പോത്തുണ്ടി കനാലുകൾ വൃത്തിയാക്കിയില്ല; പരിപാലനത്തിന് കരാർ നൽകി
നെന്മാറ : കനാലുകൾ വൃത്തിയാക്കൽ ഇനിയും കരാർ ആയില്ല. ആവർത്തന തൊഴിൽ ഒഴിവാക്കണമെന്ന് നിർദ്ദേശത്തെ തുടർന്ന് തൊഴിലുറപ്പ് തൊഴിലാളികളെയും കനാൽ വൃത്തിയാക്കുന്ന ജോലിയിൽ നിന്ന് മാറ്റിനിർതുകയും ചെയ്തു. എന്നാൽ കനാൽ വൃത്തിയാക്കാൻ കരാറുകൾ നൽകുന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. ആവശ്യമായ ഫണ്ട് ലഭിക്കാത്തതിനാലാണ് കനാലുകൾ വൃത്തിയാക്കുന്നതിന് കരാർ നൽകാൻ തടസ്സമാകുന്നത് എന്ന് ജലസേചന വകുപ്പ് അധികൃതർ പറയുന്നു. ആവശ്യത്തിന് ഫണ്ട് ലഭ്യമായില്ലെങ്കിൽ ഡാമുകളുടെ അടിയന്തര പരിപാലനത്തിന് നീക്കി വെച്ചിട്ടുള്ള കരുതൽ ഫണ്ട് ഉപയോഗിച്ച് കനാലുകൾ വൃത്തിയാക്കുന്നതിന് നിർദ്ദേശം വന്നിട്ടുണ്ടെന്ന് പറയുന്നു. ഈ തുക അവിചാരിതമായി കനാലുകൾ തകരുകയോ ഡാമിലെ അറ്റകുറ്റപ്പണികൾ നടത്തുകയൊ ചെയ്യുന്നതിന് വിനിയോഗിക്കുന്നതിനുള്ളതാണ്. പാലക്കാട് കളക്ടറേറ്റിൽ സബ് കളക്ടറുടെ നേതൃത്വത്തിൽ ജലസേചന വകുപ്പ് അധികൃതരുടെയും പാടശേഖര ജലവിതരണ ഉപദേശക സമിതിയുടെയും യോഗം കഴിഞ്ഞ ദിവസം ചേർന്നെങ്കിലും രണ്ടാം വിളക്ക് ജലവിതരണ കാര്യത്തെക്കുറിച്ച് തീരുമാനമായില്ല. വെള്ളം വിടുന്നതിന് പ്രാരംഭമായി കനാലുകൾ വൃത്തിയാക്കുന്ന പണി ആരംഭിച്ചില്ലെങ്കിലും വെള്ളം തുറന്നതിനു ശേഷം വേണ്ടുന്ന സംവിധാനത്തിന് ഒരുക്കം ആയിട്ടുണ്ട്. പോത്തുണ്ടി അണക്കെട്ട് പരിധിയിൽ ആവശ്യത്തിന് ഫീൽഡ് ജീവനക്കാരില്ലാത്തതിനാൽ കനാലുകളിലെ ഷട്ടറുകളുടെയും ഫീൽഡ് ബൂത്തികളും തുറക്കാനും അടയ്ക്കാനും വെള്ളം ഒഴുകുമ്പോൾ കനാലിൽ അടിഞ്ഞുകൂടുന്ന തടസ്സങ്ങൾ നീക്കുന്നതിനുമായി വലതുകര കനാലിലും ഇടതുകര കനാലിലും മേൽനോട്ടത്തിനായി പ്രത്യേകം പ്രത്യേകം കരാർ നൽകി കരാറുകാർ തൊഴിലാളികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കനാൽ ജലവിതരണം നടത്തുന്നതിന്‍റെ പ്രാരംഭമായി കനാലുകൾ വൃത്തിയാക്കുന്ന ജോലിയാണ് ഇനിയും പൂർത്തിയാവാത്തത്. തുലാവർഷം മഴ ശക്തമായി എല്ലാ പാടശേഖരങ്ങളിലും വെള്ളം ആവാത്തതും ഞാറ്റടികൾ വളർച്ചയെത്തിയതു മൂലം രണ്ടാം വിളയിറക്കാൻ വൈകുന്നതിൽ പോത്തുണ്ടി ഡാം പരിധിയിലെ കർഷകർ ആശങ്കയിലാണ്. എന്നാൽ കനാലുകൾ വൃത്തിയാക്കാതെ തന്നെ മംഗലം ഡാമിൽ നിന്നും കഴിഞ്ഞ ദിവസം കൃഷിക്കായി വെള്ളം തുറന്നുവിട്ടു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb