കൊയ്ത്തു തീരാറായിട്ടും 15 വർഷമായി കൊയ്ത്തു യന്ത്രം കട്ടപ്പുറത്ത് തന്നെ

Share this News

അയിലൂർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ കാട് കയറി ഉപേക്ഷിച്ച നിലയിൽ കിടക്കുന്ന കൊയ്ത്തു യന്ത്രം

കൊയ്ത്തു തീരാറായിട്ടും 15 വർഷമായി കൊയ്ത്തു യന്ത്രം കട്ടപ്പുറത്ത് തന്നെ

റിപ്പോർട്ട് : ബെന്നി വർഗ്ഗീസ്

നെന്മാറ: ആയിലൂർ പഞ്ചായത്തിലെ സംയുക്ത പാടശേഖര സമിതിയുടെ ആഭിമുഖ്യത്തിൽ കൊയ്ത്തു യന്ത്രങ്ങളുടെ ക്ഷാമവും അമിത കൊയ്ത്തുകൂലിക്കും പരിഹാരമായി വാങ്ങിയ കൊയ്ത്തു യന്ത്രം 15 വർഷത്തിലേറെയായി ഒരു കർഷകന്റെ വളപ്പിൽ ആദ്യം ബാറ്ററി തകരാറും തുടർന്ന് യന്ത്ര തകരാറിന്റെയും പേരിൽ മഴയും വെയിലും ഏറ്റ് തുരുമ്പെടുത്ത് കിടക്കുകയായിരുന്നു വെയിലും മഴയും ഏറ്റു തുരുമ്പെടുത്ത നശിക്കാൻ തുടങ്ങിയതോടെ കൃഷിഭവൻ, ഗ്രാമ പഞ്ചായത്ത്, സംയുക്ത കർഷക സമിതി തുടങ്ങി പലരോടും ആവശ്യപ്പെട്ടിട്ടും കൊയ്ത്തു യന്ത്രം വീട്ടിൽ നിന്ന് മാറ്റി കിട്ടാത്തതിനെ തുടർന്ന് ആലമ്പള്ളത്തെ കർഷകൻ സ്വന്തം ചെലവിൽ ക്രയിൻ ഉപയോഗിച്ച് അയിലൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ കൊണ്ടുവന്ന് ഇടുകയായിരുന്നു. പഞ്ചായത്ത് ഓഫീസിനു മുന്നിൽ എത്തിച്ചിട്ട് ഒരു വർഷമായിട്ടും ഇക്കാര്യത്തെക്കുറിച്ച് യാതൊരു നടപടിയും പഞ്ചായത്ത് സ്വീകരിച്ചില്ല. ഇപ്പോൾ പഞ്ചായത്ത് ഓഫീസിനു മുന്നിൽ മഴയും വെയിലും ഏറ്റ് ദ്രവിച്ചു തുടങ്ങിയ യന്ത്രത്തിൽ വള്ളിപ്പടർപ്പുകളും ചെടികളും പടർന്നു കയറി റോഡിലൂടെ പോകുന്നവരുടെ ശ്രദ്ധ പതിയാത്ത വിധമായി മാറിയിട്ടുണ്ട്. 2006 – 07 ലെ കേരള വികസന പദ്ധതി പ്രകാരം അയിലൂർ ഗ്രാമപഞ്ചായത്തിന്റെയും പാലക്കാട് നെൽകൃഷി വികസന ഏജൻസിയുടെയും കർഷകരുടെയും പങ്കാളിത്തത്തോടെയാണ് കൊയ്ത്തു യന്ത്രം വാങ്ങിയത്. രണ്ടു സീസൺ മാത്രം ഉപയോഗിച്ച യന്ത്രം പരിചയസമ്പന്നരല്ലാത്ത തൊഴിലാളികൾ കൈകാര്യം ചെയ്തതിനാലും അടുത്ത സീസൺ വരെ നിർത്തി ഇടേണ്ടി വരുന്നതിനാലും തകരാറുകൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഇതു പരിഹരിക്കാൻ ചുമതലപ്പട്ട പ്രത്യേക സമിതികളോ മറ്റോ മുൻകൈ എടുക്കാതിരുന്നതും ലക്ഷങ്ങൾ വിലപിടിപ്പുള്ള യന്ത്രത്തിന് അകാലചരമം വിധിച്ചു.

യന്ത്രം വാങ്ങുന്നതിനായി ധനസമാഹരണത്തിനായി അയിലൂർ പഞ്ചായത്തിലെ കർഷകരുടെ രണ്ടു വർഷത്തെ ഉത്പാദന ബോണസ് മറ്റ് അനുബന്ധ ആനുകൂല്യങ്ങളുടെയും തുക കർഷകർക്ക് നൽകാതെ സംയുക്ത പാടശേഖരസമിതിയുടെ നേതൃത്വത്തിൽ തീരുമാനമെടുത്ത് വിനിയോഗിക്കുകയായിരുന്നു. ഇപ്പോൾ പഞ്ചായത്തും കൃഷിഭവനും തങ്ങളുടെ ഉടമസ്ഥതയിലല്ല കൊയ്ത്തു യന്ത്രം എന്ന പറയുന്നു. എന്തായാലും നാഥൻ ഇല്ലാത്ത യന്ത്രം അയിലൂർ പഞ്ചായത്ത് ഓഫീസിന്റെ മുന്നിൽ ഇപ്പോഴും അന്ത്യ വിശ്രമത്തിലാണ്. സർക്കാർ നിശ്ചയിച്ച നിരക്കിൽ ഉൽപാദന ബോണസിനു പഞ്ചായത്ത് ഫണ്ട് അനുവദിച്ചില്ലെന്ന് ആക്ഷേപം പറയുന്ന സംയുക്ത പാടശേഖരസമിതിയും ഇക്കാര്യത്തിൽ മൗനം പാലിക്കുന്നതായി കർഷകരുടെ ആക്ഷേപം. ഉപയോഗശൂന്യമായ കൊയ്ത്തു യന്ത്രം ആക്രി വിലയ്ക്കെങ്കിലും ലേലം ചെയ്ത് കാർഷിക വികസനത്തിനായി തുക വിനിയോഗിക്കണമെന്നും പ്രദേശത്തെ കർഷകർ ആവശ്യപ്പെടുന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/CHVJ0AHH9oWIvys9rsAwpX


Share this News
error: Content is protected !!