്ഷ ഈ മാസം ക്ഷണിക്കുമെന്നും പി സതീദേവി അറിയിച്ചു. പരാതിക്കാര്‍ക്ക് ആവശ്യമെങ്കില്‍ കൗണ്‍സില്‍ നല്‍കുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാനങ്ങളില്‍ കൗണ്‍സിലറെ നിയമിക്കണമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു.

സ്ത്രീകളുടെ സുരക്ഷയ്ക്കും അവര്‍ക്ക് നിയമപരമായ സംരക്ഷണമൊരുക്കുന്നതിനും വേണ്ടിയാണ് സംസ്ഥാന വ്യാപകമായി പ്രാദേശികതലത്തില്‍ ജാഗ്രതാ സമിതികള്‍ രൂപീകരിച്ചിരിക്കുന്നത്. തദ്ദേശ സ്ഥാപന പ്രതിനിധികള്‍, പൊലീസ്, കുടുംബശ്രീ എന്നിവര്‍ അംഗങ്ങളായാണ് സമിതികള്‍ പ്രവര്‍ത്തിച്ചു വരുന്നത്. എല്ലാ വിഭാഗം സ്ത്രീകളിലേയ്ക്കും എത്തി അവരുടെ പ്രശ്നങ്ങളില്‍ നിയമപരമായ പരിഹാരം ഉണ്ടാക്കുകയാണ് സമിതികളിലൂടെ ഉദ്ദേശിക്കുന്നത്.

അദാലത്തില്‍ ആകെ ലഭിച്ച 50 പരാതികളില്‍ 12 എണ്ണം പരിഹരിച്ചു. മൂന്ന് കേസുകള്‍ റിപ്പോര്‍ട്ട് ലഭിക്കുന്നതിന് പൊലീസിന് കൈമാറി. 35 പരാതികള്‍ അടുത്ത മാസത്തെ അദാലത്തിലേയ്ക്ക് മാറ്റി. കുടുംബ പ്രശ്‌നങ്ങള്‍, പ്രായമായവരെയും കുട്ടികളെയും സംരക്ഷിക്കാത്ത പരാതികള്‍ എന്നിവയാണ്
അദാലത്തില്‍ കൂടുതല്‍ പരിഗണിച്ചത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/KaxkVnGzO807JiH65XjrDq


Share this News
error: Content is protected !!