മംഗലംഡാമിലെ റിസോർവ്വോയറിൽ മണ്ണും ചെളിയും മണലും നീക്കം ചെയ്യുന്ന മംഗലം ഡീസില്‍റ്റേഷന്‍ പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം നാളെ.
രാവിലെ ഒൻപതിന് ഡാമിന്‍റെ പ്രവേശന കവാടത്തിനടുത്ത് വെച്ച് ഖനനം ചെയ്ത ധാതുക്കളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള വിതരണോദ്ഘാടനം ജലവിഭവ മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍വ്വഹിക്കും.
ഡാമിലെ മണ്ണും മണലും നീക്കം ചെയ്ത് സംഭരണ ശേഷി കൂട്ടി കൃഷിക്കും കുടിവെള്ളത്തിനും വെള്ളം കണ്ടെത്തുന്നതിനൊപ്പം സര്‍ക്കാരിന് യാതൊരു സാന്പത്തിക ബാധ്യതയുമില്ലാതെ എന്നാല്‍ വരുമാനം ഉണ്ടാകും വിധമാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഇത്തരത്തില്‍ ഡാമുകളില്‍ നിന്നും മണ്ണും മണലും എടുക്കുന്നതു വഴി പുഴ മണല്‍ ക്ഷാമത്തിനും പരിഹാരമാകും.
സംസ്ഥാനത്തെ ഡാമുകളില്‍ നിന്നും മണ്ണ് നീക്കം ചെയ്യുന്ന പ്രഥമ പദ്ധതിയാണ് മംഗലംഡാമില്‍ നടന്നുവരുന്നത്.
ജില്ലയിലെ തന്നെ ചുള്ളിയാര്‍ ഡാമാണ് അടുത്തത്.17.70 കോടി രൂപക്ക് ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദര്‍ത്തി ഡ്രഡ്ജിംഗ് ആന്‍ഡ് ഇന്‍ ഫ്റാസ്ട്രക്ച്ചര്‍ ലിമിറ്റഡ് എന്ന കന്പനിയാണ് പദ്ധതി കരാര്‍ എടുത്തിട്ടുളളത്.
മൂന്ന് വര്‍ഷമാണ് കാലാവുധി. മണ്ണിന്‍റെ തോതനുസരിച്ച് 50 സെന്‍റീമീറ്റര്‍ മുതല്‍ മൂന്ന് മീറ്റര്‍ വരെ താഴ്ചയില്‍ മണ്ണെടുക്കല്‍ നടക്കുമെന്ന് സുപ്രണ്ടിംഗ് എന്‍ജിനീയര്‍ സി.എസ്.സിനോഷ് പറഞ്ഞു. 25 .494 മില്യണ്‍ ക്യുബിക് മീറ്ററാണ് ഡാമിന്‍റെ പൂര്‍ണ ജലസംഭരണ ശേഷി.എന്നാല്‍ പീച്ചിയിലെ കേരള എന്‍ജിനീയറിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (കെഇആര്‍ഐ) നടത്തിയ പംനത്തില്‍ മണ്ണും മണലും എക്കലും അടിഞ്ഞുകൂടി ഡാമിന്‍റെ സംഭരണ ശേഷിയില്‍ 2.95 മില്യണ്‍ ഘനമീറ്ററിന്‍റെ കുറവ് വന്നിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു.
സമാന രീതിയില്‍ കേരളത്തിലെ മറ്റു ഡാമുകളിലും ഈ സ്ഥിതിയുണ്ട്.ഇതേ തുടര്‍ന്നാണ് ഡാമുകളില്‍ നിന്നും മണ്ണ് നീക്കം ചെയ്യുന്നതിനായി 2017ല്‍ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജര്‍ (എസ്‌ഒപി) എന്ന മാര്‍ഗ്ഗരേഖ പുറപ്പെടുവിക്കുകയും മണ്ണ് നീക്കം ചെയ്യല്‍ പ്രവൃത്തികള്‍ ആരംഭിക്കുകയും ചെയ്തിട്ടുള്ളത്. കെ.ഡി.പ്രസേനന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. രമ്യ ഹരിദാസ് എംപി മുഖ്യാതിഥിയാകും. ശിരുവാണി പ്രൊജക്‌ട് സര്‍ക്കിള്‍ സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ സി.എസ്.സിനോഷ് റിപ്പോര്‍ട്ട് അവതരിപ്പിക്കും.
ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ.ജോസ് ഐഎഎസ്, ജലവിഭവ വകുപ്പ് സെക്രട്ടറി പ്രണവ് ജ്യോതിനാഥ് ഐഎഎസ്, ജില്ലാ കളക്ടര്‍ മൃണ്‍മയി ജോഷി ശശാങ്ക് ഐഎഎസ്, ജലസേചന ഭരണ വിഭാഗം ചീഫ് എന്‍ജിനീയര്‍ അലക്സ് വര്‍ഗീസ്, ഐഡിആര്‍ബി ചീഫ് എന്‍ജിനിയര്‍ ഡി.ബിജു, വണ്ടാഴി പഞ്ചായത്ത് പ്രസിഡന്‍റ് കെ.എല്‍.രമേഷ്,ഡാം മെബര്‍ അഡ്വ.എസ്.ഷാനവാസ് മറ്റു ജനപ്രതിനിധികള്‍, മലന്പുഴ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഡി.അനില്‍കുമാര്‍ പങ്കെടുക്കും.