
തിരുവനന്തപുരം: മെഡിസെപ് പദ്ധതിയിൽ എമ്പാനൽ ചെയ്യാത്ത ആശുപത്രികളിലും അടിയന്തരഘട്ടത്തിൽ ചികിത്സ ലഭിക്കുമെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ .253 സ്വകാര്യ ആശുപത്രികളും 143 സർക്കാർ ആശുപത്രികളും ഉൾപ്പെടെ 396 ആശുപ്രതികളെയാണ് പദ്ധതിയുടെ ആരംഭഘട്ടത്തിൽ ഓറിയന്റൽ ഇൻഷുറൻസ് കമ്പനി എമ്പാനൽ ചെയ്തിട്ടുള്ളത്. കുറച്ചുകൂടി സ്വകാര്യ ആശുപത്രികൾ എമ്പാനൽ ചെയ്യപ്പെടാനുണ്ട്. അതിനായുള്ള ചർച്ചകൾ വിജയകരമായി പുരോഗമിക്കുകയാണെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. രമേശ് ചെന്നിത്തലയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകുകയായിരുന്നു. അദ്ദേഹം.

പദ്ധതി പ്രകാരം എമ്പാനൽ ചെയ്യപ്പെട്ട സ്വകാര്യ ആശുപത്രികളിൽ മാത്രമേ പരിരക്ഷ ലഭിക്കൂ. എങ്കിലും അപകടം ഉൾപ്പെടെ ജീവന് ഭീഷണിയുള്ള അടിയന്തര സാഹചര്യങ്ങളിൽ എമ്പാനൽ ചെയ്യാത്ത ആശുപത്രികളിലെ ചികിത്സയ്ക്കും പദ്ധതിയുടെ കീഴിൽ പരിരക്ഷ ലഭിക്കും.എമ്പാനൽ ചെയ്യപ്പെട്ട ആശുപത്രികളിൽ നിലവിൽ അനുഭവപ്പെടുന്ന പ്രശ്നങ്ങൾ ബാലാരിഷ്ടത മാത്രമാണെന്നും മന്ത്രി പറഞ്ഞു. പദ്ധതിപ്രകാരം ആദ്യമായി ആനുകൂല്യം ലഭിച്ചത് പെൻഷനറായ കെ.പി.ചന്ദ്രനാണ്. എറണാകുളത്തെ ശ്രീനാരായണ മെഡിക്കൽ കോളജിലാണ് ഇദ്ദേഹത്തിന് 1,02,800 രൂപയുടെ ചികിത്സ ലഭിച്ചത്. ജീവനക്കാരിൽ ഇത്തരത്തിൽ ആനുകൂല്യം ലഭിച്ച ആദ്യത്തെയാൾ ഇടുക്കി ജില്ലയിലെ നിസാമോൾ ടി. റഹിം ആണ്. പദ്ധതി ആരംഭിച്ച് കഴിഞ്ഞ ഒന്നു മുതൽ ഇതുവരെ മെഡിസെപ്പിൽ 902 പേർക്ക് ഗുണഫലം ലഭിച്ചു. ഏകദേശം 1,89,56,000 രൂപയിലധികം ക്ലെയിം നൽകിക്കഴിഞ്ഞു.

വാർഷിക പ്രീമിയം ഇനത്തിൽ അംഗങ്ങളിൽനിന്ന് ജി.എസ്.ടി. ഉൾപ്പെടെ 6000 രൂപയാണ് ഈടാക്കുന്നത്. ഇതിൽ നിന്ന് ഇൻഷുറൻസ് കമ്പനിക്ക് പ്രീമിയം ഇനത്തിൽ 5664 രൂപയാണു നൽകുന്നത്. പദ്ധതിയിൽ ബാക്കിവരുന്ന ഏകദേശം 40 കോടിയോളം രൂപ അഡീഷണൽ ബെനഫീറ്റ് പാക്കേജ് എന്ന തരത്തിൽ പന്ത്രണ്ട് മാരക രോഗങ്ങൾക്കും അവയവമാറ്റ ശസ്ത്രക്രിയയ്ക്കും വേണ്ടി കോർപ്പസ് ഫ ണ്ട് രൂപീകരിച്ച് അതിൽനിന്നു സാമ്പത്തിക സഹായം ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/EpnPTjGwey02N3SsMdYYJH
