

മംഗലംഡാം ചിറ്റടി മണ്ണൂർ ഭഗവതിക്ഷേത്രത്തിലെ ബലിക്കല്ലിൽ ഏഴുന്നൂറിലേറെവർഷം പഴക്കം കണക്കാക്കുന്ന വട്ടെഴുത്ത് ലിഖിതം കണ്ടെത്തി. കേരള പുരാവസ്തുവകുപ്പിന് കീഴിലെ കോഴിക്കോട് പഴശ്ശിരാജാ മ്യൂസിയത്തിന്റെ റിപ്പോർട്ടനുസരിച്ച് ക്ഷേത്രത്തിൽ കണ്ടെത്തിയ വട്ടെഴുത്ത് പതിമൂന്നോ പതിനാലോ നൂറ്റാണ്ടിലെയാണെന്നാണ് വിലയിരുത്തൽ.
ക്ഷേത്രം സമീപകാലത്ത് നവീകരിച്ചെങ്കിലും വൃത്തശ്രീകോവിലിന്റെ കരിങ്കല്ലിലുള്ള അധിഷ്ഠാനവും മൂലവിഗ്രഹവും ബലിപീഠവും ചില ക്ഷേത്രാവശിഷ്ടങ്ങളും പരിശോധച്ചതിൽ ക്ഷേത്രത്തിന് 700-800 വർഷം പഴക്കമുള്ളതായാണ് കണക്കാക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. മണ്ണുമൂടിക്കിടന്നിരുന്ന ക്ഷേത്രത്തിൽ സ്ഥലം ഉടമകളായ വണ്ടാഴി വെളുത്താക്കൽ പി. വേണുഗോപാലനും വി. സുന്ദരേശനും മറ്റ് കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് നവീകരണജോലികൾ ആരംഭിച്ചപ്പോഴാണ് ബലിക്കല്ലിൽ ലിഖിതം കണ്ടെത്തിയത്.
ബലിക്കല്ലിന്റെ തെക്കും കിഴക്കും വടക്കും ഭാഗങ്ങളിൽ മൂന്ന് വരികളിലായാണ് ലിഖിതം കൊത്തിയിട്ടുള്ളത്. 2023 ഓക്ടോബറിൽ പാലക്കാട് വിക്ടോറിയകോളേജിലെ ചരിത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസർ ആയിരുന്ന ഡോ. കെ. രാജൻ ബല്ലിക്കല്ലിലെ വട്ടെഴുത്തിന്റെ പകർപ്പെടുത്ത് മൈസൂരിലെ ആർക്കിയോളജി സർവേ ഓഫ് ഇന്ത്യയുടെ ഓഫീസിലേക്ക് അയച്ചിരുന്നു. കാലപ്പഴക്കംകൊണ്ട് മാഞ്ഞുപോയ ലിഖിതം പൂർണമായി വായിച്ചെടുക്കാൻ കഴിഞ്ഞിരുന്നില്ല.
2023 ഡിസംബറിൽ കോഴിക്കോട് പഴശ്ശിരാജ മ്യൂസിയത്തിലെ ഓഫീസറായ ഡോ. കെ. കൃഷ്ണരാജ് ബലിക്കല്ല് വീണ്ടും പരിശോധിച്ചു. ഭാസ്‌കരൻ എന്ന നാടുവാഴി അമ്മച്ച ചെലവുകൾക്കായി (ക്ഷേത്രച്ചെലവുകൾ) കൊടുത്ത വസ്തുവകകളുടെ കണക്കാണ് വട്ടെഴുത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതെന്ന് കണ്ടെത്തുകയായിരുന്നു.
വട്ടെഴുത്ത്
മലയാളഭാഷയുടെ ആദ്യ ലിപിരൂപമാണ് വട്ടെഴുത്ത്. ചേര രാജാക്കന്മാരുടെ കാലമായ എ.ഡി.800 മുതൽ 1122 വരെയാണ് വട്ടെഴുത്ത് ഏറ്റവുമധികം പ്രചാരത്തിലുണ്ടിയിരുന്നത്. പതിനെട്ടാംനൂറ്റാണ്ട് വരെ വട്ടെഴുത്ത് പ്രചാരത്തിലുണ്ടായിരുന്നെങ്കിലും പതിനാലാം നൂറ്റാണ്ടുമുതൽ പ്രചാരം കുറഞ്ഞുതുടങ്ങുകയായിരുന്നെന്ന് ഡോ. കെ. രാജൻ ചൂണ്ടിക്കാട്ടുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/FVdWBsThL3C1b0rAU59Sge
